എല്ലാ ഇസ്രഈലുകാരേയും ഭീകരരോ ഭീകരരുടെ മക്കളോ ആയാണ് എലിസബത്ത് രാജ്ഞി കരുതിയിരുന്നത്: മുന്‍ ഇസ്രഈല്‍ പ്രസിഡന്റ്
World News
എല്ലാ ഇസ്രഈലുകാരേയും ഭീകരരോ ഭീകരരുടെ മക്കളോ ആയാണ് എലിസബത്ത് രാജ്ഞി കരുതിയിരുന്നത്: മുന്‍ ഇസ്രഈല്‍ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th December 2024, 9:30 am

ലണ്ടന്‍: എല്ലാ ഇസ്രഈലുകാരും തീവ്രവാദികളോ അല്ലെങ്കില്‍ തീവ്രവാദികളുടെ മക്കളോ ആണെന്ന് അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് വിശ്വസിച്ചിരുന്നതായി മുന്‍ ഇസ്രഈല്‍ പ്രസിഡന്റ് റ്യൂവന്‍ റിവ്‌ലിന്‍.

ഇസ്രഈലുമായുള്ള അവരുടെ ബന്ധം എപ്പോഴും സങ്കീര്‍ണമായിരുന്നെന്നും അതിനാല്‍ തന്നെ പലപ്പോഴും ഇസ്രഈല്‍ ഉദ്യോഗസ്ഥരെ അവര്‍ ബക്കിങ്ഹാം കൊട്ടാരത്തിനകത്തേക്ക് പ്രവേശിച്ചിപ്പിച്ചിരുന്നില്ലെന്നും റ്യൂവന്‍ പറയുന്നു.

ഡിസംബര്‍ ഒമ്പതിന് ലണ്ടനില്‍ നടന്ന ഹൈഫയിലെ ടെക്നിയോണിന്റെ സ്ഥാപനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചുള്ള ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് റിവ്ലിന്റെ പരാമര്‍ശം. അതേസമയം ചാള്‍സ് മൂന്നാമന്‍ വളരെ സൗമ്യന്‍ ആയിരുന്നെന്നും സൗഹാര്‍ദപരമായാണ് പലപ്പോഴും പെരുമാറിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഇസ്രഈല്‍ പ്രസിഡന്റായിരുന്നു റ്യൂവന്‍. ഇസ്രഈലിന്റെ പത്താമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം.

തന്റെ ഭരണകാലയളവില്‍ എലിസബത്ത് രാജ്ഞി 120ല്‍ അധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും ഒരിക്കല്‍ പോലും ഇസ്രഈല്‍ സന്ദര്‍ശിച്ചിരുന്നില്ല.

അന്താരാഷ്ട്ര പരിപാടികള്‍ക്കിടിയില്‍ അല്ലാതെ ഒരു ഇസ്രഈലി ഉദ്യോഗസ്ഥനെയും രാജ്ഞി കൊട്ടാരത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല. എലിസബത്ത് അന്തരിച്ചപ്പോഴും രാജകുടുംബം ഇസ്രഈലില്‍ നിന്നുള്ള വിദേശ പ്രതിനിധികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

രാജ്ഞിക്ക് ഇസ്രഈലുമായി അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി പലപ്പോഴും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 1940കളില്‍, ഇസ്രഈല്‍ രൂപീകരിക്കുന്നതിന് മുമ്പ്, സയണിസ്റ്റ് സായുധ ഗ്രൂപ്പുകള്‍ ഫലസ്തീനിലെ ബ്രിട്ടീഷ് അധികാരത്തിനെതിരെ നടത്തിയ കലാപത്തെത്തുടര്‍ന്നാണ് എലിസബത്തിന് ഇസ്രഈലിനോട് വിയോജിപ്പ് ഉണ്ടായതെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

1984ല്‍ ജോര്‍ദാന്‍ സന്ദര്‍ശനത്തിനിടെ അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രഈല്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നത് ഭയാനകമാണെന്ന് എലിസബത്ത് രാജ്ഞി ജോര്‍ദാന്റെ ഹുസൈന്‍ രാജാവിന്റെ ഭാര്യയായ നൂറിനോട് പറഞ്ഞിരുന്നു.

അതേസമയം മുന്‍ ഇസ്രഈല്‍ പ്രസിഡന്റ് റിവ്ലിന്റെ അഭിപ്രായങ്ങള്‍ പുറത്ത് വന്നതോടെ കഫിയെ ധരിച്ച രാജ്ഞിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Content Highlight: Queen Elizabeth Thought All Israelis Were Terrorists says Former Israeli President