Entertainment
അണ്ണന്‍ തമ്പിയിലും ചട്ടമ്പിനാടിലും അഭിനയിക്കുന്ന സമയത്ത് എനിക്ക് ആ നടന്റെ മുഖത്ത് നോക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു: റായ് ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 12, 03:38 pm
Wednesday, 12th June 2024, 9:08 pm

റോക്ക് ആന്‍ഡ് റോള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് റായ് ലക്ഷ്മി. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും റായ് ലക്ഷ്മി ഭാഗമായിട്ടുണ്ട്. നീണ്ട ഇടവേളക്ക് ശേഷം ഡി.എന്‍.എ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് റായ് ലക്ഷ്മി.

അണ്ണന്‍ തമ്പി, ചട്ടമ്പിനാട് എന്നീ സിനിമകളില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം താരം പങ്കുവെച്ചു. സെറ്റില്‍ മുഴുവന്‍ തമാശയും കളികളുമൊക്കെയായി നടക്കുന്നയാളാണ് സുരാജെന്നും ഷോട്ടിന്റെ സമയത്ത് ഓരോ എക്‌സ്പ്രഷന്‍ ഇടുന്നത് കാരണം സുരാജിന്റെ മുഖത്ത് നോക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും റായ് ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘സുരാജുമായിട്ട് അഭിനയിക്കുന്നതൊക്കെ വളരെ നല്ല അനുഭവമാണ്. ചട്ടമ്പിനാടിലും അണ്ണന്‍ തമ്പിയിലും സുരാജിന്റെ കൂടെ രണ്ടുമൂന്ന് കോമഡി സീനില്‍ അഭിനയിച്ചിട്ടുണ്ട്. പുള്ളി സെറ്റില്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഷൂട്ടിന്റെ സമയത്തും. എല്ലാവരുമായിട്ടും തമാശയൊക്കെ പറഞ്ഞ് കളിച്ച് ചിരിച്ചൊക്കെ വളരെ ഫണ്ണിയായിട്ടാണ് പെരുമാറുക.

കോമഡി സീനൊക്കെ ചെയ്യുന്ന സമയത്ത് സുരാജ് ഇടുന്ന എക്‌സ്പ്രഷന്‍ കണ്ടാല്‍ നമുക്ക് താനേ ചിരി വരും. മര്യാദക്ക് ടേക്ക് എടുക്കാന്‍ പറ്റില്ല. അണ്ണന്‍ തമ്പിയിലും ചട്ടമ്പിനാടിലും സുരാജിന്റെ കൂടെയുള്ള കോമ്പിനേഷന്‍ സീനുകളില്‍ എനിക്ക് പുള്ളിയുടെ മുഖത്ത് നോക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഷോട്ടിന്റെ സമയത്ത് ഞാന്‍ വേറെ എങ്ങോട്ടെങ്കിലും നോക്കി നില്‍ക്കുകയാണ് ചെയ്യാറുള്ളത്,’ റായ് ലക്ഷ്മി പറഞ്ഞു.

Content Highlight: Rai Lakshmi about the shooting experience with Suraj Venjaramoodu in Annan Thambi and Chattambinadu