Cricket
എന്റെ ഏരിയയിൽ ബോൾ വന്നാൽ എല്ലാവരെയും ഞാൻ അടിക്കും: ഇന്ത്യൻ ബൗളർമാർക്ക് മുന്നറിയിപ്പുമായി അഫ്ഗാൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 20, 10:02 am
Thursday, 20th June 2024, 3:32 pm

സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ നേരിടുന്നതിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് അഫ്ഗാന്‍ തുടങ്ങിയത്.

ഉഗാണ്ട, പാപ്പുവാ ന്യൂ ഗ്വിനിയ ന്യൂസിലാന്‍ഡ് എന്നീ ടീമുകളെയാണ് അഫ്ഗാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ അവസാന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് അവസാന മത്സരത്തില്‍ റാഷിദ് ഖാനും കൂട്ടരും പരാജയപ്പെട്ടിരുന്നു.

മറുഭാഗത്ത് ഇന്ത്യ തോല്‍വി അറിയാതെയാണ് സൂപ്പര്‍ എട്ടിലേക്ക് എത്തിയത്. അയര്‍ലാന്‍ഡ്, പാകിസ്ഥാന്‍, യു.എസ്.എ എന്നിവരെ ഇന്ത്യ പരാജയപ്പെടുത്തിയപ്പോള്‍ കാനഡയ്‌ക്കെതിരെയുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.

കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ ഈ മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ബൗളര്‍മാരെ നേരിടുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അഫ്ഗാന്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസ്.

മത്സരത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ മാത്രമല്ല എല്ലാം ബൗളര്‍മാരിലും ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് ഗുര്‍ബാസ് പറഞ്ഞത്. മത്സരത്തിനു മുന്നോടിയായി ഐ.സി.സി ഞങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഫ്ഗാന്‍ താരം ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ എന്റെ ലക്ഷ്യം ബുംറ മാത്രമല്ല ഞാന്‍ എല്ലാ ഇന്ത്യന്‍ ബൗളര്‍മാരെയും ടാര്‍ഗറ്റ് ചെയ്യാന്‍ നോക്കും. കാരണം ഇന്ത്യയ്ക്ക് അഞ്ച് ബൗളര്‍മാര്‍ ഉണ്ട് അവരെ എങ്ങനെ നേരിടണം അവരെയെല്ലാം എനിക്ക് നേരിടണം. ഇത് ബുംറക്കെതിരായുള്ള പോരാട്ടം മാത്രമല്ല എല്ലാവരെയും എനിക്ക് നേരിടണം. ബൗളന്മാര്‍ എന്റെ ഏരിയയില്‍ ബൗള്‍ ചെയ്താല്‍ ഞാന്‍ അവരെ അടിക്കും,’ ഗുര്‍ബാസ് പറഞ്ഞു.

ഈ ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് റഹ്‌മാനുള്ള ഗുര്‍ബാസ് നടത്തിക്കൊണ്ടിരിക്കുന്നത്. നാല് ഇന്നിങ്‌സുകളില്‍ നിന്നും 167 റണ്‍സാണ് ഇതിനോടകം തന്നെ താരം നേടിയിട്ടുള്ളത്.

Content Highlight: Rahmanullah Gurbaz talks About Facing Indian Bowlers