2006ല്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു ഈ സിനിമ പറഞ്ഞത്. ജെയിംസ് ആല്‍ബര്‍ട്ട് കഥയും തിരക്കഥയും രചിച്ച ക്ലാസ്‌മേറ്റ്‌സ് അന്നത്തെ യുവത്വത്തിന്റെ പള്‍സറിഞ്ഞ് പുറത്തിറങ്ങിയ ചിത്രമായിരുന്നു.
പൃഥ്വിരാജ് സുകുമാരന്‍, കാവ്യ മാധവന്‍, രാധിക, നരേന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജയസൂര്യ തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ സിനിമക്കായി ഒന്നിച്ചിരുന്നു. ചിത്രത്തിലെ രാധികയുടെ റസിയ എന്ന കഥാപാത്രം ഇന്നും പലര്‍ക്കും പ്രിയപ്പെട്ട ഒരു കഥാപാത്രമാണ്.
ഇപ്പോള്‍ മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ ക്ലാസ്‌മേറ്റ്‌സ് സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുകയാണ് രാധിക. പൃഥ്വിരാജിന്റെ കഴുത്തില്‍ കമ്പിക്കൊണ്ട് വലിച്ചു മുറുക്കുന്ന സീന്‍ ചെയ്യുമ്പോള്‍ തനിക്ക് വലിയ പേടിയായിരുന്നു എന്നാണ് നടി പറയുന്നത്.
‘ക്ലാസ്‌മേറ്റ്‌സ് സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാനും പൃഥിയും മാത്രമായിരുന്നു ആ സീനിലുണ്ടായിരുന്നത്. അതും മിഡ്‌നൈറ്റിലാണ് ഷൂട്ട് ചെയ്തത്. ഒരു മണി രണ്ടു മണി രാത്രി സമയത്ത് ഷൂട്ടിങ് നടക്കുമ്പോള്‍ ആ ലൊക്കേഷനില്‍ എല്ലാവരും ഉണ്ടായിരുന്നു.
ജയേട്ടനും ഇന്ദ്രനേട്ടനുമൊക്കെ ഉണ്ടായിരുന്നു. കാവ്യയൊഴിച്ച് ബാക്കി എല്ലാ ആര്‍ട്ടിസ്റ്റുകളും ആ സമയത്ത് അവിടെയുണ്ടായിരുന്നു. അന്ന് ആ സീനെടുക്കുമ്പോഴും ഓരോ ഷോട്ട് എടുക്കുമ്പോഴും അതിന്റെ കമന്റ് നമുക്ക് കിട്ടുന്നുണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന എല്ലാവരും അതിനകത്ത് കമന്റ്‌സ് പറയുന്നുണ്ടായിരുന്നു.
ഭക്ഷണം കൊണ്ടുവരുന്ന ചേട്ടനായാലും ലൈറ്റ് നോക്കിക്കൊണ്ടിരുന്ന ചേട്ടനായാലും ഓരോ ഷോട്ടിനും ക്ലാപ്‌സുണ്ടായിരുന്നു. ഒന്നുകൂടി എടുക്കാമെന്ന സജഷനുണ്ടായിരുന്നു. അങ്ങനത്തെ നല്ല മൂവ്‌മെന്റ്‌സില്‍ കൂടിയാണ് ആ ഫുള്‍ ക്ലൈമാക്സ് ഷൂട്ടിങ് നടന്നത്. അതൊരിക്കലും എന്റെ ലൈഫില്‍ ഞാന്‍ മറക്കില്ല.
പിന്നെ പൃഥ്വിയെ കഴുത്തില്‍ കമ്പിക്കൊണ്ട് വലിച്ചു മുറുക്കുന്ന സീനൊക്കെ സത്യത്തില്‍ എനിക്ക് വലിയ പേടിയായിരുന്നു. അങ്ങനെയുള്ള പേടി തോന്നുന്ന ഷോട്ടുകളൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ അവിടെ ഉണ്ടായിരുന്ന ആളുകള്‍ തന്നിരുന്ന കോണ്‍ഫിഡന്‍സും എനര്‍ജിയും ഞാന്‍ മറക്കില്ല,’ രാധിക പറഞ്ഞു.
Content Highlight: Radhika Talks About Climax Scene In Classmates Movie With Prithviraj Sukumaran