സ്‌റ്റൈലിഷ് താരം ദുല്‍ഖര്‍ തന്നെയെന്ന് പൃഥ്വിരാജ്; തനിക്കങ്ങനെ തോന്നിയത് ആ നടിയെ എന്ന് അപര്‍ണ
Film News
സ്‌റ്റൈലിഷ് താരം ദുല്‍ഖര്‍ തന്നെയെന്ന് പൃഥ്വിരാജ്; തനിക്കങ്ങനെ തോന്നിയത് ആ നടിയെ എന്ന് അപര്‍ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th January 2023, 4:13 pm

തെന്നിന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും സ്റ്റൈലിഷായി ഡ്രസ് ചെയ്യുന്ന താരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. പൊതുവേദിയിലെ അദ്ദേഹമെത്തുന്ന സ്റ്റൈല്‍ പൊതുവേ തരംഗമാവാറുണ്ട്.

മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും സ്റ്റൈലായ താരമായി തനിക്ക് തോന്നിയിട്ടുള്ളത് ദുല്‍ഖറാണെന്ന് പറയുകയാണ് പൃഥ്വിരാജ്. ക്ലബ് എഫ്.എം. യു.എ.ഇക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമമര്‍ശങ്ങള്‍. നടി അപര്‍ണ ബാലമുരളിയും പൃഥ്വിരാജിനൊപ്പം അഭിമുഖത്തിനെത്തിയിരുന്നു.

ഡ്രെസിങ് സ്‌റ്റൈലില്‍ ഭയങ്കരമായി ശ്രദ്ധിക്കുന്ന താരമാരാണെന്ന അവതാരകയുടെ ചോദ്യത്തിന് ദുല്‍ഖര്‍ ഭയങ്കര ഫാഷന്‍ കോണ്‍ഷ്യസ് ആണെന്നാണ് പൃഥ്വിരാജ് മറുപടി നല്‍കിയത്. സാനിയ പല സ്റ്റൈല്‍ ട്രൈ ചെയ്യുന്ന ആളാണെന്നായിരുന്നു ഈ ചോദ്യത്തോടുള്ള അപര്‍ണയുടെ മറുപടി.

സിനിമാ ഇന്‍ഡസ്ട്രിയില്‍ ഫാമിലി മാനായി നില്‍ക്കുന്നത് ആരാണെന്ന ചോദ്യത്തിന് ഇന്ദ്രജിത്തിന്റെ പേരാണ് പൃഥ്വിരാജ് പറഞ്ഞത്. ‘എന്റെ ചേട്ടന്‍ ഒരു ഫാമിലി മാനാണ്. പിന്നെ മമ്മൂക്കയും അങ്ങനെയാണെന്ന് തോന്നിയിട്ടുണ്ട്. എല്ലാവരും ഒന്നിച്ചിരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണ്. ആളുകള്‍ ചുറ്റുമുള്ളത് ഒരുപാട് ആസ്വദിക്കുന്ന വ്യക്തിയാണ് മമ്മൂക്ക. മമ്മൂക്കയുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയാല്‍ അദ്ദേഹത്തിന് ഭയങ്കര സന്തോഷമാണ്,’ പൃഥ്വിരാജ് പറഞ്ഞു.

മെസി വേള്‍ഡ് കപ്പ് പിടിച്ചു കിടന്നുറങ്ങുന്നത് പോലെ അങ്ങനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നത്, കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നത് എന്തിനെയായിരിക്കും എന്നാ ചോദ്യത്തിന് അങ്ങനെ പിടിച്ച് കിടന്നുറങ്ങാറുള്ളത് തന്റെ മോളെയാണ് എന്നാണ് ഈ ചോദ്യത്തോട് പൃഥ്വിരാജ് പ്രതികരിച്ചത്.

കാപ്പയാണ് ഒടുവില്‍ റിലീസ് ചെയ്ത പൃഥ്വിരാജിന്റെ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ജി. ഇന്ദുഗോപനാണ്. അപര്‍ണ ബാലമുരളി നായികയായ ചിത്രത്തില്‍ അന്ന ബെന്‍, ആസിഫ് അലി, ദിലീഷ് പോത്തന്‍, ജഗദീഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: prithviraj about the style of dulquer