സമരത്തിൽ പരിക്കേറ്റ കർഷകരുടെ ചികിത്സാ ചെലവ് മുഴുവൻ വഹിക്കും: പഞ്ചാബ് സർക്കാർ
national news
സമരത്തിൽ പരിക്കേറ്റ കർഷകരുടെ ചികിത്സാ ചെലവ് മുഴുവൻ വഹിക്കും: പഞ്ചാബ് സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 15, 10:52 am
Thursday, 15th February 2024, 4:22 pm

ചണ്ഡീഗഡ്: കർഷക സമരത്തിൽ പങ്കെടുത്ത് പരിക്കേറ്റ മുഴുവൻ ആളുകളുടെയും ചികിത്സാ ചെലവ് പഞ്ചാബ് സർക്കാർ വഹിക്കുമെന്ന് സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി ബൽബീർ സിങ്.

സമരം ചെയ്യുന്ന കർഷകരുടെ സുരക്ഷ പരിഗണിച്ച് ഹരിയാന അതിർത്തിയിലെ മുഴുവൻ ആശുപത്രികളിലും ജാഗ്രതാ നിർദ്ദേശം നൽകിയെന്നും മുഴുവൻ സമയവും അടിയന്തര സേവനങ്ങൾ ലഭ്യമാക്കുമെന്നും സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച ബൽബീർ സിങ് പറഞ്ഞു.

സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ അഭാവം ഇല്ലെന്നും ആശുപത്രികളിൽ മുഴുവൻ സമയവും ഉണ്ടാകണമെന്ന് ഡോക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിർത്തിയിലുടനീളം ആംബുലൻസുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരമായ സാഹചര്യങ്ങൾ ഉണ്ടായാൽ ആവശ്യമായ ജീവനക്കാരും മരുന്നുകളും ഉൾപ്പെടെ 14 ആംബുലൻസുകൾ സജ്ജമാക്കി നിർത്തണമെന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ശംഭു അതിർത്തിയോട് ഏറ്റവും അടുത്തുള്ള രാജപുരയിലെ സിവിൽ ആശുപത്രിയിൽ പരിക്കേറ്റ 40 ഓളം പേരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇതിൽ രണ്ടുപേർ തലയ്ക്കേറ്റ സാരമായ പരിക്കുകൾ അതിജീവിച്ചെന്നും ബൽബീർ സിങ് അറിയിച്ചു.

കർഷകർക്കെതിരെയുള്ള പൊലീസ് നടപടിയിൽ ഹരിയാന സർക്കാരിനെ അപലപിച്ച അദ്ദേഹം സമരം നടത്തുവാൻ സമാധാനപരമായി ദൽഹിയിലേക്ക് പുറപ്പെട്ട കർഷകരെ തടയാൻ ഹരിയാന സർക്കാരിന് യാതൊരു അവകാശവുമില്ലെന്നും ചൂണ്ടിക്കാട്ടി.

‘ദേശീയപാതകൾ രാജ്യത്തിന്റെ സ്വത്താണ്. ദൽഹിയിൽ എത്താൻ ഹരിയാന കടന്നുപോകുക മാത്രമാണ് കർഷകർ ചെയ്തത്. ഹരിയാന സർക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണ്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Punjab to bear treatment cost of farmers injured in protest