കടുവയിലെ വിവാദ സംഭാഷണത്തില്‍ ക്ഷമ ചോദിച്ച് നടന്‍ പൃഥ്വിരാജ്. തെറ്റായ രീതിയില്‍ തന്നെയാണ് ആ രംഗം ചിത്രീകരിച്ചിരുന്നതെന്നും എന്നാല്‍ ആ രീതിയിലല്ല പ്രേക്ഷകരിലേക്ക് എത്തിയതെന്നും പൃഥ്വിരാജ് പറഞ്ഞു. സംഭാഷണം ചിത്രത്തില്‍ നിന്നും മാറ്റുമെന്നും പുതിയ സംഭാഷണം അപ് ലോഡ് ചെയ്യുമെന്നും തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത പ്രസ് മീറ്റില്‍ പൃഥ്വിരാജ് പറഞ്ഞു.
‘ആദ്യം തന്നെ ഈ ഡയലോഗ് കാരണം വേദനിച്ചിട്ടുള്ള എല്ലാവരോടും ക്ഷമ ചോദിക്കുന്നു, എന്റെ പേരിലും സിനിമയുടെ പേരിലും ക്ഷമ ചോദിക്കുന്നു. ന്യായീകരിക്കുന്നില്ല.
സിനിമ ചെയ്ത സമയത്ത് പഴഞ്ചൊല്ലിന്റെ സ്വഭാവത്തിലാണ് എടുത്തത്. പറയാന്‍ പാടില്ലാത്തത് കുര്യച്ചന്‍ പറഞ്ഞു എന്ന രീതിയില്‍ തന്നെയാണ് ഈ രംഗം എടുത്തത്. സിനിമയിലും കുര്യച്ചന്‍ അത് പറയാന്‍ പാടില്ലായിരുന്നു എന്നതായിരുന്നു ഞങ്ങളുടെ കാഴ്ചപ്പാട്. എന്നാല്‍ അത് പ്രേക്ഷകരിലേക്ക് എത്തിയില്ല. ഭിന്നശേഷിയുള്ള കുട്ടി തന്നെയാണ് ആ രംഗത്തില്‍ അഭിനയിച്ചത്. അല്ലെങ്കില്‍ പ്രശ്‌നമാവുമെന്ന് കരുതി.
ആളുകളെ വേദനിപ്പിക്കുന്നതാണ് എന്ന് മനസിലായി. ആ സമയത്ത് തിരിച്ചറിഞ്ഞില്ല. അത് ഞങ്ങളുടെ തെറ്റാണ്. ഒരു സ്‌പെഷ്യല്‍ ചൈല്‍ഡിന്റെ മാതാപിതാക്കള്‍ക്ക് ആ രംഗം കാണുമ്പോള്‍ വിഷമം ഉണ്ടാവുമെന്ന് ഞങ്ങള്‍ വിചാരിച്ചിരുന്നില്ല. ഇനിയുള്ള സിനിമകളില്‍ ഇങ്ങനെ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കും,’ പൃഥ്വിരാജ് പറഞ്ഞു.
ചിത്രത്തിലെ പ്രശ്നമായ ആ സംഭാഷണം മാറ്റിയെന്നും സംഭാഷണം എടുത്തുമാറ്റണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ തന്നെ നടപടികള്‍ സ്വീകരിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു. ‘സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി വേണമായിരുന്നു. ഇന്നലെ സെന്‍സര്‍ ബോര്‍ഡ് അവധിയായിരുന്നു. ഇന്ന് രാത്രിയോടു കൂടി പുതിയ കണ്ടന്റ് അപ്‌ലോഡ് ചെയ്യും. വിദേശത്ത് കണ്ടന്റ് അപ്‌ലോഡ് ചെയ്യുന്നത് ഞങ്ങളല്ല. അതുകൊണ്ട് ഒരിക്കല്‍ കൂടി മാപ്പ് പറയുന്നു. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്ക് വേണ്ടിയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.