'തിരുവഞ്ചൂരിന് മര്‍ദനമേറ്റെന്ന് പ്രതിപക്ഷ ആരോപണവും, തിരിച്ചടിയായി തിരുവഞ്ചൂരിന്റെ പ്രതികരണവും'
kerala new
'തിരുവഞ്ചൂരിന് മര്‍ദനമേറ്റെന്ന് പ്രതിപക്ഷ ആരോപണവും, തിരിച്ചടിയായി തിരുവഞ്ചൂരിന്റെ പ്രതികരണവും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th March 2023, 6:25 pm

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഓഫീസിന് മുന്നില്‍ നടന്ന പ്രതിപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധത്തിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മര്‍ദനമേറ്റെന്ന ആരോപണം വ്യാജമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.

എം.എല്‍.എമാരെ തടഞ്ഞ് നിര്‍ത്തുന്നത് കണ്ട് താന്‍ അങ്ങോട്ടേക്ക് ചെന്നതാണെന്നും, കയ്യേറ്റം ചെയ്തു എന്ന ആക്ഷേപം തനിക്കില്ലെന്നും തിരുവഞ്ചൂര്‍ പറയുന്നതിന്റെ ഒരു ഓഡിയോ പത്രസമ്മേളനത്തില്‍ രാജീവ് കേള്‍പ്പിച്ചു. ന്യൂസ് 18 ചാനലിന് നല്‍കിയ പ്രതികരണത്തിലായിരുന്നു കയ്യേറ്റം ചെയ്തു എന്നൊരാക്ഷേപം തനിക്കില്ലെന്ന് തിരുവഞ്ചൂര്‍ പറയുന്നത്.

തിരുവഞ്ചൂരിനെപ്പോലെ പരിണിത പ്രജ്ഞനായ ആളെപ്പോലും പ്രതിപക്ഷ നേതാവ് അദ്ദേഹം പറയാത്ത കാര്യം പറഞ്ഞ് ഇവിടേക്ക് വലിച്ചിഴക്കേണ്ട കാര്യമുണ്ടോ എന്നും രാജീവ് ചോദിച്ചു. ഇത്തരം കാര്യങ്ങള്‍ സഭയില്‍ പറയുമ്പോഴാണ് തങ്ങള്‍ എഴുന്നേല്‍ക്കുന്നതെന്നും അപ്പോള്‍ അതിനോട് പ്രതികരിക്കില്ലെന്നും അതൊരു നല്ല രീതിയല്ലെന്നും രാജീവ് പറഞ്ഞു.

സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ ആക്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതിപക്ഷത്തെ ചില എം.എല്‍.എമാരും ആരോപണം ഉന്നയിച്ചിരുന്നു.’

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഉമ തോമസ് എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സഭാ നടപടികള്‍ ബഹിഷ്‌കരിച്ച പ്രതിപക്ഷം സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്.