മുംബൈ: നിലപാട് കൊണ്ടും അഭിനയമികവുകൊണ്ടും ഹോളിവുഡില്‍ വരെ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡില്‍ ചുവടുറപ്പിക്കുന്ന കാലത്ത് താന്‍ നേരിട്ട പ്രധാന പ്രശ്‌നം തന്റെ പേരായിരുന്നുവെന്ന് തുറന്നുപറയുകയാണ് പ്രിയങ്ക. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ വെളിപ്പെടുത്തല്‍.
ഹോളിവുഡില്‍ പലരും തന്റെ പേര് തെറ്റായാണ് ഉച്ചരിച്ചിരുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ചോപ്ര എന്ന വാക്ക് പലരും തെറ്റായി ഷാപ്ര എന്നാണ് ഉപയോഗിച്ചിരുന്നതെന്നും പലപ്പോഴും എങ്ങനെയാണ് തന്റെ പേര് ഉച്ചരിക്കേണ്ടതെന്ന് വിശദീകരിച്ച് കൊടുക്കേണ്ടി വന്നിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
‘പ്രിയങ്ക ഷാപ്ര എന്നാണ് എല്ലാവരും എന്നെ വിളിച്ചിരുന്നത്. ഷാപ്ര അല്ല, ചോപ്ര ആണെന്ന് ഞാന്‍ തിരുത്തുമായിരുന്നു. ഓപ്രാ എന്ന് പറയാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ചോപ്രാ എന്ന് പറയാനും കഴിയുമെന്ന് ഞാന്‍ പറയുമായിരുന്നു. അത്രയും ബുദ്ധിമുട്ടുള്ള പേരല്ല എന്റേത്’, പ്രിയങ്ക പറഞ്ഞു.
ഈയടുത്തിടെ ബി.ബി.സി യ്ക്ക് നല്‍കിയ അഭിമുഖത്തിലും ഹോളിവുഡില്‍ തുടക്കക്കാലത്ത് നേരിടേണ്ടി വന്ന അനുഭവങ്ങളെപ്പറ്റി പ്രിയങ്ക മനസ്സു തുറന്നിരുന്നു.
നിറത്തിന്റെ പേരില്‍ സൗത്ത് എഷ്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെപ്പറ്റിയാണ് പ്രിയങ്ക വെളിപ്പെടുത്തല്‍ നടത്തിയത്. ഹോളിവുഡില്‍ തന്നെ കറുത്തനിറത്തിലുള്ളവര്‍ വളരെ കുറവാണ്.
അതേ ചിന്താഗതിയുള്ളവര്‍ക്ക് കടന്നുവരാനുള്ള പാതയൊരുക്കുകയാണ് തങ്ങളെപ്പോലുള്ളവരെന്നും എന്നാല്‍ അതിനിടെ ഒരു തരം നെഗറ്റീവ് മൈന്‍ഡോടെ തങ്ങളെ സമീപിക്കുന്ന ചിലരുണ്ടെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
ഒരുപാട് പേര്‍ തങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കാന്‍ മുന്നോട്ടുവരുന്നുണ്ട്. എന്നാല്‍ തങ്ങളെ കാലങ്ങളായി അറിയുന്നവരില്‍ നിന്നുള്ള ചില നെഗറ്റീവ് കമന്റുകള്‍ സഹിക്കാന്‍ പറ്റില്ലെന്നും പ്രിയങ്ക പറഞ്ഞു.
‘കുറച്ചുനാളുകള്‍ക്ക് മുമ്പ് ഇക്കാര്യം ഞാന്‍ സംസാരിച്ചിരുന്നു. എന്തുകൊണ്ടാണ് നമ്മുടെ സ്വന്തം കമ്മ്യൂണിറ്റിയില്‍ നിന്ന് തന്നെ നെഗറ്റീവ് കമന്റുകള്‍ വ്യാപകമാകുന്നത്. കറുത്ത നിറത്തിലുള്ളവര്‍ ഹോളിവുഡില്‍ തന്നെ വളരെ കുറച്ചാണ് ഉള്ളത്. ശരിയല്ലേ? വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ഞങ്ങളെ പോലുള്ളവര്‍ക്ക് ഇവിടേക്കുള്ള വഴിയൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പിന്നെന്തിനാണ് ഞങ്ങള്‍ക്ക് നേരെ ഇത്രയധികം നെഗറ്റീവ് കമന്റുകള്‍’, എന്നാണ് പ്രിയങ്ക പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക