Sports News
ഒടുവില്‍ ഷഹീന്‍ അഫ്രിദിയും ആ പേര് വിളിച്ചു? ബാബര്‍ ക്രൂരമായി അപമാനിക്കപ്പെട്ടെന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Oct 11, 07:01 am
Friday, 11th October 2024, 12:31 pm

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മുള്‍ട്ടാനില്‍ പുരോഗമിക്കുകയാണ്. തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് ഇംഗ്ലണ്ട് മുള്‍ട്ടാനില്‍ സ്വന്തമാക്കിയത്. ഇന്നിങ്‌സിനും 47 റണ്‍സിനുമായിരുന്നു പാകിസ്ഥാന്റെ പരാജയം.

സ്‌കോര്‍

പാകിസ്ഥാന്‍: 556 & 220

ഇംഗ്ലണ്ട്: 823/7d

മത്സരത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചായകുന്നത്. ഇംഗ്ലണ്ട് ഇന്നിങ്‌സിനിടെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദി മുന്‍ നായകന്‍ ബാബര്‍ ‘സിംബു… സിംബു…’ എന്ന് വിളിക്കുന്ന വീഡിയോയാണ് ക്രിക്കറ്റ് സര്‍ക്കിളുകളിലെ പ്രധാന ചര്‍ച്ചാ വിഷയം.

എന്താണ് സിംബു അഥവാ സിംബാബര്‍?

കുഞ്ഞന്‍ ടീമുകളെ തല്ലി റെക്കോഡിടുന്നു എന്ന രീതിയില്‍ ബാബര്‍ അസമിനെ കളിയാക്കി വിളിക്കുന്ന പേരാണ് സിംബു അഥവാ സിംബാബര്‍. സ്ഥിരമായി സിംബാബ്‌വേക്കെതിരെയാണ് ബാബര്‍ ഇത്തരത്തില്‍ സ്‌കോര്‍ ചെയ്യാറുള്ളത്. ഇതിനെ കുറിക്കുന്ന രീതിയിലാണ് സിംബാബ്‌വേ മര്‍ദകന്‍ എന്ന തരത്തില്‍ ആരാധകര്‍ സിംബാബര്‍ എന്ന് ബാബര്‍ അസമിനെ കളിയാക്കി വിളിക്കുന്നത്.

കുഞ്ഞന്‍ ടീമുകളെ പഞ്ഞിക്കിട്ട് ബാബര്‍ അസം റെക്കോഡിടുന്നു എന്ന വാദം പൂര്‍ണമായി അംഗീകരിക്കാന്‍ സാധിക്കില്ലെങ്കിലും ഒരിക്കലും പൂര്‍ണമായി തള്ളിക്കളയാനും സാധിക്കില്ല.

മുള്‍ട്ടാനില്‍ പാകിസ്ഥാന് ചരമഗീതം

സ്വന്തം മണ്ണിലെ ഏറ്റവും നാണംകെട്ട തോല്‍വികളിലൊന്നാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടിനോട് ഏറ്റുവാങ്ങിയത്. 267 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച പാകിസ്ഥാന് 220 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ആദ്യ ഇന്നിങ്‌സില്‍ മൂന്ന് താരങ്ങളുടെ സെഞ്ച്വറിയുമായി പാകിസ്ഥാന്‍ 556 എന്ന മികച്ച സ്‌കോറിലെത്തിയിരുന്നു. ഹൈവേയെ തോല്‍പിക്കുന്ന പിച്ചിന്റെ സകല ആനുകൂല്യവും ആതിഥേയര്‍ മുതലെടുത്തപ്പോള്‍ അതിനേക്കാള്‍ മികച്ച രീതിയില്‍ പിച്ചിന്റെ ദൗര്‍ബല്യത്തെ ഇംഗ്ലണ്ട് മുതലെടുത്തു.

ഹാരി ബ്രൂക് ട്രിപ്പിള്‍ സെഞ്ച്വറിയും ജോ റൂട്ട് ഇരട്ട സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് 823ല്‍ ഏഴ് എന്ന നിലയില്‍ നില്‍ക്കവെ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

267 റണ്‍സിന്റെ കടവുമായി ഇറങ്ങിയ പാകിസ്ഥാന് ആദ്യ പന്തില്‍ തന്നെ ഒന്നാം ഇന്നിങ്‌സിലെ സെഞ്ചൂറിയന്‍മാരില്‍ ഒരാളെ നഷ്ടമായി. പിന്നാലെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ആതിഥേയര്‍ക്ക് മേല്‍ അധീശത്വം സ്ഥാപിക്കുന്ന കാഴ്ചയാണ് മുള്‍ട്ടാനില്‍ കണ്ടത്.

ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാല് വിക്കറ്റ് നേടി. ഗസ് ആറ്റ്കിന്‍സണും ബ്രൈഡന്‍ ക്രേസും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. അബ്രാര്‍ അഹമ്മദ് ആബ്‌സന്റ് ഹര്‍ട്ടായപ്പോള്‍ ക്രിസ് വോക്‌സാണ് ശേഷിച്ച വിക്കറ്റും നേടിയത്.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് ലീഡ് നേടാനും ഇംഗ്ലണ്ടിനായി.

ഒക്ടോബര്‍ 15നാണ് പരമ്പരയിലെ അടുത്ത മത്സരം. മുള്‍ട്ടാന്‍ തന്നെയാണ് വേദി.

 

Content highlight: PAK vs ENG: A Video of Shaheen Afridi goes viral