ഉക്രൈന് സൈനിക സഹായം നല്‍കാന്‍ പണമില്ലെന്ന് പെന്റഗണ്‍ 'പ്ലാന്‍ ബി' യില്ലെന്ന് ഉക്രൈന്‍
World News
ഉക്രൈന് സൈനിക സഹായം നല്‍കാന്‍ പണമില്ലെന്ന് പെന്റഗണ്‍ 'പ്ലാന്‍ ബി' യില്ലെന്ന് ഉക്രൈന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th January 2024, 1:04 pm

 

ന്യൂയോര്‍ക്ക്: ഉക്രൈന് നല്‍കികൊണ്ടിരുന്ന സൈനിക സഹായ ഫണ്ടിന്റെ കാലവധി കഴിഞ്ഞതായി പെന്റഗണ്‍. പുതിയ സഹായ പാക്കേജ് പാസാക്കിയില്ലെങ്കില്‍ ഇനി ഫണ്ട് നല്‍കാന്‍ കഴിയില്ലയെന്ന് പെന്റഗണ്‍ വക്താവ് മേജര്‍ ജനറല്‍ പാട്രിക് റൈഡര്‍ പറഞ്ഞു.

ആയുധങ്ങള്‍ക്കായി 4.2 ബില്യണ്‍ ഡോളര്‍ കൂടി നല്‍കാന്‍ പെന്റഗണിന് അധികാരമുണ്ട്. പക്ഷേ പാര്‍ലമെന്റിന്റെ അനുമതി ലഭിക്കാത്തതാണ് നിലവിലെ തടസമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ യുദ്ധ ഡ്രോണുകള്‍, ലോംഗ് റേഞ്ച് മിസൈലുകള്‍, വ്യോമ പ്രതിരോധ ശേഷിയുള്ള ആയുധങ്ങള്‍ എന്നിവ കിട്ടാതെ ഉക്രൈനിന് റക്ഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ സാധിക്കില്ലെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബ സി.എന്‍.എന്‍ നിനോട് പറഞ്ഞിരുന്നു. തങ്ങള്‍ക്ക് ഒരു പ്ലാന്‍ ബി യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉക്രൈന് അധിക സൈനിക സഹായ ഫണ്ടുകള്‍ പാസാക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം തടഞ്ഞിരുന്നു. ഇത് യു.എസ് പാര്‍ലമെന്റിനുള്ളില്‍ ഉക്രൈനുമായി ബന്ധപ്പെട്ട് വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ ഭിന്നതകളെയാണ് വെളിവാക്കുന്നതെന്ന് ദിമിത്രി കുലേബ ചൂണ്ടികാണിച്ചു.

ഉക്രൈന് 61 ബില്യണ്‍ ഡോളര്‍ ഉള്‍പ്പെടെ വലിയ സഹായ പാക്കേജ് പാസാക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. അന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. അതുപോലെ കോണ്‍ഗ്രസില്‍ നിന്ന് വ്യക്തമായൊരു മറുപടിയും ലഭിച്ചിരുന്നില്ല. എങ്കിലും ഉക്രൈന്‍-റഷ്യ സംഘര്‍ഷം രൂക്ഷമായപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രത്യേക സഹായ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതിനെ പിന്തുണച്ചിരുന്നു. പക്ഷേ ചില ജി.ഒ.പി അംഗങ്ങള്‍ ഈ വിഷയത്തില്‍ ആദ്യം മുതല്‍ തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു.

ഭാവിയില്‍ യു.എസ് സഹായത്തില്‍ കുറവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉക്രൈന് സ്വന്തം സൈനിക താവളം നിര്‍മ്മിക്കാന്‍ സഹായിക്കാമെന്നും ഇതിലൂടെ അവര്‍ക്ക് യുദ്ധസാമഗ്രികള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മില്ലര്‍ പറഞ്ഞിരുന്നു. 2022 ല്‍ ഉക്രൈന്‍-റഷ്യ യുദ്ധം രൂക്ഷമായപ്പോള്‍ 45 ബില്യണ്‍ ഡോളര്‍ സൈനിക സഹായം അമേരിക്ക നല്‍കിയിരുന്നു

Content Highlight: Pentagon has no money for Ukraine