ഒന്ന്…
അഴിമതി, സ്വജനപക്ഷപാതം, സവര്‍ണ്ണ മേലാളത്തരം ഇവയുടെ ഉസ്താദുന്മാരാണു കോണ്‍ഗ്രസും ഭാരതീയ ജനതാപ്പാര്‍ട്ടിയും എന്ന് ഏതെങ്കിലും ഭാരതീയന്‍ ചുമ്മാ വിചാരിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ ? ഇതില്‍ ആരാണു ചേട്ടന്‍ എന്നതിലേ അവര്‍ തമ്മില്‍ തര്‍ക്കമുള്ളൂ.
ഭാരതീയ ജനതാപ്പാര്‍ട്ടിയില്‍ അധഃകൃതവര്‍ഗ്ഗത്തില്‍ നിന്നും ഒരാള്‍ ഉയര്‍ന്ന് വന്നാല്‍ വളരെ സമര്‍ത്ഥമായ് അവരെ കശാപ്പ് ചെയ്യാന്‍ പാര്‍ട്ടിക്ക് അറിയാം. അത് ദേശീയ തലത്തിലാണെങ്കിലും ഗ്രാമ തലത്തിലാണെങ്കിലും.
രാമന്റെ പേരിലാണു പരിപാടികള്‍ മുഴുവന്‍. പണ്ട് ഗാന്ധിജി എന്നൊരു പാവം മനുഷ്യന്‍ “ഹേ റാം ഹേ റാം” എന്ന് ഇടക്കിടക്ക് വിളിച്ചതിനും എന്റെ സ്വപ്നം, രാമരാജ്യമെന്നും പറഞ്ഞതിനാണു അദ്ദേഹത്തെ മൂന്നു വെടിയുണ്ടകള്‍ കൊണ്ട് തീര്‍ത്തത് (കൊല്ലുന്നതിലും ത്രീത്ത്വം, സൃഷ്ടി സ്ഥിതി സംഹാരം , ബ്രഹ്മാവിഷ്ണുമഹേശ്വര സങ്കല്പം എന്നൊക്കെ അവര്‍ ആ വെടിയുണ്ടകളെപ്പോലും ന്യായീകരിച്ചേക്കാം.) ഞങ്ങള്‍ ഇവിടെ രാമനെ കൊള്ളയടിക്കാനുള്ളപ്പോള്‍ നിങ്ങള്‍ക്കെന്ത് കാര്യമെന്നാണു ആ മൂന്നുവെടിയുണ്ടകളിലൂടെ ഗോഡ്‌സേ ചോദിച്ചത്.
രാമന്‍ പണ്ട് ശംബൂകന്‍ എന്ന അധഃകൃതന്റെ തലവെട്ടിമാറ്റിയതിനെ ന്യായിക്കരിക്കാനാവും ഉമാഭാരതിയെന്ന സന്യാസിനിയുടെ തലവെട്ടിയത്.
രണ്ട്…
കോണ്‍ഗ്രസ് അഴിമതി നടത്തിയാല്‍, ജനങ്ങള്‍ ഇളകിവശായ് അടികിട്ടും എന്ന സമയത്തെങ്കിലും അഴിമതിക്കാരെ മാറ്റി നിര്‍ത്താറുണ്ട്. എന്നാല്‍ ബി.ജെ.പിക്ക് ആ പേടിയൊന്നുമില്ല. എന്തോന്ന് ജനങ്ങള്‍ ? അവരെ ഒതുക്കാന്‍ കാക്കി നിക്കറും (തുടകാണിച്ച് നിക്കറിട്ട് നെഗളിക്കുന്നവനാണു പ്രണയികളെ ഓടിച്ചിട്ട് പൂശുന്നത്) നെറ്റിയില്‍ കുറിയും കൈയ്യില്‍ മുളവടിയുമായ് ദേശീയ സേനയെ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ അവര്‍ അഴിമതിക്കാരെ പുറത്താക്കാറേ ഇല്ല.
യദിയൂരപ്പന്‍ മുതല്‍ സകലമാന അഴിമതിയപ്പന്മാര്‍ക്കും സുസ്വാഗതം.!
കേരളത്തില്‍ ഒരു ചാന്‍സ് തരൂ.. ഞങ്ങള്‍ നിരപ്പാക്കി തരാം എന്നാണു ബി.ജെ.പിക്കാരന്റെ വീരവാദം. കേരളത്തില്‍ അല്പം രാഷ്ടീയം ഉള്ളതിനാലും പലരും കിടന്നുറങ്ങുമ്പോള്‍ വയറ്റില്‍ ശൂലം തുളച്ച് കയറുന്നത് സ്വപ്നം കാണുന്നതിനാലും പശുവിന്റെ മൂത്രത്തിന്റെ പുളിപ്പോര്‍ത്തും വോട്ട് ചെയ്യാന്‍ ചെല്ലുമ്പോള്‍ കേരളീയന്റെ കൈ വിറക്കുന്നു.
ഈ വിറയല്‍ തുടരുന്നിടത്തോളം കാലം താമര കേരളത്തില്‍ വിരിയില്ല എന്നാണു അവരുടെ തീരുമാനം. അബ്ദുള്ളക്കുട്ടികളെപ്പോലെ വിവരമില്ലാത്ത കുട്ടികള്‍ എന്തൊക്കെ പറഞ്ഞാലും കേരളീയന്‍ അതൊന്നും വിശ്വസിച്ച് തുടങ്ങിയിട്ടില്ല..
തല്‍ക്കാലം താമര ബുദ്ധന്റെ സ്വന്തമായിരിക്കട്ടെ.. വെള്ളത്താമര മലിനമാകേണ്ട എന്നവര്‍ വിചാരിക്കുന്നു.
മൂന്ന്…
ബീഹാറില്‍ ഉജ്ജ്വല വിജയം നേടാനായി നിതീഷ് കുമാര്‍ നരേന്ദ്ര മോഡിയോട് പറഞ്ഞത് “നീ ഈ പരിസരത്ത് വന്നുപോകരുതെന്നാണു”. ഈ ഒരു ആര്‍ജ്ജവം കേരളത്തിലെ ബി.ജെ.പിക്കാരനില്ല. അതിനാല്‍ അവര്‍ നരേന്ദ്ര മോഡിയെ ഇവിടെ കൊണ്ടുവരികയും കൃഷ്ണയ്യരുടെ കൈക്ക് പിടിപ്പിക്കുകയും ചെയ്യും. പാവം കൃഷ്ണയ്യര്‍, ആരാണു കൈയ്യില്‍ പിടിച്ചതെന്ന് കണ്ണാല്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. പിന്നീട് കൈ മണത്തു നോക്കിയപ്പോഴാവും ഞെട്ടിയത്.
ചോര മണം.
കൈതപ്പൂ കഥ പറയുന്നു…
പണ്ട് പണ്ട് ശിവന്റെ ഉയരവും ആഴവും അറിയാന്‍ ബ്രഹ്മാവിനും വിഷ്ണുവിനും മോഹമുദിച്ചു. ബ്രഹ്മാവ് ശിവന്റെ തല ലക്ഷ്യമാക്കി മുകളിലേക്കും വിഷ്ണു കാല്പാദം ലക്ഷ്യമാക്കി താഴേക്കും യാത്ര തിരിച്ചു.
പ്രകാശ രശ്മിയെക്കാള്‍ വേഗത്തിലാണു യാത്ര. പ്രകാശ വര്‍ഷങ്ങള്‍ കഴിഞ്ഞു. അവര്‍ക്ക് ലക്ഷ്യം വിദൂരവിദൂരമായ് തന്നെ നിലനിന്നു. അപ്പോഴാണു ബ്രഹ്മാവു കണ്ടത് ഒരു കൈതപ്പൂ മുകളില്‍ നിന്നും താഴേക്ക് കറങ്ങിക്കറങ്ങി ഇറങ്ങി വരുന്നു. മേഘങ്ങളെ ഉമ്മവെച്ച്, അവയുടെ ചുണ്ടില്‍ കൈതപ്പൂമണം പകര്‍ന്ന് ഉല്ലാസവതിയായ്.
ബ്രഹ്മാവിനു അന്ന് മുകളിലും തലയുണ്ടായിരുന്നു. ആ തലയിലും കണ്ണും കാതും മൂക്കും ചെവിയും പിന്നെ വായും ഉണ്ടായിരുന്നു. (കിരീടം ഉണ്ടായിരുന്നോ എന്ന് അറിയില്ല) ആ തല കൈതപ്പൂവിനോട് ചോദിച്ചു. “പൂവേ നീ എവിടെ നിന്നും വരുന്നു?” കൈതപ്പു മധുരമായ് മന്ദഹസിച്ച് പറഞ്ഞൂ “ഞാന്‍ ശിവന്റെ തിരു ജഡയില്‍ നിന്നും…!”
ബ്രഹ്മാവിനു ആശ്വാസമായി. ഹോ ശിവന്റെ അടുത്തെത്താറായ്.. “ഇനിയും എത്ര യാത്രകൂടിയുണ്ട് മുകളിലേക്ക്” എന്ന് ചോദിച്ചപ്പോള്‍ കൈതപ്പൂവ് പറഞ്ഞ മറുപടി ബ്രഹ്മാവിനെ ഞെട്ടിച്ചു. ഇനിയും നൂറായിരം കോടി പ്രകാശവര്‍ഷങ്ങള്‍ സഞ്ചരിക്കണം..
ബ്രഹ്മാവിനു മനസ്സിലായ് ശിവന്റെ ഉച്ചിയിലെത്തുമ്പോള്‍ തന്റെ കാറ്റുപോകും. അതിനാല്‍ അദ്ദേഹം കൈതപ്പൂവുമായ് ഒരു സന്ധിയിലേര്‍പ്പെട്ടു. അങ്ങനെ അവര്‍ വിഷ്ണുവിന്റെ അടുത്തെത്തി ബ്രഹ്മാവ് പറഞ്ഞു ഞാന്‍ ശിവന്റെ മുഖം ദര്‍ശിച്ചുവെന്ന്. കൈതപ്പൂവിനെ ശിവന്റെ തിരുജടയില്‍ നിന്നും എടുത്തതാണെന്നും.. വിഷ്ണു സമ്മതിച്ചു.
പക്ഷേ നുണ പറഞ്ഞ ബ്രഹ്മാവിനെ അങ്ങനെ വിടാന്‍ ശിവന്‍ തീരുമാനിച്ചിരുന്നില്ല. അദ്ദേഹം ബ്രഹ്മാവിന്റെ മുകളിലത്തെ തല പിരിച്ച് പറിച്ചെടുത്ത് ദൂരെക്കളഞ്ഞു.. കൈതപ്പൂവിനും കൊടുത്തൂ ഒരു സമ്മാനം നിന്നെ ഒരു പൂജക്കും എടുക്കില്ലെന്നു..
ഇനി വര്‍ത്തമാന കാലത്തിലെ ശവം നാറിപ്പൂ പറഞ്ഞ കഥ..
കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ പന്തായം വെച്ചു. ആരുടെ പാര്‍ട്ടിയിലാണു ഏറ്റവും വലിയ അഴിമതി. കോണ്‍ഗ്രസ് മുകളിലേക്കും ബി.ജെ.പി താഴേക്കും കുതിച്ചു. അഴിമതി അന്വേഷിച്ച് ചെല്ലും തോറും അത് ദൂരേക്കും കൂടുതല്‍ ആഴത്തിലേക്കും വളര്‍ന്നുകൊണ്ടേയിരുന്നു.
അവസാനം കോണ്‍ഗ്രസ് മുകളിലേക്ക് നോക്കിയപ്പോള്‍ ഒരു 2 ജി സ്‌പെക്ട്രം താഴേക്ക് വരുന്നു. അവര്‍ അതുമായ് തിരിച്ച് വന്ന് ജനങ്ങളോട് പറഞ്ഞൂ ഇതാ ഞങ്ങളുടെ പാര്‍ട്ടിയുടെ അഴിമതിയുടെ അതിര്‍.
രാജയെന്ന ശവം നാറിപ്പൂവ്. കൂടെ കുറേ ശവം നാറിപ്പൂക്കള്‍ വേറെയും പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പടെ.. (ബ്രഹ്മാവിനെക്കാള്‍ ഭാഗ്യം ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുണ്ടായി) ഇവിടെ നമ്മുടെ കഥയില്‍ ബി.ജെ.പിക്കാരനും കുറേ ചെളി കൈയ്യില്‍ പിടിച്ചിരുന്നു. അഴിമതിയുടെ കാലില്‍ നിന്നും ചുരണ്ടിയെടുത്തത് എന്ന് പറഞ്ഞ്.. അവര്‍ തമ്മില്‍ തര്‍ക്കിച്ചു. ഞങ്ങളാണു ഏറ്റവും വലിയ അഴിമതിക്കാര്‍ ഞങ്ങള്‍ ആ അവകാശം ആര്‍ക്കും വിട്ടു തരില്ല…
പക്ഷേ ജനങ്ങള്‍ യഥാര്‍ത്ഥ സംഹാര രൂപികള്‍………. അവര്‍ തിരിച്ചറിഞ്ഞൂ.. ഇനി പിരിച്ചെറിയുന്ന തലകള്‍.. അവര്‍ തീരുമാനിക്കും.
സൂചിമുന
താമരക്കുമ്പിളല്ലോ മമ ഹൃദയം….
ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലടാ നിന്റെ തൊട്ടുനോട്ടമിഷ്ടമല്ലെടാ… കാര്യമില്ലെടാ ഒരു കാര്യോംമില്ലെടാ എന്റെ പുറകെ വാലാട്ടി നടന്നിട്ടൊരു കാര്യോം ഇല്ലടാ…
(പ്രശസ്തരായ രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ നടന്ന പ്രണയരംഗം..)
തുന്നല്‍ക്കാരനൊരു പേടിയുണ്ട് സ്വപ്നക്കൂടിന്റെ ക്ലൈമാക്‌സ് പോലെ അവസാനം ചുവന്ന നൂലും കാവി നൂലും തമ്മില്‍ ചുറ്റിക്കെട്ടുമോന്ന്…!
തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍