മരക്കാറിന്റെ പരാജയത്തിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയില്‍ പ്രേക്ഷകരില്‍ മിക്കവരും യാതൊരു പ്രതീക്ഷയുമില്ലാതെയായിരിക്കും കൊറോണ പേപ്പേഴ്‌സ് കാണാന്‍ പോയിട്ടുണ്ടാവുക. എന്നാല്‍ ഒന്നും പ്രതീക്ഷിക്കാതെ വന്നവര്‍ക്ക് മിനിമം തിയേറ്റര്‍ വാച്ച് നല്‍കി സംതൃപ്തരാക്കാന്‍ പ്രിയദര്‍ശന് കഴിഞ്ഞിട്ടുണ്ട്.
പൊലീസ് സ്റ്റേഷനില്‍ പുതുതായി ജോയിന്‍ ചെയ്യുന്ന ചെറുപ്പക്കാരനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, രാഹുല്‍ നമ്പ്യാര്‍. അയാളുടെ സര്‍വീസ് റിവോള്‍വര്‍ മോഷണം പോകുന്നു. അതുപയോഗിച്ച് ഒരു ബാങ്ക് കൊള്ള നടക്കുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് കൊറോണ പേപ്പേഴ്‌സില്‍ പറയുന്നത്.
ഒരു ക്രൈം ത്രില്ലറിന്റേതായ അധികം സങ്കീര്‍ണതകളൊന്നുമില്ലാതെ ലീനിയറായാണ് കഥ പറഞ്ഞുപോകുന്നത്. അന്വേഷണവും പ്രേക്ഷകരെ ചിന്തിപ്പിച്ച് തല പുണ്ണാക്കുന്ന തരത്തിലേക്കൊന്നും പോകുന്നില്ല. പല സ്ഥലത്തും പ്രെഡ്കിടബിളുമാവുന്നുണ്ട് ചിത്രം. സിദ്ദീഖിന്റെയും വിജിലേഷിന്റെയും കഥാപാത്രങ്ങള്‍ ചായ കുടിക്കാനായി ഒരു ഹോട്ടലില്‍ കേറുന്ന സമയത്ത് മാത്രമാണ് പ്രേക്ഷകര്‍ക്ക് ഷോക്ക് സമ്മാനിക്കാന്‍ സിനിമക്ക് ആവുന്നത്.
ചില പിഴവുകള്‍ പറയാനാവുമെങ്കിലും മേക്കിങ്ങിലേക്ക് വരുമ്പോള്‍ കാലത്തിനനുസരിച്ച് അപ്‌ഡേറ്റഡാവാന്‍ പ്രിയദര്‍ശനായി. അത്യാവശം എന്‍ഗേജിങ്ങായി പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കൊറോണ പേപ്പേഴ്‌സിനാവുന്നുണ്ട്. കെട്ടിടത്തിന് മുകളില്‍ നിന്നും പെയ്ന്റ് പാത്രങ്ങളില്‍ തട്ടി ഒരാള്‍ താഴേക്ക് വീഴുന്ന രംഗം ചിത്രത്തിലുണ്ട്. പാളി പോയേക്കാവുന്ന ഈ രംഗം മനോഹരമായാണ് പ്രിയദര്‍ശന്‍ എക്‌സിക്യൂട്ട് ചെയ്തത്. ആ എക്‌സിക്യൂഷന്റെ ഫലം ചിത്രത്തില്‍ മൊത്തത്തില്‍ കാണുന്നുമുണ്ട്.
സ്ഥിരം കാസ്റ്റിങ്ങില്ലാതെ പുതിയ ആളുകളെ വെച്ച് നടത്തിയ പരീക്ഷണവും വിജയിച്ചിട്ടുണ്ട്. ചില പോരായ്മകളും പരിമിതികളും ചില അഭിനേതാക്കളുടെ പ്രകടനത്തില്‍ എടുത്തുപറയാമെങ്കിലും ഷെയ്ന്‍ നിഗവും ജീന്‍ പോള്‍ ലാലും അടക്കമുള്ളവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
അതുപോലെ ക്യാമറവര്‍ക്കും ഗംഭീരമായിട്ടുണ്ട്. ചില ഷോട്ടുകള്‍ ഏസ്‌തെറ്റിക് സെന്‍സ് ഉണ്ടാക്കുന്നുണ്ട്. ഇത് പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ പതിവായി വരുന്ന ഘടകവുമാണ്. തേന്‍മാവിന്‍കൊമ്പത്ത് മുതലുള്ള പല പ്രിയദര്‍ശന്‍ ചിത്രങ്ങളിലേയും സിനിമാറ്റോഗ്രാഫി ഇപ്പോഴും ചര്‍ച്ചയാവാറുണ്ട്. കൊറോണ പേപ്പേഴ്‌സിലും ഈ വിഷ്വല്‍ ബ്യൂട്ടി പ്രിയദര്‍ശന്‍ ആവര്‍ത്തിക്കുകയാണ്.
Content Highlight: priyadarshan’s making in corona papers