ഒന്നില്‍ കൂടുതല്‍ തവണ കണ്ട മലയാള ചിത്രം; മലയാള സിനിമയേയും പ്രേക്ഷകരേയും കുറിച്ച് പ്രഭാസ്
Film News
ഒന്നില്‍ കൂടുതല്‍ തവണ കണ്ട മലയാള ചിത്രം; മലയാള സിനിമയേയും പ്രേക്ഷകരേയും കുറിച്ച് പ്രഭാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th March 2022, 6:29 pm

ബാഹുബലി എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായ താരമാണ് പ്രഭാസ്. പിന്നീട് ബാഹുബലി രണ്ടാം ഭാഗം വന്നപ്പോഴും മലയാളി പ്രേക്ഷകരുള്‍പ്പെടെയുള്ളവര്‍ ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ബാഹുബലി ആദ്യഭാഗങ്ങളുടെ നല്ലൊരു ശതമാനം ചിത്രീകരിച്ചത് കേരളത്തിലായിരുന്നു.

അതുകൊണ്ട് തന്നെ കേരളവും പ്രഭാസിന് പ്രിയപ്പെട്ട ഇടമാണ്. രാജ്യത്ത് തന്നെ ഇത്രയും മനോഹരമായ സ്ഥലമില്ലെന്ന് അദ്ദേഹം പറഞ്ഞു. മലയാളം സിനിമകളെ പറ്റിയും പ്രേക്ഷകരെ പറ്റിയും പ്രഭാസ് സംസാരിച്ചു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒന്നില്‍ കൂടുതല്‍ തവണ കണ്ട മലയാള ചിത്രം ഏതാണെന്ന അവതാരകയുടെ ചോദ്യത്തിന് പ്രേമം എന്നായിരുന്നു പ്രഭാസിന്റെ മറുപടി.

‘വളരെ മികച്ച പ്രേക്ഷകരാണ് മലയാളികള്‍. എനിക്കിവിടെ ഫാന്‍സ് ഉണ്ടെന്നാണ് തോന്നുന്നത്. അത് നല്ല ഒരു കാര്യമായി തോന്നുന്നു. മാത്രവുമല്ല രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ സംസ്ഥാനമാണ് കേരളം. കൊച്ചി പോലെയൊരു വ്യവസ്യായ മേഖല ഉണ്ടായിട്ടും ഇവിടെ ധാരാളം പച്ചപ്പ് ഉണ്ട്.

ഇതു പോലെയൊരു സ്ഥലം രാജ്യത്ത് വേറെയില്ല. മനോഹരമായ വനങ്ങളുണ്ട്. ആലപ്പുഴയും മൂന്നാറും പോലെയുള്ള സ്ഥലങ്ങളുണ്ട്. രാധേ ശ്യാം എല്ലാവരും കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി,’ പ്രഭാസ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലും പ്രഭാസ് തന്റെ നിലപാട് പറഞ്ഞിരുന്നു.

‘എല്ലായിടത്തും സ്ത്രീകള്‍ ധീരതയോടെ നില്‍ക്കണം. എല്ലാവരും സ്ത്രീകളെയാണ് പിന്തുണക്കേണ്ടത്. അത് നടിയെന്നല്ല, മാധ്യമ പ്രവര്‍ത്തകയാണെങ്കിലും, ബിസിനസ് ചെയ്യുന്നവരാണെങ്കിലും സ്ത്രീകളെ പിന്തുണയ്ക്കണം. അത് പ്രധാനമാണ്. സ്ത്രീകള്‍ ശക്തരാകും. അവര്‍ ലോകം ഭരിക്കും. അതുവരെ സ്ത്രീകളെ പിന്തുണയ്ക്കണം,’ പ്രഭാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രഭാസിന്റെ രാധേ ശ്യാം മാര്‍ച്ച് 11ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. വിവിധ ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം അവതരിപ്പിക്കുന്നതിനായി ശബ്ദം നല്‍കിയിരിക്കുന്നത് അമിതാഭ് ബച്ചന്‍, ഡോ. ശിവ രാജ്കുമാര്‍, പൃഥ്വിരാജ്, എസ്. എസ്. രാജമൗലി എന്നിവരാണ്.


Content Highlight: Prabhas talks about Malayalam cinema and its audience