അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട് രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തു, ജെ.പി.സി അന്വേഷണം വേണം: രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനും അദാനിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജി 20 യോഗം നടക്കാനിരിക്കെ അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട് രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന് അദ്ദേഹം വിമര്‍ശിച്ചു. മോദിയും അദാനിയും തമ്മിലുള്ള ബന്ധമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്നും അദാനി ഗ്രൂപ്പിനെതിരെ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം (ജെ.പി.സി) പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിക്കെതിരെ അന്വേഷത്തിന് തയ്യാറാക്കാത്തത്. ജി 20 നേതാക്കള്‍ രാജ്യത്തേക്ക് വരുകയാണ്. അവര്‍ നമ്മുടെ അതിഥികളാണ്, അവര്‍ ഇക്കാര്യം ചോദിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കണം. ജെ.പി.സിയെ കൊണ്ട് അന്വേഷിക്കണം, പ്രധാനമന്ത്രി അന്വേഷണത്തിന് മുതിരുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസിലുള്ള ചില വ്യാജ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനിയില്‍ രഹസ്യ നിക്ഷേപം നടത്തിയെന്ന റിപ്പോര്‍ട്ട് ഇന്നായിരുന്നു പുറത്ത് വന്നത്. ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് (ഒ.സി.സി.ആര്‍.പി) ആണ് അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രഹസ്യ നിക്ഷേപം നടത്തിയതില്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയുടെ പങ്കും റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്. 2013 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് ഇത്തരത്തില്‍ നിക്ഷേപം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
നിഴല്‍ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടത്തിയെന്നുമാണ് ഒ.സി.സി.ആര്‍.പി പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്.
അദാനി കുടുംബവുമായി ദീര്‍ഘകാല ബിസിനസ് ബന്ധമുള്ള തായ്വാന്‍ സ്വദേശി ചാങ് ചുങ് ലിങ്, യു.എ.ഇ സ്വദേശി നാസര്‍ അലി ഷഹബാന്‍ അലി എന്നിവരാണ് 2013-18 കാലയളവില്‍ രഹസ്യ നിക്ഷേപം നടത്തിയ വിദേശികള്‍. ഇവര്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുമായി ബന്ധമുള്ള കമ്പനികളില്‍ ഡയറക്ടര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവരാണ്.
ഇവരുടെ ഓഹരി വിഹിതം കൂടി പരിഗണിച്ചാല്‍, പ്രൊമോട്ടര്‍മാര്‍ ലിസ്റ്റഡ് കമ്പനികളുടെ 75 ശതമാനത്തിലധികം ഓഹരികള്‍ കൈവശം വയ്ക്കരുതെന്ന നിയമം അദാനി ഗ്രൂപ്പ് ലംഘിച്ചതായും സംഘടന പറയുന്നു.
Content Highlights: Rahul gandhi criticise adani group