തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്പസിന് ആര്‍.എസ്.എസ് നേതാവായിരുന്ന എം.എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വിയോജിപ്പറിയിച്ച് മുഖ്യമന്ത്രി, കേന്ദ്ര ആരോഗ്യ- ശാസ്ത്ര- സാങ്കേതിക മന്ത്രി ഹര്‍ഷവര്‍ധന് കത്തെഴുതി.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിക്ക് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സ്ഥാപനത്തിന് വിഖ്യാത ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരിടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനം രാഷ്ട്രീയ വിഭാഗീയതക്ക് അതീതമാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനം കൂടുതല്‍ വികസനം ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാറിന് കൈമാറിയത്.
പേര് മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടെങ്കില്‍ തിരുത്തണമെന്നും തീരുമാനമെടുത്തില്ലെങ്കില്‍ സര്‍ക്കാറിന്റെ അപേക്ഷ പരിഗണിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
നേരത്തെ പേര് മാറ്റത്തില്‍ എതിര്‍പ്പറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രത്തിന് കത്തയച്ചിരുന്നു.
ഡിസംബര്‍ 22 മുതല്‍ 25 വരെ നടത്താനിരിക്കുന്ന ഇന്ത്യാ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ (ഐ.ഐ.എസ്.എഫ്) ആറാം പതിപ്പിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ സെഷനില്‍ സംസാരിക്കവേയായിരുന്നു കേന്ദ്രമന്ത്രി പേരുമാറ്റം പ്രഖ്യാപിച്ചത്.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാംപസിനാണ് ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.