ജൂനിയര്‍ ദാസനും വിജയനും, 'ദുബായ് കടപ്പുറത്തെ' ചിത്രം വൈറല്‍; നന്ദി പറഞ്ഞ് പ്രണവ്
Film News
ജൂനിയര്‍ ദാസനും വിജയനും, 'ദുബായ് കടപ്പുറത്തെ' ചിത്രം വൈറല്‍; നന്ദി പറഞ്ഞ് പ്രണവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd January 2022, 3:21 pm

കാത്തിരിപ്പിനൊടുവില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇതിനോടകം തന്നെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഹൗസ് ഫുള്ളായി പ്രദര്‍ശിപ്പിക്കുകയാണ് ഹൃദയം. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തെ പറ്റി പോസിറ്റീവായ റിവ്യൂകളാണ് പുറത്ത് വരുന്നത്.

പ്രണവിനെ പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് വന്നത്. ഹൃദയത്തിലെ കേന്ദ്ര കഥാപാത്രമായ അരുണ്‍ നീലകണ്ഠനെ പ്രണവ് മികച്ചതാക്കിയിട്ടുണ്ട്. അയാള്‍ കടന്നുപോകുന്ന വ്യത്യസ്തമായ വികാരങ്ങളെയും ജീവിതമുഹൂര്‍ത്തങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ പ്രണവിന് കഴിയുന്നുണ്ട്.

സിനിമയെ പറ്റിയുള്ള നല്ല പ്രതികരണങ്ങള്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് പ്രണവ്.

‘എല്ലാവരുടെയും സ്‌നേഹത്തിനും പ്രതികരണങ്ങള്‍ക്കും നന്ദി, ഫീലിംഗ് ബ്ലെസ്ഡ്,’ എന്നാണ് പ്രണവ് ട്വിറ്ററില്‍ കുറിച്ചത്. ഇതിനൊപ്പം മറീന ബീച്ചില്‍ വിനീതിനൊപ്പം നില്‍ക്കുന്ന ചിത്രവും പ്രണവ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റേയും ശ്രീനിവാസന്റേയും കഥാപാത്രങ്ങളായ ദാസനും വിജയനും ദുബായ് കടപ്പുറം എന്ന് തെറ്റിദ്ധരിച്ച് മെറീന ബീച്ചില്‍ നില്‍ക്കുന്ന അതേ സ്ഥലത്താണ് പ്രണവും വിനീതും നില്‍ക്കുന്നത്.

ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ജൂനിയര്‍ ദാസനും വിജയനും, ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നു എന്നുമൊക്കെയാണ് കമന്റുകള്‍ വരുന്നത്. വിനീതും അജു വര്‍ഗീസും ചിത്രം പങ്കുവെച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും സിനിമയെ പുകഴ്ത്തിയുള്ള കമന്റുകളും കുറിപ്പും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ‘ഹൃദയം കവരും ഈ ഹൃദയം,എന്നാണ് ഒരു കമന്റ്. മേക്കിംഗും പാട്ടുകളുമൊക്കെ വേറെ ലെവലാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍, ഒരു വെള്ളിയാഴ്ച മതി ജീവിതം മാറിമറിയാന്‍, ഇന്ന് പ്രണവിന്റെ ദിവസമാണ് എന്നാണ് മറ്റൊരു കമന്റ്.

പ്രണവ് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ അരുണ്‍ നീലകണ്ഠന്റെ 18 വയസ് മുതലുള്ള ജീവിതമാണ് സിനിമയുടെ കഥാപരിസരം. ചെന്നൈയിലെ എഞ്ചിനീയറിങ്ങ് പഠനക്കാലവും അവിടെ തുടങ്ങുന്ന പ്രണയവും അതിലുണ്ടാകുന്ന കുറിച്ച് സങ്കീര്‍ണതകളും സൗഹൃദങ്ങളും കണ്ടുമുട്ടുന്ന വ്യത്യസ്തരായ ആള്‍ക്കാരുമെല്ലാം ചേര്‍ന്നാണ് സിനിമ മുന്നോട്ടുപോകുന്നത്. പ്രതീക്ഷ വെക്കാവുന്ന നടന്‍ തന്നെയാണ് താനെന്ന് പ്രണവ് തെളിയിക്കുന്നുണ്ട്.

കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ മാറ്റിവെച്ചപ്പോഴും സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.

ഹൃദയത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വന്നെങ്കിലും 21 ന് തന്നെ റിലീസ് ചെയ്യുമെന്നറിയിച്ച് വിനീത് ശ്രീനിവാസന്‍ തന്നെ രംഗത്ത് വന്നിരുന്നു.

വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അജു വര്‍ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിച്ചത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.’

ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: photos of pranav mohanlal and vineeth sreenivasan gors viral