national news
പെട്രോള്‍ വിലവര്‍ദ്ധനയില്‍ സൗദിയുടെ നിര്‍ദേശത്തില്‍ ചൊടിച്ച് ഇന്ത്യ; കേന്ദ്ര മന്ത്രിയുടെ കണ്ണ് ഇറാനിലേക്കോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 27, 05:21 am
Saturday, 27th March 2021, 10:51 am

ന്യൂദല്‍ഹി: കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കാന്‍ ഇന്ത്യ തന്ത്രപരമായി പെട്രോളിയത്തിന്റ കരുതല്‍ ശേഖരം നടത്തണമെന്ന സൗദി നിര്‍ദേശത്തില്‍ വിമര്‍ശനവുമായി പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍.

ഇന്ത്യയ്ക്ക് മികച്ച ബിസിനസ് ഡീല്‍ നല്‍കുന്ന ഏത് രാജ്യവുമായും തങ്ങള്‍ സഹകരിക്കുമെന്നും അവരില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ ശേഖരിക്കുമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

” സൗദിയുടെ നിര്‍ദേശം നയതന്ത്രപരമല്ല. ഞങ്ങള്‍ ബഹുമാനത്തോടെ ഇന്ത്യയുടെ സുഹൃത്തുകൂടിയായ സൗദിയുടെ നിര്‍ദേശത്തെ തള്ളുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനത്തില്‍ നിയന്ത്രണം കൊണ്ടു വന്ന തീരുമാനം പിന്‍വലിക്കണമെന്ന് പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ തന്ത്രപ്രധാനമായ കരുതല്‍ ശേഖരത്തിനായി വില കുറഞ്ഞ ക്രൂഡ് ഓയില്‍ ഉപയോഗിക്കണമെന്ന് സൗദി ഊര്‍ജ വകുപ്പ് മന്ത്രി നിര്‍ദേശിച്ചിരുന്നു.

ഇതിന് മറുപടിയായാണ് ഇപ്പോള്‍ ഏത് രാജ്യത്തില്‍ നിന്നും എണ്ണ വാങ്ങുവാനുള്ള അവകാശം രാജ്യത്തിനുണ്ടെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാന്‍. അമേരിക്കയില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് ജൊ ബൈഡന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് പുനരാലോചിക്കും എന്ന സൂചന നല്‍കിയിരുന്നു. എന്നാല്‍ ബൈഡന്‍ ഇതുവരെ ഇറാന് ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pradhan: Saudi suggestion to use oil reserves ‘undiplomatic’