'കോടിയേരിയുടെ കക്ഷത്തിലെ ഏലസ്, സന്ദീപ് സി.പി.ഐ.എം, കോണ്‍ഗ്രസ് വനിതാ നേതാവിന്റെ മുടി സി.പി.ഐ.എമ്മുകാര്‍ മുറിച്ചു'- തിരുത്തിയോ നിങ്ങള്‍?; മാധ്യമങ്ങളോട് പിണറായി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടെ മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകളെക്കുറിച്ചും ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
‘സൈബര്‍ ആക്രമണങ്ങളില്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഒരാള്‍ക്കുമെതിരെ വ്യക്തിപരമായ ഒരാക്രമണവും ഉണ്ടാകരുത്. അത് സൈബര്‍ സ്‌പേസിലായാലും മീഡിയാ സ്‌പേസിലായാലും ഈ നിലപാട് തന്നെയാണ്.’
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് സി.പി.ഐ.എമ്മുകാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ കേരളത്തിലെ പ്രമുഖ മാധ്യമം ശ്രമിച്ചുവെന്ന് പിണറായി പറഞ്ഞു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കക്ഷത്തിലെ മെഡിക്കല്‍ ഉപകരണത്തെ ഏലസായി ചിത്രീകരിച്ച സംഭവവും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പ്രതികരണം:
വാര്‍ത്തകളുടെ കാര്യത്തിലേക്ക് പോയാല്‍ ഏതെല്ലാം വാര്‍ത്തകളാണ് പറയാന്‍ പറ്റുക. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സന്ദീപ് സി.പി.ഐ.എം പ്രവര്‍ത്തകനാണെന്ന് ആദ്യമായി വാര്‍ത്ത നല്‍കിയത് നമ്മുടെ നാട്ടിലെ ഒരു പ്രമുഖ മാധ്യമമല്ലേ. അയാള്‍ ഏത് പാര്‍ട്ടിയിലാണ് നില്‍ക്കുന്നത് എന്ന് എല്ലാവരും കണ്ടില്ലേ.
കോടിയേരി ബാലകൃഷ്ണന്റെ കക്ഷത്തിലേക്ക് ക്യാമറ സൂം ചെയ്ത് ഏലസ് കണ്ടുപിടിച്ചത് ഓര്‍മ്മയില്ലേ. ഒരു മെഡിക്കല്‍ എക്യൂപ്‌മെന്റ് ശരീരത്തിലുള്ളതിനെയാണല്ലോ മാന്ത്രിക ഏലസാണെന്ന് ചിത്രീകരിക്കാന്‍ ശ്രമം നടന്നത്.
ഒരു തെരഞ്ഞെടുപ്പ് കാലത്താണ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ വാര്‍ഡിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ഒരു കോണ്‍ഗ്രസ് വനിതാ നേതാവിന്റെ മുടി സി.പി.ഐ.എം പ്രവര്‍ത്തകര്‍ മുറിച്ചു എന്ന വാര്‍ത്ത ഒന്നാം പേജിലിട്ടത്. പിന്നെയെന്താണ് ബോധ്യപ്പെട്ടത്. അവര്‍ സ്വയം മുടി മുറിച്ചതാണ് എന്ന്.
തിരുത്തിയോ, മാപ്പ് പറഞ്ഞോ. കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ അന്നല്ലേ കെവിന്‍ വധക്കേസില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പങ്കെന്ന് രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞത് വരെ വിളിച്ചുപറഞ്ഞത്. ഒടുക്കം എന്തായി.