വിശ്വസിച്ചാലും ഇല്ലെങ്കിലും; ആദ്യ 35ല്‍ ഗില്ലിനെക്കാളും റണ്ണടിച്ചത് അശ്വിനാണ്
Sports News
വിശ്വസിച്ചാലും ഇല്ലെങ്കിലും; ആദ്യ 35ല്‍ ഗില്ലിനെക്കാളും റണ്ണടിച്ചത് അശ്വിനാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 31st December 2023, 11:29 am

 

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്നിങ്സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യയുടെ ബാറ്റിങ് യൂണിറ്റിന്റെ പരാജയമാണ് മത്സരത്തില്‍ ഇന്ത്യക്ക് വിനയായത്.

ഇന്ത്യ ഏറെ പ്രതീക്ഷവെച്ച യുവതാരങ്ങള്‍ പാടെ നിരാശപ്പെടുത്തി. ശുഭ്മന്‍ ഗില്‍ തന്നെയാണ് അതില്‍ പ്രധാനി. ആദ്യ ടെസ്റ്റില്‍ 12 പന്ത് നേരിട്ട് രണ്ട് റണ്‍സ് മാത്രം നേടിയ ഗില്‍ രണ്ടാം മത്സരത്തില്‍ 37 പന്തില്‍ 26 റണ്‍സും നേടിയാണ് മടങ്ങിയത്.

 

ഇതോടെ ഗില്‍ ടെസ്റ്റില്‍ 35 ഇന്നിങ്‌സുകള്‍ പിന്നിട്ടിരിക്കുകയാണ്. 35 ഇന്നിങ്‌സില്‍ നിന്നും 31.06 ശരാശരിയിലും 58.92 സ്‌ട്രൈക്ക് റേറ്റിലും 994 റണ്‍സാണ് ഗില്‍ നേടിയത്. രണ്ട് സെഞ്ച്വറിയും നാല് സെഞ്ച്വറിയും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ തന്റെ പേരില്‍ കുറിച്ച ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍ 128 ആണ്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ആദ്യ 35 ഇന്നിങ്‌സിന് ശേഷം ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന് ഗില്ലിനേക്കാള്‍ കൂടുതല്‍ റണ്‍സ് ഉണ്ട് എന്ന അമ്പരപ്പിക്കുന്ന വസ്തുതയാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളിലെ ചര്‍ച്ചാ വിഷയം.

ആദ്യ 35 ഇന്നിങ്‌സ് പിന്നിടുമ്പോള്‍ ഗില്ലിനേക്കാള്‍ 12 റണ്‍സ് അശ്വിന്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അധികം നേടിയിട്ടുണ്ട്. 1,006 റണ്‍സാണ് ആദ്യ 35 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്നും അശ്വിന്‍ സ്വന്തമാക്കിയത്.

നിലവില്‍ 95 മത്സരത്തിലെ 134 ഇന്നിങ്‌സില്‍ നിന്നും 26.83 ശരാശരിയില്‍ 3,193 റണ്‍സാണ് അശ്വിന്റെ പേരിലുള്ളത്. അഞ്ച് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയുമാണ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അശ്വിന്‍ സ്വന്തമാക്കിയത്.

വിരാടിന് ശേഷം ആര് എന്ന ചോദ്യത്തിന് ആരാധകര്‍ ഉയര്‍ത്തിക്കാട്ടിയ താരമായ ശുഭ്മന്‍ ഗില്ലിന്റെ പ്രതീക്ഷക്കൊത്ത് ഉയരാത്ത പ്രകടനത്തില്‍ ആരാധകരും നിരാശരാണ്. ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ബേബി ഗോട്ട് തിരിച്ചുവരുമെന്നും ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമാകുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

ജനുവരി മൂന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം. കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ നടക്കുന്ന മത്സരം എന്ത് വിലകൊടുത്തും വിജയിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യക്ക് രണ്ടാം മത്സരം തോല്‍ക്കാതെ രക്ഷപ്പെടുക എന്ന ഒറ്റ ലക്ഷ്യമാകും ഉണ്ടാവുക.

 

 

Content highlight: R Ashwin scored more runs than Shubman Gill after first 35 test innings