അലിഗഡ്: സ്ത്രീകള്‍ തെരഞ്ഞെടുക്കുന്ന ഹിജാബ് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ബഹുമാനിക്കപ്പെടേണ്ടതാണെന്നും ഒരാള്‍ എന്ത് ധരിക്കണമെന്ന് മറ്റൊരാള്‍ നിര്‍ദേശിക്കരുതെന്നും രാഹുല്‍ ഗാന്ധി തിങ്കളാഴ്ച പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
സംവാദത്തിനിടെ, കര്‍ണാടകയില്‍ അടുത്തിടെ നടന്ന ഹിജാബ് വിവാദത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി പരാമര്‍ശിക്കുകയും താങ്കള്‍ പ്രധാനമന്ത്രിയാണെങ്കില്‍ ഈ വിഷയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താകുമെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനോട് ചോദിക്കുകയും ചെയ്തു.
‘ഒരു സ്ത്രീ എന്ത് ധരിക്കണം എന്നത് അവളുടെ താത്പര്യമാണ്. അതിന് അവളെ അനുവദിക്കണം. ഇതാണ് എന്റെ അഭിപ്രായം. നിങ്ങള്‍ എന്ത് ധരിക്കണം എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. എന്ത് ധരിക്കണം എന്നത് നിങ്ങളുടെ തീരുമാനമാണ്. നിങ്ങള്‍ എന്ത് ധരിക്കണമെന്ന് മറ്റാരും തീരുമാനിക്കണമെന്ന് ഞാന്‍ കരുതുന്നില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു. അതിന് ശേഷം രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ നടത്തുന്ന ആദ്യ പരാമര്‍ശമാണിത്. 2022-ല്‍ വിവാദം സൃഷ്ടിച്ച വിഷയത്തെക്കുറിച്ച് ഇതോടെ വീണ്ടും ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണ്
2022 ജനുവരിയില്‍ കര്‍ണാടകയിലെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ ചില മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിച്ചതിന്റെ പേരില്‍ കോളേജിന്റെ യൂണിഫോം നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിച്ചതോടെയാണ് പ്രശ്നം പൊട്ടിപ്പുറപ്പെട്ടത്. സംഭവം സംസ്ഥാനത്തുടനീളം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. അത്തരം നിയമങ്ങള്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കി, ഈ ക്രമീകരണങ്ങളില്‍ ഹിജാബ് ധരിക്കുന്നത് ഫലപ്രദമായി നിരോധിച്ചുകൊണ്ട് അന്നത്തെ ബിജെപി സര്‍ക്കാര്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. 2022 മാര്‍ച്ച് 15-ന് കര്‍ണാടക ഹൈക്കോടതി നിരോധനം ശരിവയ്ക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം റദ്ദാക്കാന്‍ വിസമ്മതിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹരജികളില്‍ 2022 ഒക്ടോബറില്‍ സുപ്രീം കോടതി അനുകൂലമായി വിധി പ്രസ്താവിച്ചു. പിന്നീട് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിച്ച ഉത്തരവ് പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Content Highlight: Rahul Gandhi’s statement on Hijab issue