ആറ്റുകാല്‍ പൊങ്കാലയ്ക്ക് പള്ളി വിട്ടുകൊടുക്കാറുണ്ട്, അദ്വൈതാശ്രമത്തില്‍ ഈദ് ഗാഹ് നടക്കുന്നുണ്ട്: പി.സി ജോര്‍ജിനെപ്പോലുള്ള വര്‍ഗീയ വാദികളെ ഒറ്റപ്പെടുത്തണമെന്ന് പാളയം ഇമാം
Kerala
ആറ്റുകാല്‍ പൊങ്കാലയ്ക്ക് പള്ളി വിട്ടുകൊടുക്കാറുണ്ട്, അദ്വൈതാശ്രമത്തില്‍ ഈദ് ഗാഹ് നടക്കുന്നുണ്ട്: പി.സി ജോര്‍ജിനെപ്പോലുള്ള വര്‍ഗീയ വാദികളെ ഒറ്റപ്പെടുത്തണമെന്ന് പാളയം ഇമാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd May 2022, 10:32 am

തിരുവനന്തപുരം: മുസ്‌ലിം സമുദായത്തെ അധിക്ഷേപിച്ചുകൊണ്ട് വര്‍ഗീയ പ്രസംഗം നടത്തിയ പി.സി ജോര്‍ജ് സമൂഹത്തോട് മാപ്പ് പറയണമെന്ന് പാളയം ഇമാം വി.പി ഷുഹൈബ് മൗലവി. പാളയം പള്ളിയില്‍ നടന്ന ഈദ് ഗാഹിലാണ് ഇമാമിന്റെ പ്രതികരണം.

വര്‍ഗീയ പ്രസംഗക്കാരെ ഒറ്റപ്പെടുത്തണമെന്നും ഏത് മത, രാഷ്ട്രീയത്തില്‍പ്പെട്ടവര്‍ ആയാലും മാറ്റി നിര്‍ത്തണമെന്നും ഇമാം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ കയ്യടിക്കരുത്. ഈ പരിപ്പ് ഇവിടെ വേവില്ല എന്നു പറയണം. അദ്വൈതാശ്രമത്തിലും ഈദ് ഗാഹ് നടക്കുന്നുണ്ട്. ആറ്റുകാല്‍ പൊങ്കാല നടക്കുമ്പോള്‍ പാളയം പള്ളി വിട്ടുകൊടുക്കാറുണ്ട്. അതാണ് നാടിന്റെ പാരമ്പര്യം, അദ്ദേഹം പറഞ്ഞു.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പി.സി. ജോര്‍ജ് കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്.

ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ്‌ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നുമുള്‍പ്പടെ മുസ്‌ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രസ്താവനകളായിരുന്നു പി.സി ജോര്‍ജ് നടത്തിയത്.

തുടര്‍ന്ന് പി.സി ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും പി.സി ജോര്‍ജിനെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു പി.സി ജോര്‍ജ് പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ജോര്‍ജ് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. മുസ്‌ലിം തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ സമ്മാനമാണ് തന്റെ അറസ്റ്റെന്നും, മതസൗഹാര്‍ദത്തിനു വിരുദ്ധമായി ഒന്നും പ്രസംഗിച്ചിട്ടില്ലെന്നുമായിരുന്നു പി.സി ജോര്‍ജ് പറഞ്ഞത്.

അതേസമയം പി.സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.പി.എസ്.സി അധ്യാപകനായ അന്‍വര്‍ പാലോട്് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

ജാമ്യം ലഭിച്ചതിന് പിന്നാലെ തന്നെ ജോര്‍ജ്ജ് കോടതി വളപ്പില്‍ വാര്‍ത്താ സമ്മേളനം നടത്തിയത് തന്നെ ഞെട്ടിച്ചെന്നും, എം.എ യൂസഫലിക്കെതിരായ പ്രസ്താവന ഉഴിച്ച് ബാക്കിയുള്ള പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അന്‍വര്‍ പരാതിയില്‍ പറയുന്നു.

Content Highlight: Palayam Imam Comment about P.C. George