പ്രതിഭയാണ്, പ്രതിഭാസമാണ്... എവിടുന്ന് പഠിച്ചു കുഞ്ഞേ ഇതെല്ലാം; കാരിയെ പിന്തുണച്ച് അശ്വിന്‍
THE ASHES
പ്രതിഭയാണ്, പ്രതിഭാസമാണ്... എവിടുന്ന് പഠിച്ചു കുഞ്ഞേ ഇതെല്ലാം; കാരിയെ പിന്തുണച്ച് അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd July 2023, 4:41 pm

ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഓസീസ് വെന്നിക്കൊടി പാറിച്ചിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഓസ്‌ട്രേലിയ 2-0ന് മുമ്പിലാണ്.

അവസാന ദിവസം ഏറെ ചര്‍ച്ചയായത് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോയുടെ ഡിസ്മിസ്സലായിരുന്നു. കാമറൂണ്‍ ഗ്രീനിന്റെ പന്തില്‍ സ്റ്റംപ്ഡ് ആയാണ് താരം പുറത്തായത്. ഏറെ വിവാദങ്ങളാണ് ഇതിന് പിന്നാലെ ഉടലെടുത്തത്.

കമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 52ാം ഓവറിലെ അവസാന പന്ത് ലീവ് ചെയ്ത ബെയര്‍‌സ്റ്റോ ഓവറുകള്‍ക്കിടയിലെ ഡിസ്‌കഷനായി ക്രീസ് വിട്ടിറങ്ങിയിരുന്നു. എന്നാല്‍ കൃത്യസമയത്ത് അലക്‌സ് കാരി മികച്ച ത്രോയിലൂടെ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബെയര്‍‌സ്റ്റോക്ക് തിരിച്ചുനടക്കേണ്ടി വന്നു.

നിരവധി വിമര്‍ശനങ്ങളാണ് ഇതിന് പിന്നാലെ ഓസ്‌ട്രേലിയക്കും അലക്‌സ് കാരിക്കും നേരിടേണ്ടി വന്നത്. വിജയിക്കാന്‍ വേണ്ടി എന്ത് കളിയും ഓസീസ് കളിക്കുമെന്നും ഇവരില്‍ നിന്നും ക്രിക്കറ്റിന്റെ എതിക്‌സ് പ്രതീക്ഷിക്കേണ്ടതില്ലെന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

എന്നാല്‍ സംഭവത്തില്‍ അലക്‌സ് കാരിയെ പിന്തുണച്ചെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍. അശ്വിന്‍. കാരി ചെയ്തത് തെറ്റൊന്നുമില്ലെന്നും അവനെ ക്രൂശിക്കുന്നതിന് പകരം അഭിനന്ദിക്കുകയാണ് വേണ്ടതെന്നും അശ്വിന്‍ ട്വീറ്റ് ചെയ്തു.

‘ഒരു കാര്യം നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. ഒരു ബാറ്റര്‍ തുടര്‍ച്ചയായി ക്രീസ് വിടാതെ ഒരു വിക്കറ്റ് കീപ്പറും ഇത്തരത്തിലൊന്നിന് ശ്രമിക്കില്ല. തുടര്‍ച്ചയായി ക്രീസില്‍ നിന്നിറങ്ങുന്ന പാറ്റേണ്‍ വിക്കറ്റ് കീപ്പറോ മറ്റ് താരങ്ങളോ ശ്രദ്ധിച്ചുകാണണം.

ഇത് അനീതിയാണ്, ക്രിക്കറ്റിന്റെ സ്പിരിറ്റിനെ തകര്‍ക്കുന്നതാണ് എന്നൊന്നും പറയാതെ അവന്റെ ക്രിക്കറ്റ് സ്മാര്‍ട്‌നെസ്സിനെ അഭിനന്ദിക്കുകയാണ് വേണ്ടത്,’ അശ്വിന്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ലോര്‍ഡ്‌സില്‍ വെച്ച് നടന്ന മത്സരത്തില്‍ ഓസീസ് 43 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഓസീസ് ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 327 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

2019ന്റെ നേര്‍സാക്ഷ്യമെന്നോണം ബെന്‍ സ്‌റ്റോക്‌സ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. 214 പന്തില്‍ നിന്നും 155 റണ്‍സ് നേടിയ സ്റ്റോക്‌സ് മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളും അസ്തമിച്ചിരുന്നു.

ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ വിജയിക്കുകയോ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും സമനിലയില്‍ കലാശിക്കുകയോ ചെയ്താല്‍ ഓസ്‌ട്രേലിയക്ക് ആഷസ് നിലനിര്‍ത്താം. ഇനിയുള്ള മൂന്ന് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന് പരമ്പര നേടാന്‍ സാധിക്കൂ.

 

 

Content highlight: R. Ashwin backs Alex Carry