ന്യൂദല്‍ഹി: കെ റെയില്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതിക, സാമ്പത്തിക കാര്യങ്ങള്‍ പരിഗണിച്ച് അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം വേണം. 33,700 കോടി രൂപ വായ്പാ ബാധ്യത എന്നതും പരിശോധിക്കേണ്ടതുണ്ടെന്നും മറുപടിയില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. നിരവധി പ്രതിസന്ധികള്‍ ഇപ്പോഴുമുണ്ടെന്നും കെ റെയില്‍ ഒരു സങ്കീര്‍ണായ പദ്ധതിയാണെന്നും അദ്ദേഹം അറിയിച്ചു.
നിലവിലെ ഡി.പി.ആര്‍ അപൂര്‍ണമെന്നും പാര്‍ലമെന്റില്‍ റെയില്‍വേ മന്ത്രി അടൂര്‍ പ്രകാശ് എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കി.
പദ്ധതിയുടെ അലൈന്മെന്റ് വേണ്ടി വരുന്ന റെയില്‍വേ സ്വകാര്യ ഭൂമി, നിലവിലെ റെയില്‍വേ ലൈനില്‍ വരുന്ന ക്രോസിങ്ങുകള്‍, ബാധിക്കുന്ന റെയില്‍വേ വസ്തു വകകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരള റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.