കൊളംബോ: ശ്രീലങ്കയില്‍ പ്രതിപക്ഷ പാര്‍ട്ടികളും ജനങ്ങളും നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ ശക്തമാവുന്നു.
രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ ശ്രീലങ്കയിലുള്ളത്. ഇതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ഒരാഴ്ചയായി ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്.
അരി, പാല്‍, പെട്രോള്‍, ഡീസല്‍ തുടങ്ങി അവശ്യ സാധനങ്ങളുടെയെല്ലാം വില കുത്തനെ വര്‍ധിച്ചതോടെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയതും രാജ്യത്ത് കലാപ സമാനമായ അന്തരീക്ഷം ഉണ്ടായിരിക്കുന്നതും.
സാമ്പത്തിക പ്രതിസന്ധി പരിഹാരിക്കാനായി ശ്രീലങ്കന്‍ രൂപയുടെ മൂല്യം സര്‍ക്കാര്‍ 36 ശതമാനം കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയായിരുന്നു.
രാജ്യം ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്കും ക്ഷാമങ്ങള്‍ക്കും കാരണം രജപക്‌സെ ഭരണകൂടമാണെന്നാണ് ജനങ്ങള്‍ പറയുന്നത്. പ്രസിഡന്റ് ഗോടബയ രജപക്‌സെയുടെ ഓഫീസിന് മുന്നിലും പ്രതിഷേധം ശക്തമാണ്.
പ്രസിഡന്റ് രാജിവെക്കണമെന്നാണ് സമരക്കാര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം.
പതിനായിരക്കണക്കിന് ആളുകളാണ് തലസ്ഥാനമായ കൊളംബോയില്‍ ചൊവ്വാഴ്ച പ്രതിഷേധത്തിനായി ഒത്തുകൂടിയത്. രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫോഴ്‌സ് അഥവാ സമാഗി ജന ബലവേഗയ (എസ്.ജെ.ബി) ആണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
”പ്രസിഡന്റായി ഗോടബയ രജപക്‌സെയും പ്രധാനമന്ത്രിയായി മഹീന്ദ്ര രജപക്‌സെയും ധനമന്ത്രിയായി ബാസില്‍ രജപക്‌സെയും നയിക്കുന്ന ഈ സര്‍ക്കാരിന് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് അത് കൈമാറുക.
ഞങ്ങള്‍ ഈ രാജ്യത്തെ സൃഷ്ടിച്ച് കാണിച്ചു തരാം,” പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ പ്രതികരിച്ചു.
ജനങ്ങള്‍ രണ്ട് വര്‍ഷമായി ഇത് സഹിക്കുകയാണെന്നും ഇനിയും ഇത് സഹിക്കാന്‍ പറ്റുമോ എന്നും അദ്ദേഹം പ്രതിഷേധക്കാരോട് ചോദിച്ചു.
അതേസമയം ശ്രീലങ്കന്‍ രൂപ വീണ്ടും ഇടിഞ്ഞു. ഡോളറിന് 265 ശ്രീലങ്കന്‍ രൂപ എന്ന നിലയിലാണ് ഇടിഞ്ഞത്. ഡോളറിന് വന്‍ ക്ഷാമമാണ് ശ്രീലങ്ക നേരിടുന്നത്. ഇതേത്തുടര്‍ന്നാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.
ഇതോടെയാണ് അവശ്യ സാധനങ്ങളുടെ വില കുത്തനെ കൂടിയത്.
കയറ്റുമതി കുറഞ്ഞതും ഇറക്കുമതി കൂടിയതുമാണ് ശ്രീലങ്കയില്‍ ഡോളര്‍ ക്ഷാമത്തിന് വഴിവെച്ചത്.
Content Highlight: Protest strengthens in Sri Lanka by political opposition and citizens against economic crisis, shortage of fuel and food and inflation, demand president’s resignation