ന്യൂദല്‍ഹി: വീണ്ടും നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം മോദിയെ രാജ്യത്തെ കമ്പനികള്‍ സ്വകാര്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം വെള്ളിയാഴ്ചയും കേന്ദ്രത്തെയും മോദിയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തി. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനു തന്നെ ഒരു ധാരണയുമില്ല. നിലവിലെ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ അവര്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ മോഷ്ടിക്കുമെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
‘ഗ്രാമീണ ഇന്ത്യ കടുത്ത ദുരിതത്തിലാണ്. സാമ്പദ് വ്യവസ്ഥ കൂപ്പുകുത്തി. സര്‍ക്കാരിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. നിലവിലെ പ്രതിസന്ധികള്‍ മറികടക്കുന്നതിനായി പ്രധാനമന്ത്രിയും ധനമന്ത്രിയും കൂടി കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ നിന്നും ആശയങ്ങള്‍ മോഷ്ടിക്കും’. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ജൂണ്‍ 30തിന് ആദ്യപാദം അവസാനിച്ചപ്പോള്‍ ജി.ഡി.പിയില്‍ അഞ്ചു ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ആറു വര്‍ഷത്തിലധികമുള്ള കണക്ക് നോക്കിയാല്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്. ഓട്ടോമൊബൈല്‍സ് അടക്കമുള്ള പല മേഖലകളും നശിച്ചു കൊണ്ടിരിക്കുകയാണ്.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി നിരവധി പൊതു മേഖലാ ബാങ്കുകളെ ലയിപ്പിക്കുക, കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുക തുടങ്ങി നിരവധി പരിഷ്‌കാരങ്ങള്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഒന്നും നേരെയായിരുന്നില്ല.
രാജ്യത്തിന്റെ സാമ്പത്തിക ശോഷണത്തിന്റെ പേരില്‍ കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും കേന്ദ്രത്തെ കണിശമായി വിമര്‍ശിക്കുന്നുണ്ട്. ദാരുണമായ സാമ്പത്തിക മാന്ദ്യമുണ്ടായതു കൊണ്ടാണ് അഞ്ചു ട്രില്യണ്‍ സമ്പദ് വ്യവസ്ഥയില്‍ രാജ്യത്തിന് എത്താന്‍ സാധിക്കാത്തതെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു.
മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസ് പ്രചാരണം ചെയ്യുന്ന രാഹുലിന്റെ പ്രധാന പ്രചരണായുധങ്ങളിലൊന്ന് സാമ്പത്തിക മാന്ദ്യമാണ്. പരസ്പര സഹകരണത്തോടെയുള്ള മുതലാളിത്തമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു.
‘രാജ്യത്തെ പൊതുമേഖല മൊത്തം മോദി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് വില്‍ക്കുകയാണ്. പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ഇത് നല്‍കുന്നത് ഭയമാണ്. ഈ കൊള്ളക്കെതിരെ അവര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഞാനുണ്ടാവും’. രാഹുല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.
പ്രചാരണങ്ങളില്‍ കടുത്ത വിമര്‍ശനമാണ് രാഹുല്‍ഗാന്ധി ഉന്നയിക്കുന്നത്. മാസങ്ങള്‍ക്ക് ശേഷം രാഹുല്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ എത്തുന്നത് കഴിഞ്ഞ ആഴ്ച മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുത്തു കൊണ്ടാണ്.