മോദിയുടെ ആസ്തി മൂന്ന് കോടി രൂപ, സ്വന്തമായി വീടോ കാറോ ഇല്ല; തെരഞ്ഞെടുപ്പ് സത്യവാങ്മൂലം
national news
മോദിയുടെ ആസ്തി മൂന്ന് കോടി രൂപ, സ്വന്തമായി വീടോ കാറോ ഇല്ല; തെരഞ്ഞെടുപ്പ് സത്യവാങ്മൂലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2024, 9:18 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി മൂന്ന് കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം. വാരണാസിയില്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മോദിയുടെ സ്വത്തുക്കളുടെ വിവരം നല്‍കിയിരിക്കുന്നത്.

ആകെയുള്ള സ്വത്ത് മൂന്ന് കോടി രൂപയാണെന്നാണ് സത്യവാങ്മൂലത്തില്‍ മോദി അവകാശപ്പെട്ടത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 52,920 രൂപ പണമായും 2.85 കോടിയുടെ സ്ഥിരനിക്ഷേപവും ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

എന്നാല്‍ സ്ഥാവര സ്വത്തുക്കളുടെ കണക്കുകളൊന്നും മോദി സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ല. അതോടൊപ്പം തന്നെ സ്വന്തമായി വീടോ കാറോ ഇല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

വരുമാനം 2018-19 വര്‍ഷത്തിലെ 11 ലക്ഷത്തില്‍ നിന്നും 2022-23 ലെത്തി നിൽക്കുമ്പോൾ 23.56 ലക്ഷമായി ഉയര്‍ന്നെന്നും പറഞ്ഞു.
2.67 ലക്ഷം രൂപ വിലവരുന്ന നാല് സ്വര്‍ണമോതിരങ്ങളും സ്വന്തമായി ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേര്‍ത്തു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1.66 കോടിയുടെ സ്വത്ത് ഉണ്ടെന്നും 2019ല്‍ 2.51 കോടി രൂപയുടെ സ്വത്തുമാണ് സ്വന്തമായി ഉള്ളതെന്നാണ് മോദി അവകാശപ്പെട്ടത്.

എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി 2014ല്‍ വാരണാസിയില്‍ നിന്നാണ് മോദി ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചത്. ഇത് മൂന്നാം തവണയാണ് വാരണാസിയില്‍ നിന്ന് തന്നെ മോദി ജനവിധി തേടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ജൂണ്‍ ഒന്നിനാണ് വാരണാസിയില്‍ വോട്ടെടുപ്പ് നടക്കുക.

Content Highlight: PM Modi has assets worth Rs 3.02 crore, owns no house or car