Daily News
കൊച്ചി മെട്രോയിലെ 'പാമ്പ്'; പ്രചരിക്കുന്നത് ബധിരനും മൂകനുമായ വ്യക്തിയുടെ ചിത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jun 24, 08:07 am
Saturday, 24th June 2017, 1:37 pm

കൊച്ചി: കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് ബധിരനും മൂകനുമായ വ്യക്തിയുടെ ചിത്രം. അങ്കമാലി കിടങ്ങൂരിലെ എല്‍ദോയെന്ന വ്യക്തിയുടെ ചിത്രമാണ് “മെട്രോയിലെ പാമ്പ്” എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്.

ഏറണാകുളം ജനറല്‍ ആശുപത്രിയിലേക്കു പോയി മടങ്ങിവരവേയാണ് എല്‍ദോയും കുടുംബവും മെട്രോയില്‍ കയറിയത്. യാത്രയ്ക്കിടെ എല്‍ദോ ഉറങ്ങിപ്പോയി. ഇതിന്റെ ചിത്രങ്ങള്‍ മദ്യപിച്ച് കിടന്നുറങ്ങുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയായിരുന്നു.


Must Read: ‘കാസര്‍കോട് പെണ്‍കുട്ടികളെ മതംമാറ്റുന്നവര്‍ക്ക് പണംവാഗ്ദാനം ചെയ്ത് ഐസിസ്’ ഏഴുവര്‍ഷം മുമ്പുള്ള ഫോട്ടോഷോപ്പ് ഇമേജുമായി കേരളത്തിനെതിരെ ടൈംസ് നൗ: വ്യാജപ്രചരണം പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്


ഏറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന അനുജനെ ഓര്‍ത്തുള്ള വിഷമം കൊണ്ട് കിടന്നുപോയതാണ് എന്നാണ് സംഭവത്തെക്കുറിച്ച് എല്‍ദോയുടെ ബന്ധുക്കള്‍ പറയുന്നത്.

“ഞാനും പപ്പയും മമ്മിയും കൂടി ഏറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പോയി. തിരിച്ചുവരുമ്പോള്‍ ഞാന്‍ മെട്രോ കയറണമെന്ന് പറഞ്ഞു. അങ്ങനെയാണ് മെട്രോയില്‍ വന്നത് ” മകന്‍ പറയുന്നു.

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ജോലി ചെയ്യുകയാണ് എല്‍ദോ.