Entertainment
ആ സമയത്ത് എനിക്ക് ലഭിച്ച ഭാഗ്യമാണ് അവരുടെയൊക്കെ സിനിമകള്‍, അതിന്റെ കഥ കേട്ടില്ലെങ്കില്‍ പോലും ഞാന്‍ അഭിനയിച്ചേനെ: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 08, 06:51 am
Monday, 8th April 2024, 12:21 pm

2004ല്‍ റിലീസായ നന്ദനത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. 20 വര്‍ഷത്തെ കരിയറിനിടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറാന്‍ പൃഥ്വിക്ക് കഴിഞ്ഞു. നടന്‍ എന്ന നിലയില്‍ മാത്രമല്ല, നിര്‍മാതാവ്, സംവിധായകന്‍, ഗായകന്‍ എന്നീ നിലകളില്‍ തന്റെ കഴിവ് പൃഥ്വി തെളിയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലെ വമ്പന്‍ പ്രൊജക്ടുകളുടെ ഭാഗമാവാനും താരത്തിന് സാധിച്ചു. ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറുന്ന ആടുജീവിതമാണ് പൃഥ്വിയുടെ പുതിയ ചിത്രം.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സ്‌കൈലാര്‍ക് പിക്‌ചേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കരിയറിന്റെ തുടക്കത്തില്‍ തനിക്ക് കിട്ടിയ സിനിമകളെക്കുറിച്ച് പൃഥ്വി സംസാരിച്ചു. ലോഹിതദാസ്, ഭദ്രന്‍, കമല്‍ തുടങ്ങിയ വലിയ സംവിധായകരുടെ സിനിമയില്‍ കരിയറിന്റെ ആരംഭത്തില്‍ തന്നെ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് പൃഥ്വി പറഞ്ഞു. ആ സിനിമകളുടെ കഥ അറിഞ്ഞില്ലെങ്കില്‍ പോലും താന്‍ അഭിനയിച്ചേനെ എന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ചക്രം എന്ന സിനിമ എന്നെ സംബന്ധിച്ചിടത്തോളം ആ സമയത്ത്, ലോഹിതദാസ് എന്ന ഒരു ജീനിയസ് എന്നെ അഭിനയിക്കാന്‍ വിളിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. അത് ചക്രമല്ല, ഏത് സിനിമയാണെങ്കിലും ഞാന്‍ ചെയ്യും.അതുപോലെ ഭദ്രന്‍ സാര്‍ എന്നെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുന്നു, ആ സിനിമയുടെ കഥയൊക്കെ എന്നോട് പറഞ്ഞതാണ്. പക്ഷേ, ആ സിനിമയുടെ കഥ എന്ത് തന്നെയായാലും ഞാനത് ചെയ്യുമെന്ന് എന്റ മനസില്‍ തീരുമാനിച്ച കാര്യമാണ്.

അതൊക്കെ എനിക്ക് ലഭിക്കുന്ന എക്‌സ്പീരിയന്‍സാണ്. ലോഹി സാറിന്റെ കൂടെയും, ഭദ്രന്‍ സാറിന്റെ കൂടെയും, കമല്‍ സാറിന്റെ കൂടെയുമൊക്കെ ഒരു സിനിമ ചെയ്യുക എന്നതൊക്കെയാണ് കരിയറിലെ എന്റെ ഏര്‍ലി റിഫൈര്‍മെന്റ്‌സ്. അതുപോലെ രഞ്ജിത് സാറിന്റെ സിനിമയിലൂടെ അരങ്ങേറുക. അതൊക്കെ ഭാഗ്യം മാത്രമാണ്. എന്റെ വലിയ തീരുമാനങ്ങളാണ് അതൊക്കെയെന്ന് ഒരിക്കലും പറയാന്‍ പറ്റില്ല,’ പൃഥ്വി പറഞ്ഞു.

Content Highlight: Prithviraj about the movies got in early stages of his career