ആലിംഗനത്തില്‍ തീരുമോ പ്രശ്നങ്ങള്‍ ? ഖത്തര്‍ ഉപരോധം വിജയിച്ചതാര് ?
details
ആലിംഗനത്തില്‍ തീരുമോ പ്രശ്നങ്ങള്‍ ? ഖത്തര്‍ ഉപരോധം വിജയിച്ചതാര് ?
ശ്രിന്‍ഷ രാമകൃഷ്ണന്‍
Thursday, 7th January 2021, 6:53 pm

മൂന്നര വര്‍ഷത്തിനൊടുവില്‍ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തര്‍ അമീറിനെസ്വീകരിക്കാന്‍ അല്‍ ഉല വിമാനത്താവളത്തിലെത്തി. വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും വാഗ്വാധങ്ങള്‍ക്കുമൊടുവില്‍ ഖത്തറിനേര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്.

കൊവിഡ് മാനദണ്ഡമുള്ളതിനാല്‍ കൈകൊടുക്കാനാകില്ലെന്ന അല്‍ജസീറയുടെ കമന്ററി ടെലിവിഷന്‍ സ്‌ക്രീനിലൂടെ ആയിരങ്ങള്‍ കേള്‍ക്കുന്നതിനിടയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വിമാനത്തില്‍ നിന്നിറങ്ങിയ ഖത്തര്‍ അമീറിനെ ആലിംഗനം ചെയ്തു.

ജി.സി.സി സമ്മിറ്റിലേക്ക് ക്ഷണിച്ചു. മൂന്നരവര്‍ഷത്തിലേറെ ഖത്തറിനു മേല്‍ നീണ്ട ഉപരോധത്തിനാണ് സൗദി ആ ആലിംഗനത്തിലൂടെ പര്യവസാനം കുറിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പക്ഷേ ആ ആലിംഗനത്തില്‍ അലിഞ്ഞില്ലാതാവുന്നത് മാത്രമാണോ ഖത്തറും സൗദിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്ന ചോദ്യം ബാക്കിയായി തന്നെ അവശേഷിക്കുന്നുണ്ട്. വര്‍ഷങ്ങളുടെ പഴക്കവും വിദേശനയങ്ങളിലെ പൊരുത്തക്കേടുകളും കൊണ്ട് അസ്വാരസ്യങ്ങള്‍ നിറഞ്ഞത് തന്നെയായിരുന്നു ഖത്തറുമായുള്ള സൗദിയുടെ പ്രശ്‌നങ്ങള്‍.

 എന്താണ് ഖത്തര്‍ ഉപരോധം, ഉപരോധം അവസാനിക്കുന്നുവെന്ന് പറയുമ്പോള്‍ നേട്ടങ്ങളെന്ത് കോട്ടങ്ങളെന്ത്, അമേരിക്കയുടെ താത്പര്യങ്ങള്‍ എവിടെ, സൗദി പിന്നോട്ട് പോയത് എന്തുകൊണ്ട് ?

ജനാധിപത്യത്തെയും ജനകീയ താല്‍പര്യങ്ങളെയും ശത്രു പക്ഷത്ത് കാണുന്ന ഇറാന്‍, സൗദി എന്നീ രണ്ട് ശാക്തിക ചേരികള്‍ തമ്മിലുള്ള പോരാട്ടത്തിലെ നിര്‍ണായക എപ്പിസോഡായാണ് ഖത്തര്‍ പ്രതിസന്ധി വരുന്നത്.

ഇറാന്‍ ചേരിയെ കൂടുതലും നയിക്കുന്നത് ശിയാ വംശീയ, പൗരോഹിത്യ താല്‍പര്യങ്ങളാണെങ്കില്‍ സൗദി-യു.എ.ഇ ചേരിയെ നിയന്ത്രിക്കുന്നത് ഏകാധിപതികളാണ്.
സൗദിയും ഖത്തറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ചരിത്രപരമായി തന്നെ പല മാനങ്ങളുമുണ്ട്. മതപരമായി അല്‍ സഊദ് ഭരണകൂടം സലഫിസ്റ്റ്, വഹാബിസ്റ്റ് ആശയധാരകളോട് ഒട്ടി നിന്നപ്പോള്‍ ഖത്തര്‍ ഭരിക്കുന്ന അല്‍ താനി രാജ കുടുംബം ബ്രദര്‍ഹുഡ്, ഇസ്‌ലാമിസ്റ്റ് ആശയങ്ങളെ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു.

എന്തിനായിരുന്നു ഖത്തര്‍ ഉപരോധം

ഖത്തറും അയല്‍രാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി ഉയര്‍ന്നുവന്ന സംഘര്‍ഷങ്ങളാണ് ഉപരോധത്തിലേക്ക് ചെന്നവസാനിച്ചത്. വിദേശകാര്യ വിഷയങ്ങളില്‍ ഖത്തര്‍ തീര്‍ത്തും സ്വതന്ത്രമായ നയം സ്വീകരിക്കുന്നു എന്നതായിരുന്നു പ്രധാന ആക്ഷേപമായി ഖത്തറിനെതിരെ ഉന്നയിച്ചിരുന്നത്.

2011ല്‍ ആരംഭിക്കുന്ന അറബ് വസന്ത പ്രക്ഷോഭം ജനാധിപത്യത്തിന് ഇടം നല്‍കാതിരുന്ന അറബ് മേഖലയിലെ പല സര്‍ക്കാരുകളെയും ആശങ്കപ്പെടുത്തുകയും ചെയ്തിരുന്നു. ജനാധിപത്യ അനുകൂല പ്രസ്ഥാനങ്ങളെ അല്‍പ്പം ഭയപ്പാടോടുകൂടിതന്നെയാണ് ജി.സി.സി രാജ്യങ്ങള്‍ നോക്കിക്കണ്ടതും.

ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളൊക്കെ പേരിന് പോലും പറയേണ്ട ബാധ്യതയില്ലാത്തവരാണ് ജി.സി.സി രാജ്യങ്ങളിലെ കുടുംബാധിപത്യ ഭരണകൂടങ്ങള്‍ എന്ന വിമര്‍ശനം അവര്‍ എക്കാലത്തും നേരിടുന്നതുമായിരുന്നു.

അറബ് വസന്തത്തില്‍ അടിതെറ്റുമെന്നായ ടുണീഷ്യയിലെയും ഈജിപ്തിലെയും ഭരണാധികാരികള്‍ക്ക് താങ്ങുനല്‍കാന്‍ ജി.സി.സി രാജ്യങ്ങള്‍ ശ്രമിച്ചെങ്കിലും ഖത്തര്‍ പൊതുനയത്തില്‍ നിന്ന് വിട്ടു നിന്ന് പ്രതിപക്ഷവുമായി അടുപ്പമുള്ള മുസ്‌ലിം ബ്രദര്‍ഹുഡ് പോലുള്ള ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കി.

ഖത്തറിലെ അല്‍ ജസീറ പോലുള്ള മാധ്യമങ്ങള്‍ അറബ് വസന്തത്തിന് അനുകൂലമായ വാര്‍ത്തകള്‍ നല്‍കിയതും സൗദി ഉള്‍പ്പെടെയുള്ള ജി.സി.സി രാജ്യങ്ങളുടെ എതിര്‍പ്പിന് ഇടയാക്കുകയും ചെയ്തു.

2012 അറബ് വസന്തത്തിന് പിന്നാലെ ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയുടെ സര്‍ക്കാരിനെ ബഹുജന പ്രക്ഷോഭങ്ങളെയും സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയേയും തുടര്‍ന്ന് 2013ല്‍ ഈജിപ്തിലെ സൈന്യം അട്ടിമറിച്ചിരുന്നു. ബ്രദര്‍ഹുഡ് പിന്തുണയുള്ള സര്‍ക്കാരായിരുന്നു ഇത്.

ഈ അട്ടിമറിക്ക് സൗദിയും യു.എ.ഇയും പിന്തുണ നല്‍കിയിരുന്നു. പക്ഷേ ഖത്തര്‍ ഇതിനെ അപലപിച്ചു. ഇതാകട്ടെ ഈജിപ്തുമായുളള ദോഹയുടെ ബന്ധം വഷളാക്കുകയും ഈജിപ്തിലെ അല്‍ ജസീറയുടെ ഓഫീസ് അടച്ചുപൂട്ടാനും ഇടയാക്കി.

2014ല്‍ സൗദി,യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറില്‍ നിന്ന് അംബാസിഡര്‍മാരെ പിന്‍വലിച്ചു. 1981ലെ ജി.സി.സി രൂപീകരണത്തിന് ശേഷം ആദ്യമായാണ് അയല്‍രാജ്യങ്ങള്‍ തമ്മില്‍ ഇത്രവലിയൊരു വിള്ളല്‍ ബന്ധത്തിലുണ്ടാകുന്നത്. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഖത്തര്‍ ഇടപെടുന്നു എന്നായിരുന്നു ഇവര്‍ ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. പക്ഷേ ഖത്തര്‍ ഈ ആരോപണം നിഷേധിച്ചു.

ഉപരോധത്തിലേക്ക് എത്തിച്ചതെന്ത്?

2017ല്‍ ഖത്തറി ന്യൂസ് ഏജന്‍സിയില്‍ ഇറാനെയും ഇസ്രഈലിനെയും ഹമാസിനെയും ഹിസ്ബുള്ളയേയും പുകഴ്ത്തിയും ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ചുമുള്ള ഖത്തര്‍ അമീറിന്റെ ചില പ്രസ്താവനകള്‍ പ്രത്യക്ഷപ്പെട്ടു. ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്ന് പറഞ്ഞ് ഉടന്‍ ഖത്തര്‍ വൈബ്‌സൈറ്റ് പൂട്ടി. എന്നാല്‍ ഇതെല്ലാം ബോധപൂര്‍വ്വമാണെന്ന് ആരോപിച്ച് സൗദി,യു.എ.ഇ,ബഹ്‌റൈന്‍, ഈജിപ്ത് എന്നീരാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തി. 2017 ജൂണ്‍ അഞ്ചിനായിരുന്നു ഇത്.

പറഞ്ഞകാരണങ്ങള്‍

ഖത്തര്‍ ഇറാനുമായും തുര്‍ക്കിയുമായുള്ള അടുത്ത ബന്ധം അവസാനിപ്പിക്കണം, അല്‍ ജസീറ അടച്ചൂപൂട്ടണം, ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള ഇസ്‌ലാമിസ്റ്റുകള്‍ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കണം – തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. പതിമൂന്നോളം ആവശ്യങ്ങള്‍ ഈ രാഷ്ട്രങ്ങള്‍ ഖത്തറിനുമുന്നില്‍ വെച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം അനുവദിക്കില്ല എന്ന നയമായിരുന്നു ഖത്തര്‍ സ്വീകരിച്ചത്.

ആഴ്ചകള്‍ക്കുള്ളില്‍ ഭീകരതയുടെ പേര് പറഞ്ഞ് ഖത്തറിനെ ആക്രമിച്ച് കീഴടക്കാനായിരുന്നു പദ്ധതിയെന്നും ട്രംപിന്റെ ബന്ധുകൂടിയായ ജാരദ് ക്രൂഷ്‌നറായിരുന്നു സൗദിയുടെ പിടി വള്ളിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പക്ഷേ അന്നത്തെ യു എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് റ്റില്ലേഴ്‌സന്റെ നിര്‍ണായക ഇടപെടലാണ് ഖത്തറിനെതിരയെുള്ള ഈ നീക്കങ്ങള്‍ക്ക് തടസമായത്. മേഖലയിലെ ഏറെ പ്രാധാന്യമുള്ള അമേരിക്കന്‍ സൈനിക താവളമുള്ള ഖത്തറിനെ ആക്രമിച്ച് കീഴടക്കാന്‍ അനുവദിക്കുന്നതിലെ അപകടം ടില്ലേഴ്‌സണ്‍ തുറന്നു പറയുകയായിരുന്നു.

പശ്ചിമേഷ്യയെയും എണ്ണ രാഷ്ട്രീയത്തേയും അടുത്തറിഞ്ഞ റ്റില്ലേഴ്‌സണ്‍ ഉപരോധത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. റ്റില്ലേഴ്‌സണ്‍ ഉപരോധത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ട്രംപിനോട് ഇടപെടാന്‍ ആവശ്യപ്പെട്ടു. പക്ഷേ ആര്‍ക്കും എളുപ്പം പ്രവചിക്കാന്‍ സാധിക്കുന്നതായിരുന്നില്ല ട്രംപിന്റെ വിദേശകാര്യ നയങ്ങള്‍.

അമേരിക്ക ഫസ്റ്റ് എന്ന ട്രംപിന്റെ പോളിസിയില്‍ കാലാകാലങ്ങളായി അമേരിക്ക സ്വീകരിച്ചിരുന്ന പല നയങ്ങളും ശിഥിലമായിരുന്നു. എന്നാല്‍ അത്തരത്തിലായിരിക്കില്ല തങ്ങളുടെ നിലപാടെന്ന് പലതവണ ജോ ബൈഡന്‍ ആവര്‍ത്തിച്ചിട്ടുമുണ്ട് ഈ പശ്ചാത്തലത്തില്‍ കൂടിയാണ് തിടിക്കപ്പെട്ട് ഉപരോധം പിന്‍വലിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഉപരോധത്തെ പിന്തുണക്കുന്ന നിലപാട് തന്നെയാണ് ട്രംപ് തുടക്കം മുതല്‍ സ്വീകരിച്ചത്. ഖത്തര്‍ വലിയ പ്രതിസന്ധിയിലൂുടെ കടന്നു പോകുമെന്നായിരുന്നു കരുതിയത്. പക്ഷേ തുര്‍ക്കിയും ഇറാനും ഖത്തറിന് ഈ ഘട്ടത്തില്‍ സഹായമെത്തിച്ചു. ഇപ്പോള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം സൗദി പിന്‍വലിക്കുമ്പോള്‍ ഇരു രാജ്യങ്ങളുമായുള്ള നയം എത്തരത്തില്‍ മുന്നോട്ട് പോകുമെന്നതും വലിയ ചര്‍ച്ചയാകും.

പിന്‍വലിച്ചതുകൊണ്ട് ആര്‍ക്ക് നേട്ടം

കുവൈത്തിന്റെ മധ്യസ്ഥതയിലാണ് ഇപ്പോള്‍ ഉപരോധം പിന്‍വലിച്ചിരിക്കുന്നത്. നേരത്തെയും പലകുറി കുവൈത്ത് ഉപരോധം അവസാനിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ട്രംപിന് പടിയിറങ്ങുന്നതിന് മുന്‍പ് തങ്ങളുടെ പശ്ചിമേഷ്യന്‍ നയങ്ങള്‍ വിജയകരമാണെന്ന് വരുത്തിതീര്‍ക്കേണ്ടതുമുണ്ട്.

പെട്ടെന്ന് ഉപരോധം നീക്കാന്‍ ഇതൊരു പ്രധാന കാരണമായി വിലയിരുത്തുന്നുണ്ട്. യു.എ.ഇയും ബഹ്‌റൈനും ചേര്‍ന്ന് ഇസ്രഈലുമായി ചരിത്രപരമായ സമാധാനക്കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ജി.സി.സി രാജ്യങ്ങള്‍ ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ച് തുടങ്ങുന്നതും.

മാത്രവുമല്ല ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ ജി.സി.സിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതും ആവശ്യമായി വന്നിരുന്നു. ജി.സി.സിയിലെ വിള്ളലുകള്‍ മുതലെടുത്ത് ഇറാന്‍ ശക്തിപ്പെട്ട് വരുമെന്ന ഭയം അമേരിക്കയ്ക്ക് ഉണ്ടായിരുന്നു.

സൗദിയും ഖത്തര്‍ ഉപരോധ വിഷയത്തില്‍ വലിയ സമ്മര്‍ദ്ദം തന്നെ നേരിട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനേറ്റ പ്രഹരം അദ്ദേഹത്തിനോട് വളരെ അടുത്ത് നില്‍ക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാനും ശുഭകരമായ വാര്‍ത്തയായിരുന്നില്ല.

ബെഡന്‍ അധികാരത്തിലെത്തിയാല്‍ ഇറാനുമായുള്ള ആണവകരാര്‍ ഉള്‍പ്പെടെ പുനഃസ്ഥാപിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്.

ഒരു അഭിമുഖത്തില്‍ ബൈഡന്‍ തന്നെ ഈ സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു. ഈ പശ്ചാലത്തലത്തില്‍ ഖത്തറുമായി ഇടഞ്ഞിരിക്കുന്നത് സൗദിക്ക് ഒട്ടും ഗുണകരമല്ല എന്ന തിരിച്ചറിവ് മുഹമ്മദ് ബിന്‍ സല്‍മാനുണ്ടായിട്ടുണ്ട്.

യു.എസ് കൂടുതല്‍ ചായ്‌വ്  ഖത്തറിനോട് കാണിക്കുമോ എന്ന ആശങ്കയും രൂപപ്പെട്ട് വന്നിരുന്നു. മാത്രവുമല്ല സാമ്പത്തിക മേഖലയിലും സൗദി ഇപ്പോള്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. മറുവശത്ത് ഖത്തര്‍ വിജയകരമായി ഉപരോധത്തെ പരാജയപ്പെടുത്തുകയുമാണ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Qatar Blockade Explained, past present and future