അമൃത്സര്‍: പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ പൊലീസ് മര്‍ദ്ദിക്കുന്നതിലും കള്ളക്കേസില്‍ കുടുക്കുന്നതിലും പ്രതിഷേധിച്ച് ചൊവ്വാഴ്ച സര്‍വ്വകക്ഷിയോഗം വിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.
കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് പഞ്ചാബ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
” ഇത് ഈഗോ വിചാരിച്ച് മാറി നില്‍ക്കാനുള്ള സമയമല്ല, ഒന്നിച്ച് വന്ന് നമ്മുടെ സംസ്ഥാനത്തെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള നേരമാണ്,” അമരീന്ദര്‍ സിംഗ് പറഞ്ഞു.
രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ആരംഭിക്കുക. ദല്‍ഹിയിലെ കര്‍ഷക സമരമാണ് യോഗത്തിന്റെ പ്രധാന അജണ്ട. സിംഗു അതിര്‍ത്തിയിലെ അക്രമണവും യോഗത്തില്‍ ചര്‍ച്ചയാകും. കാര്‍ഷിക നിയമം സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമം തുടങ്ങിയതോടെ വലിയ തരത്തിലുള്ള പിന്തുണയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
ഖാസിപ്പൂരില്‍ സമരം നടത്തുന്ന കര്‍ഷകരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞദിവസം യു.പി പൊലീസ് എത്തിയിരുന്നു. വെടിയേറ്റ് മരിക്കേണ്ടി വന്നാലും സമരമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്.
കര്‍ഷകര്‍ക്ക് പിന്തുണയുമായി കൂടുതല്‍ പേര്‍ സമര സ്ഥലത്ത് എത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും. റിപബ്ലിക് ദിനത്തിലെ സംഘര്‍ഷം കര്‍ഷക സമരത്തെ തകര്‍ക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കര്‍ഷകരുടെ പുതിയ നടപടി ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.