Film News
ഞാൻ ആടുജീവിതം ചെയ്യുന്നുണ്ടെന്ന് ഏറ്റവും ആദ്യം അറിഞ്ഞ ആൾക്കാരിൽ ഒരാൾ അദ്ദേഹമാണ്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 01, 06:45 am
Monday, 1st April 2024, 12:15 pm

പോക്കിരിരാജയുടെ ലൊക്കേഷനിൽ വെച്ചിട്ടാണ് താൻ ആടുജീവിതം കമ്മിറ്റ് ചെയ്യുന്നതെന്ന് പൃഥ്വിരാജ്. അതുകൊണ്ട് തന്നെ താൻ ആടുജീവിതം ചെയ്യുന്നുണ്ടെന്ന് അറിയുന്ന ആദ്യ ആളുകളിൽ ഒരാളാണ് മമ്മൂട്ടിയെന്നും പൃഥ്വിരാജ് പറഞ്ഞു. അന്ന് മമ്മൂട്ടിയോട് സിനിമയെക്കുറിച്ചും കഥയെക്കുറിച്ചുമെല്ലാം സംസാരിച്ചിരുന്നെന്ന് പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘പോക്കിരിരാജയുടെ ലൊക്കേഷനിൽ വെച്ചിട്ടാണ് ഞാൻ ആടുജീവിതം കമ്മിറ്റ് ചെയ്യുന്നത്. സ്വാഭാവികമായിട്ടും ഞാൻ സിനിമ ചെയ്യുന്നുണ്ടെന്ന് ഏറ്റവും ആദ്യം അറിഞ്ഞ ആൾക്കാരിൽ ഒരാൾ മമ്മൂക്കയാണ്. അന്ന് മമ്മൂക്കയോട് സിനിമയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഈ കഥയെക്കുറിച്ച് ഒക്കെ സംസാരിച്ചിരുന്നു. മമ്മൂക്കയ്ക്ക് ഓൾറെഡി കഥയെ കുറിച്ച് ഒക്കെ അറിയാം. ലാലേട്ടനുമായിട്ടും ഒരുപാട് സംസാരിച്ചിട്ടുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.

ജോർദാനിൽ പെട്ട് പോയപ്പോൾ മോഹൻലാൽ വിളിച്ചിരുന്നല്ലേ എന്ന ചോദ്യത്തിന് അദ്ദേഹം മാത്രമല്ല മമ്മൂട്ടിയും സുരേഷ് ഗോപിയും വിളിച്ചിരുന്നെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ‘അവിടെ പെട്ടു പോയപ്പോൾ ലാലേട്ടൻ മാത്രമല്ല, മമ്മൂക്കയും വിളിച്ചിട്ടുണ്ട്. സുരേഷേട്ടൻ സംസാരിച്ചിട്ടുണ്ട്. അങ്ങനെ എല്ലാവരും ആയിട്ട് സംസാരിച്ചിട്ടുണ്ട്. ബ്ലെസി എന്ന സംവിധായകന് കൂടെ വര്‍ക്ക് ചെയ്യുന്ന എക്സ്പീരിയൻസിനെ കുറിച്ച് അവർക്ക് ആർക്കും ഇങ്ങനെ ഒരു എക്സ്പീരിയൻസ് ഉണ്ടായിട്ടില്ലല്ലോ,’ പൃഥ്വിരാജ് പറയുന്നു.

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം. 10 വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഷൂട്ട് തീര്‍ക്കാന്‍ ഏഴ് വര്‍ഷത്തോളമെടുത്തു.

മാർച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ 16.76 കോടിയാണ് ആടുജീവിതം നേടിയെടുത്തത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം. തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്. പൃഥ്വിരാജിനെക്കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Prithviraj said that Mammootty was one of the first people to know that he was leading a aadujeevitham