പാലക്കാട്: പ്രണയവിവാഹത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് തേങ്കുറിശ്ശിയി മാനാംകുളത്താണ് സംഭവം. തേങ്കുറിശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് അനീഷിന്റെ ഭാര്യയുടെ അമ്മാവനായ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനീഷിന്റെ ഭാര്യയുടെ പിതാവായ പ്രഭുവും സുരേഷും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
പ്രഭു ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
കൊലപാതകം ആസൂത്രിതമാണെന്ന് അനീഷിന്റെ സഹോദരന്‍ പറഞ്ഞു. സംഭവത്തിന് ദൃക്‌സാക്ഷിയാണ് താനെന്നും ഇദ്ദേഹം പറഞ്ഞു. അനീഷിന്റെ ശരീരത്തില്‍ കുത്തേറ്റ പാടുകളുണ്ട്. സഹോദരന്റ ഭാര്യയുടെ പിതാവും അമ്മാവനും ചേര്‍ന്ന് അനീഷിനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.
പെയിന്റിംഗ് തൊഴിലാളിയാണ് കൊല്ലപ്പെട്ട അനീഷ്. മൂന്ന് മാസം മുമ്പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യയുടെ വീട്ടുകാര്‍ വിവാഹത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഇരുവരും രണ്ട് ജാതിയില്‍പ്പെട്ടവരാണ്. കൊല്ലപ്പെട്ട അനീഷ് കൊല്ല സമുദായത്തിലും ഹരിത പിള്ള സമുദായത്തിലും പെട്ടവരാണ്.
എന്നാല്‍ വിവാഹത്തിന് ശേഷവും ഭാര്യയുടെ വീട്ടുകാരില്‍ നിന്ന് അനീഷിന് നിരന്തര ഭീഷണികളുണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം സംഭവം ദുരഭിമാനകൊലയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യയുടെ വീട്ടുകാരുടെ ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനീഷ് പുറത്തേക്ക് പോകാറില്ലായിരുന്നു.
ഈയടുത്ത ദിവസങ്ങളിലാണ് ഇദ്ദേഹം പുറത്തേക്കിറങ്ങിയത്. വീടിനടുത്തുള്ള സ്ഥലത്ത് ജോലിയ്ക്ക് പോയി തിരിച്ചുപോകും വഴിയാണ് അനീഷിന് നേരെ ആക്രമണമുണ്ടായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക