national news
വൈറലായി കര്‍ഷകര്‍ മോദിയെ തല്ലാനോടിക്കുന്ന ആനിമേറ്റഡ് വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 07, 12:56 pm
Friday, 7th January 2022, 6:26 pm

ന്യൂദല്‍ഹി: നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുള്ള സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചര്‍ച്ചയാകുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പഴയൊരു വീഡിയോ.

കര്‍ഷകസമരത്തിന്റെ സമയത്ത് കര്‍ഷകര്‍ മോദിയെ ഓടിക്കുന്ന ആനിമേറ്റഡ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്.

‘ഫിന്‍ ദേഖേംഗേ’ എന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച വിഷയം. ട്രാക്ടറുമായെത്തിയ കര്‍ഷകര്‍ മോദിയെ ഓടിക്കുന്നതും മോദി ജീവനും കൊണ്ടോടുന്നതുമാണ് വീഡിയോയിലുള്ളത്.

അവസാനം കര്‍ഷകര്‍ മോദിയെ വളയുന്നതും നിസ്സഹായനായി മോദി തറയിലിരിക്കുന്നതിന്റെ ബേര്‍ഡ്‌സ് ഐ വ്യൂയിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്.

 

കഴിഞ്ഞ ദിവസമായിരുന്നു പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പഞ്ചാബിലെത്തിയ മോദിയെ കര്‍ഷകര്‍ റോഡില്‍ തടഞ്ഞത്. കര്‍ഷകരുടെ പ്രതിഷേധത്തിന്റെ ഭാഗമായി ഇരുപത് മിനിറ്റോളം മോദി റോഡില്‍ കുടുങ്ങുകയായിരുന്നു.

ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്ളൈ ഓവറില്‍ വെച്ചായിരുന്നു കര്‍ഷകര്‍ മോദിയെ തടഞ്ഞത്.

20 മിനിറ്റോളം കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിയും സംഘവും ഫ്ളൈഓവറില്‍ കുടുങ്ങി. തുടര്‍ന്ന് പഞ്ചാബില്‍ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കുകയായിരുന്നു.

ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു ആദ്യം മോദി ശ്രമിച്ചത്. എന്നാല്‍ മഴ കാരണം റോഡ് മാര്‍ഗം പോകാന്‍ തീരുമാനിക്കുകയായിരുന്നു. റോഡ് മാര്‍ഗം പോകാന്‍ കഴിയുമെന്ന പഞ്ചാബ് പൊലീസിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് യാത്ര തിരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തും നിന്നും ഉണ്ടായ സുരക്ഷാവീഴ്ചയാണെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം. വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കരിനോട് റിപ്പോര്‍ട്ടും തേടിയിരുന്നു.

തനിക്ക് ജീവനോടെ പോകാന്‍ സാധിച്ചതില്‍ പഞ്ചാബ് മുഖ്യമന്ത്രിയോട് നന്ദി പറയുന്നു എന്നായിരുന്നു വിഷയത്തില്‍ മോദിയുടെ പ്രതികരണം. മോദിയെ കൂടാതെ അമിത് ഷാ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, പഞ്ചാബ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സുനില്‍ ജക്കാര്‍ തുടങ്ങിയവരും സുരക്ഷാവീഴ്ചയ്ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.

എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുള്ള സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പറയുന്നത്.

‘ഒരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ റോഡ് മാര്‍ഗമുള്ള യാത്ര ഏറ്റവും അവസാന മിനിറ്റിലെടുത്ത തീരുമാനമാണ്. അദ്ദേഹം ഹെലികോപ്റ്ററില്‍ പോകുമെന്നായിരുന്നു അറിയിച്ചിരുന്നത്. അദ്ദേഹത്തിന്റെ റാലിക്കായുള്ള ഒരുക്കത്തിലായിരുന്നു ഇന്നലെ അര്‍ധരാത്രി മുഴുവന്‍ ഞാന്‍. 70000 പേര്‍ റാലിക്കെത്തുമെന്ന് പറഞ്ഞതുകൊണ്ട് അതിനുവേണ്ടിയുള്ള കസേരകളെല്ലാം ഒരുക്കി. എന്നാല്‍ വെറും 700 പേര്‍ മാത്രമാണ് റാലിയില്‍ എത്തിയത്,’ ചന്നി പറഞ്ഞു.

Image

അതേസമയം, പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയില്‍ ജനങ്ങളാരും പങ്കെടുക്കാത്തതിന്റെ നാണക്കേട് മറയ്ക്കുന്നതിനായാണ് ബി.ജെ.പി സുരക്ഷാവിഴ്ചയെന്ന വിഷയം ഉയര്‍ത്തിക്കാട്ടുന്നതെന്നായിരുന്നു പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു പറഞ്ഞത്.

Image

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
Content highlight: PM’s security breach sparks row, old animated videos of farmers chasing Modi go viral