21 വയസുള്ള പീക്കിരിച്ചെക്കന്‍, നിന്റെ സിനിമ ഞാന്‍ ചെയ്യില്ലെടാ എന്ന് പറഞ്ഞ് ഒഴിവാക്കി, എന്നാല്‍ ഇങ്ങനെയും സിനിമ എടുക്കാം എന്നവന്‍ കാണിച്ചുതന്നു: റഹ്‌മാന്‍
Film News
21 വയസുള്ള പീക്കിരിച്ചെക്കന്‍, നിന്റെ സിനിമ ഞാന്‍ ചെയ്യില്ലെടാ എന്ന് പറഞ്ഞ് ഒഴിവാക്കി, എന്നാല്‍ ഇങ്ങനെയും സിനിമ എടുക്കാം എന്നവന്‍ കാണിച്ചുതന്നു: റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th December 2022, 11:51 pm

റഹ്‌മാനെ നായകനാക്കി കാര്‍ത്തിക്ക് നരേന്‍ സംവിധാനം ചെയ്ത ചിത്രമാണ് ധ്രുവങ്ങള്‍ 16. വലിയ ഹിറ്റായ ചിത്രത്തില്‍ ആദ്യം അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നു എന്ന് പറയുകയാണ് റഹ്‌മാന്‍. പലതവണ ഒഴിവാക്കി വിടാന്‍ ശ്രമിച്ചിട്ടും കാര്‍ത്തിക് പോയില്ലെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ റഹ്‌മാന്‍ പറഞ്ഞു.

‘നിന്റെ സിനിമ ഞാന്‍ ചെയ്യില്ലെടാ എന്ന് പറഞ്ഞ് ഒഴിവാക്കിയതാണ്. വേറൊരു പടത്തില്‍ പൊലീസ് വേഷം ചെയ്‌തോണ്ടിരിക്കുമ്പോഴാണ് ഇവനെ കാണുന്നത്. അസിസ്റ്റന്റ് ഡയറക്ടറാണെന്നാണ് ഞാന്‍ വിചാരിച്ചത്. ഇത്തിരിപ്പോന്ന ചെക്കനാണ്. എന്താ കഥാപാത്രം എന്ന് ഞാന്‍ ചോദിച്ചു. പൊലീസ് ഓഫീസറാണെന്ന് പറഞ്ഞപ്പോള്‍ തന്നെ വേണ്ടെന്ന് പറഞ്ഞു. ചെറിയ ഏതെങ്കിലും പ്രൊഡക്ഷന്‍ ടീമായിരിക്കുമെന്ന് പറഞ്ഞ് ഞാന്‍ അവനെ അവഗണിച്ചു. അവന്‍ പാക്കപ്പ് പറയുന്നത് വരെ കാരവാന്റെ അടുത്ത് നിന്നു.

പിന്നേയും സംസാരിച്ചപ്പോള്‍ ഇതിന് മുമ്പ് സിനിമ ചെയ്തിട്ടുണ്ടോയെന്ന് ചോദിച്ചു. ഷോട്ട് ഫിലിം ചെയ്തിട്ടുണ്ട്. ഷോട്ട് ഫിലിം എടുത്താല്‍ നിനക്ക് സിനിമ ചെയ്യാന്‍ അറിയാമോ എന്ന് ചോദിച്ചു. എന്റെ മകളുടെ പ്രായമേ ഉള്ളൂ, 21 വയസ്.

അതുകഴിഞ്ഞും ഇടക്കിടക്ക് എന്നെ കാണാന്‍ വരാന്‍ തുടങ്ങി. വീട്ടിലൊക്കെ വരും. കഥ കേട്ടിട്ട് എനിക്ക് വലിയ ഇമ്പ്രസ് ഒന്നുമായില്ല. കൂടെ വരുന്ന അസിസ്റ്റന്റ് ഡയറക്ടേഴ്‌സൊക്കെ ഇവന്റെ അതേ പ്രായമുള്ള പിള്ളാരാണ്. എനിക്കൊരു കുട്ടിക്കളി പോലെയാണ് തോന്നിയത്. നീ എന്തിനാ എന്നെ വെച്ച് റിസ്‌ക്ക് എടുക്കുന്നത്, സൂര്യയെയോ അജിത്തിനേയോ വെച്ച് ചെയ്യുകയാണെങ്കില്‍ രക്ഷപ്പെടില്ലേ എന്ന് ചോദിച്ചു. അവരുടെ തലയിലേക്ക് വിടാന്‍ നോക്കിയതാ. ഇല്ല സാര്‍, ഇന്ത ക്യാരക്ടര്‍ നീങ്ക താന്‍ സെയ്യണം, നീങ്ക ഇല്ലേനാ നാന്‍ ഇന്ത പടമേ സെയ്യമാട്ടെ എന്ന് പറഞ്ഞു.

രണ്ടുമൂന്ന് മാസം കഴിഞ്ഞ് അതിന്റെ എഡിറ്റര്‍, ക്യാമറമാന്‍, കളറിസ്റ്റുമൊക്കെയായി അവന്‍ വന്നു. ഓരോ ചോദ്യം ചോദിക്കുമ്പോഴും പലരും ഉത്തരം പറയും. എല്ലാവരും പഠിച്ച് വന്നിരിക്കുകയാണ്. ലാപ്‌ടോപ്പ് തുറന്ന് ഓരോ സീനും എങ്ങനെയാണ് ചെയ്യുന്നതെന്ന് കാണിച്ചുതന്നു. ഹോളിവുഡ് സ്‌റ്റൈലാണ്. ഇങ്ങനെയൊന്നും നമ്മള്‍ കേട്ടിട്ടില്ല. അതൊക്കെ കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടു. പക്ഷേ ഒന്ന് കണ്ണടച്ച് തുറക്കുമ്പോള്‍ 21 വയസുള്ള പീക്കിരി ചെക്കന്‍.

സംവിധാനം എന്ന് പറയുമ്പോള്‍ പലതുമുണ്ട്. ഓരോ ആര്‍ട്ടിസ്റ്റും വരേണ്ടത് എങ്ങനെയാണ്, ബോറടിപ്പിക്കാതെ എങ്ങനെ ചെയ്യാം എന്നൊക്കെ. ഫിസിക്കല്‍ എക്‌സ്പീരിയന്‍സ് വേണം. വെറുതെ ഇരുന്ന് അവിടെ ഒരു ഷോട്ട് ഇവിടെ ഒരു ഷോട്ട് എന്ന് പറയുന്നതല്ല സിനിമ. ഇതൊക്കെ പറഞ്ഞപ്പോള്‍ പിന്നെ ചെയ്യാമെന്ന് പറഞ്ഞു,’ റഹ്‌മാന്‍ പറഞ്ഞു.

Content Highlight: rahman about druvangal 16 movie and karthik narain