കൊൽക്കത്ത: ബംഗാളിലെ റോഡ് ഷോയിലും വിദ്വേഷ പരാമർശം ആയുധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊവിഡ് വാക്സിൻ വന്നു കഴിഞ്ഞാൽ ഉടൻ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ ബംഗാളിലെ റാലിയിൽ പറഞ്ഞു. പൗരത്വ നിയമം നടപ്പിലാക്കുന്ന ഘട്ടത്തിലാണ് കൊവിഡ് മഹാമാരി വന്നത്. ഇക്കാരണത്താൽ ചട്ടങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതിനാലാണ് നിയമം നടപ്പിലാക്കുന്നത് വൈകിയതെന്നും അമിത് ഷാ പറഞ്ഞു.
ബംഗ്ലാദേശിൽ നിന്നുള്ള ആളുകളുടെ കടന്നുകയറ്റത്തിൽ നിന്നും അക്രമ രാഷ്ട്രീയത്തിൽ നിന്നും അഴിമതിയിൽ നിന്നും പശ്ചിമ ബംഗാളിലെ ജനങ്ങൾ മോചനം ആഗ്രഹിക്കുന്നുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ബി.ജെ.പി ബംഗാളിലെ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ ബംഗാളിലെത്തിയത്. പ്രമുഖ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ശുഭേന്ദു അധികാരിയടക്കം 10 എം.എൽ.എമാരും ഒരു എം.പിയും അമിത് ഷാ പങ്കെടുത്ത റാലിയിൽ ബി.ജെ.പിയിൽ ചേർന്നിരുന്നു.
എല്ലാ മാസവും അമിത് ഷാ ബംഗാളിൽ എത്തുമെന്നാണ് പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞത്. അതേസമയം അമിത് ഷാ ഉയർത്തുന്ന വെല്ലുവിളികളെ ശക്തമായ രീതിയിൽ പ്രതിരോധിക്കാനാണ് തൃണമൂൽ കോൺഗ്രസ് പദ്ധതിയിടുന്നത്.
പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായി അമിത് ഷാ പറഞ്ഞ ഏഴ് കാര്യങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാന്‍ രംഗത്തെത്തിയിരുന്നു.
ബി.ജെ.പി ‘ടൂറിസ്റ്റ് ഗാങ്ങി’ന്റെ വിശ്വസ്തനായ ഷായുടെ പ്രസംഗത്തിലെ കെട്ടിച്ചമച്ച, തെറ്റായ ഏഴു വിവരങ്ങള്‍ എന്ന ക്യാപ്ഷനോട് കൂടിയാണ് ഒബ്രിയാന്‍ പ്രസ്താവന പുറത്തിറക്കിയത്.
മമതാ ബാനര്‍ജി കോണ്‍ഗ്രസ് വിട്ടത് മറ്റൊരു പാര്‍ട്ടിക്ക് വേണ്ടിയാണ്. എന്നിട്ട് ഇപ്പോള്‍ പാര്‍ട്ടിയിലുള്ളവര്‍ കൂറുമാറിയെന്ന് ആരോപിക്കുന്നു എന്നായിരുന്നു ഷാ യുടെ ഒരു വാദം. കഴിഞ്ഞ ദിവസം സുവേന്തു അധികാരി അടക്കമുള്ള തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇക്കാര്യം വിശദീകരിക്കവെയായിരുന്നു ഷായുടെ പ്രസ്താവന.എന്നാല്‍ മമത കോണ്‍ഗ്രസ് വിട്ടത് മറ്റൊരു പാര്‍ട്ടിയില്‍ ചേരാനല്ല, പകരം സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടാക്കാനാണ്. 1998ല്‍ അവര്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയെന്ന് ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.
2021 നിയമസഭ തെരഞ്ഞെടുപ്പിനായി ശക്തമായ പോരാട്ടം നടക്കവെയാണ് വിദ്വേഷ പരാമർശങ്ങളും റാലിക്കിടയിൽ അമിത് ഷാ നടത്തിയത്.