ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ് | പി.എന്‍ ദാസ് ഓര്‍മ
Discourse
ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ് | പി.എന്‍ ദാസ് ഓര്‍മ
സി. ലതീഷ്‌കുമാര്‍
Saturday, 8th August 2020, 6:31 pm

കഴിഞ്ഞ മുന്ന് ദശാബ്ദങ്ങള്‍ക്കുളളില്‍ ജീവിതത്തിന്റെ വിവിധ മേഖലയില്‍ പ്രത്യക്ഷമായും പരോക്ഷമായും തന്നെ സ്വാധീനിച്ച ഒരു നല്ല മനുഷ്യന്റെ ഓര്‍മകളിലൂടെയുളള സഞ്ചാരം. പി. എന്‍. ദാസ്- ജീവന്റെ സമഗ്ര മേഖലകളേയും ആദരവോടെ കണ്ട മനുഷ്യസ്‌നേഹി, അധ്യാപകന്‍, ചിന്തകന്‍, എഴുത്തുകാരന്‍ ഒക്കെ ആയിരുന്നു.

ഒരിക്കല്‍, പട്ടാമ്പി-കൊപ്പത്തെ നിരാലംബര്‍ താമസിക്കുന്ന അഭയത്തില്‍ ഒരു രാത്രി-ഞങ്ങള്‍ വൈദ്യശസ്ത്രം മാസികയിലെ സുഹൃത്തുക്കള്‍ ഒന്നിച്ചുകൂടാനിടവന്നു. ഹതഭാഗ്യരായ ആ പാവങ്ങളുടെ കൂടെ രാത്രി നില്‍ക്കാനുളള സാഹചര്യം ഒരുക്കിയത്, പി. എന്‍. ദാസ് എന്ന ഞങ്ങളുടെ പ്രിയപ്പെട്ട മാഷായിരുന്നു. ഒരു പക്ഷെ, അത് ഞങ്ങളിലുളള കഠിനതയെ കഴുകിക്കളയുന്നതിനുമാവാം.

നല്ല തണുപ്പും കൊതുകും നിറഞ്ഞ അഭയത്തില്‍, രാത്രി ഞാന്‍ മാഷിന്റെ കൂടെ ഒരു ചെറിയ മുറിയിലായിരുന്നു താമസിച്ചിരുന്നത്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും അസ്വസ്ഥനായി കിടന്നു. പലവട്ടം അദ്ദേഹം എന്നോട് ചോദിച്ചു: ‘ഉറങ്ങാന്‍ കഴിയുന്നില്ലല്ലെ’. വിനയപൂര്‍വം അതൊന്നും സാരമില്ലെന്ന് പറഞ്ഞു. ഒടുവില്‍, ക്ഷീണം പിടിച്ച ഞാന്‍ അര്‍ദ്ധരാത്രി തണുപ്പില്‍ എപ്പഴോ, എങ്ങിനെയോ ഉറങ്ങി പോയി. പുലര്‍ച്ചെ ഉണര്‍ന്ന് കണ്‍ മിഴിച്ചപ്പോള്‍ ഒരു വലിയ പുതപ്പ് എന്നെ പൊതിഞ്ഞിരുന്നു. ഇരുളില്‍ തണുപ്പകന്ന് ഞാന്‍ സ്വസ്ഥനായി ഉറങ്ങി. എന്നാല്‍, പുലര്‍ന്നപ്പോള്‍ ഒരുകാര്യം ബോധ്യമായി. മാഷ് തണുപ്പില്‍ പുതപ്പില്ലാതെ ഉറങ്ങുകയായിരുന്നു.

വലിയ വാത്സല്യം കൊണ്ടാണ് അദ്ദേഹം ജീവിച്ചത്. അതാരിലേക്കും അദ്ദേഹം പകരുമായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ കൂട്ടായി, സുഹൃത്തായി, രക്ഷിതാവായി. ഓരോരുത്തരുടെയും താത്പര്യങ്ങളെ അറിഞ്ഞു കൊണ്ടുളള ഇടപെടലായി തീര്‍ന്നിരുന്നു ആ ജീവിതം.

വേദനയോളം ക്രിയേറ്റീവായ ഒന്നും തന്നെയില്ലെന്ന അടിസ്ഥാന സത്യത്തെ പഠിപ്പിച്ച ഒരു അധ്യാപകന്‍. എന്നാല്‍, വേദനയില്‍ അദ്ദേഹം പൂര്‍ണനാകുന്നത് സങ്കടത്തോടെ നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. സ്വന്തം വേദനയെ മറ്റൊരാളുടെ വേദനയുമായി സമ്പര്‍ക്കപ്പെടുത്തുന്നതില്‍ അദ്ദേഹത്തോളം തന്നെ സത്യസന്ധത പുലര്‍ത്തിയ ഒരാളുണ്ടോയെന്ന് അതിശയിക്കുന്നു.

പി.എന്‍ ദാസ്

മാഷ് എന്തായിരുന്നു എന്ന് ഒറ്റവാക്കില്‍ ഒരാള്‍ക്കും ഉത്തരം പറയാനാവില്ല. അദ്ദേഹം തേടിപ്പോകുന്ന പുസ്തകങ്ങളും ജീവിതങ്ങളുമെല്ലാം അത്തരത്തില്‍ അപൂര്‍വവും ഭിന്നവുമാണ്. ജീവിതത്തില്‍, ഏത് വൈരാഗിക്കും ഇടം നല്‍കുന്ന ക്ഷമയായിരുന്നു കൈവശം. ഏത് ചെറിയ മനുഷ്യനും പ്രിയം നല്‍കുന്ന മനസ്സും. കൂടെ നില്‍ക്കുമ്പോള്‍, ‘അയാളെ’ങ്ങിനെ ഇദ്ദേഹത്തിന്റെ കൂടെ എന്ന് അല്‍ഭുതം തോന്നുന്ന പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. ചുരുക്കത്തില്‍, മലയാളികളുടെ ‘സെയ്്ന്റ് ഫ്രാന്‍സ്സിസ്’ എന്ന് പറയാനാണിഷ്ടം.

എല്ലാ ചെറുപ്പങ്ങളെയും പോലെ, പ്രതിഷേധവും പ്രതിരോധവുമുണ്ടായിരുന്ന ഒരു സാധാരണ മനുഷ്യനില്‍ നിന്നാണ് അദ്ദേഹത്തിന്റെ ആത്മീയത തുടങ്ങുന്നത്. അതിന്റെ മൗലികതയെക്കുറിച്ച് ഒരുപാട് പഠിക്കാനുണ്ട്. അവ പല വായനകളിലൂടെയാണ് തൊടുക. ‘ബോധിവൃക്ഷത്തിന്റെ ഇലകള്‍’ മുതല്‍ അദ്ദേഹത്തിലെ പരിവര്‍ത്തനകാലഘട്ടത്തിന്റെ ശബ്ദവും നിശബ്ദതയും ഒരളവോളം കാണാനും കേള്‍ക്കാനുമായി എന്നത് ഭാഗ്യം.

അടുത്ത സുഹൃത്തുകളുടെ ഓര്‍മ്മകളില്‍ ഇത്ര നിസ്വാര്‍ത്ഥനായ ഒരാളെ ഈ നൂറ്റാണ്ടില്‍ കാണാനാവില്ലെന്ന് ബോധ്യപ്പെടുന്നു. ഒരാള്‍ക്കെങ്ങനെ നിസ്വാര്‍ത്ഥനാകാമെന്നതിന്റെ തെളിവ് മറ്റാരിലും അന്വേഷിക്കേണ്ടതില്ല. അതുകൊണ്ടാണ് കുട്ടികള്‍ മുതല്‍ വലിയര്‍ വരെ ആ വലിയ സൗഹൃദം പിടിച്ചുപറ്റുന്നത്.

കൂടെ സഞ്ചരിച്ച എല്ലാവരുടെയും ഓര്‍മ്മകളില്‍ അദ്ദേഹത്തിന്റെ ജീവിതകാലമുണ്ട്. ടി. നാരായണന്‍, കെ. ജി. ശങ്കരപ്പിള്ള, കെ. സച്ചിദാനന്ദന്‍, വി. മോഹനന്‍ എന്നിവരിലൂടെ പട്ടാമ്പി ജീവിത കാലം സാക്ഷ്യമാകുന്നു. വി മോഹനന്റെ സംഭാഷണങ്ങളില്‍ അടയാളപ്പെടുന്ന ‘ദാസ്’ എന്ന മനുഷ്യസങ്കല്‍പം, ജീവിച്ചുതീരാത്ത അപൂര്‍വതയാണ്. മോഹനേട്ടനില്‍ മാഷ്, ഒരു നിത്യസാന്നിധ്യമായി തീരുന്നു. നമ്മിലും അങ്ങിനെ തന്നെ. അവര്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചു മോഹനേട്ടനോട് ചോദിച്ചപ്പോള്‍, പറയുകയുണ്ടായി: ‘അത് എത്രയോ കാലം മുന്‍പ് പരിചിതരായത് പോലെയായിരുന്നു’. തന്റെ ചിത്രത്തെ കുറിച്ച് വി. മോഹനന്‍ പറയുന്നു: ‘ദാസിന്റെ എഴുത്തിന്റെ കൂടെ സഞ്ചരിച്ച വരകള്‍. അതിന് ലോകത്തോട് ചില സത്യങ്ങള്‍ പറയാനുണ്ട്. അത് ദുരിത ജീവിതത്തെ കണ്ടിട്ടുള്ളതാണ്’. പിന്നീട് പല തവണ അദ്ദേഹത്തോട് സംസാരിക്കാനിടവന്നിരുന്നു. ഒറ്റക്കാര്യം മാത്രം അദ്ദേഹം ആവര്‍ത്തിച്ചു: ‘തന്റെ ശബ്ദത്തെ നിശബ്ദമാക്കുന്ന ആ നേര്‍ത്ത ശബ്ദം അണഞ്ഞു. ഇന്ന് ഞാന്‍ മനുഷ്യരോടൊപ്പം നില്‍ക്കുമ്പൊഴും വിജനതയില്‍ ജീവിക്കുന്ന ഒരാള്‍’.

വി. മോഹനന്‍

സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് 2016ല്‍ ഒരു ചടങ്ങില്‍ വച്ച് ഫാ. ബോബി ജോസ് കട്ടിക്കാടിനെ പരിചയപ്പെടാനിടവന്നിരുന്നു. പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നതിലുപരി സെയിന്റ് ഫ്രാന്‍സിസിനെ നന്നായി ഉള്‍ക്കൊണ്ട ഒരാത്മീയ സന്യാസി എന്ന നിലയില്‍ അദ്ദേഹത്തോട് വലിയ ആരാധന തോന്നി. സംസാരത്തിനിടയില്‍ മാഷും വിഷയമായിവന്നു. മാഷിന്റെ എഴുത്തിന്റെ ലാവണ്യവും ചിന്തയുടെ സൂഷ്മതയും വിലയിരുത്തിക്കൊണ്ട് ഫാദര്‍ വാചാലനായി. ഒടുവില്‍ അദ്ദേഹം പറഞ്ഞു : ‘കുട്ടികള്‍ക്ക് ദാസിന്റെ സാന്നിധ്യം അനുഭവിക്കാനുളള അവസരമൊരുക്കണം. പ്രസംഗമൊന്നും വേണ്ട, ആ സാന്നിധ്യം തന്നെ ഒരനുഗ്രഹമാണ്.’ ജീവിതത്തില്‍ ഒന്നിനോടും ശത്രുത തോന്നാതെ, കൂടുതല്‍ കേള്‍ക്കുന്ന മാഷിന്റെ ജീവിതം ഞങ്ങളെ പോലുളളവര്‍ക്ക് ഒരു തുറന്ന പുസ്തകമായിരുന്നു. വിനയമാണ് ലോകത്തിന്റെ വലിയ പുസ്തകം എന്ന് ഞങ്ങളെ പഠിപ്പിച്ച അദ്ദേഹം ഉള്‍ക്കാഴ്ച്ചയുടേയും കാരുണ്യത്തിന്റെയും മഹാസന്നിധിയില്‍ ജീവിച്ചു.

മൗനം കൊണ്ടു മനുഷ്യനെ തൊടുന്ന ഒരാത്മീയ ചിന്തകനായി ഒടുവില്‍ മാഷ് രൂപാന്തരപ്പെടുകയായിരുന്നു. എത്ര കാലമെന്നോ, എത്ര സമയമെന്നോ വിവേചനമില്ലാതെ വന്നുചേര്‍ന്ന കേള്‍വിയാണ് അദ്ദേഹത്തെ ഇങ്ങനെ അനുഗ്രഹീതനാക്കിയത്. ജീവിതം മുഴുനീളെ അദ്ദേഹത്തിന് പരീക്ഷണമായിരുന്നു. അതിനാല്‍, പല പേരുകളില്‍ പല വ്യാഖ്യാനങ്ങളില്‍ അദ്ദേഹം സമാനതകളില്ലാതെ വേറിട്ടു നിന്നു. അപ്പോഴും ആ വ്യക്തിസത്തയുടെ ആഴങ്ങളില്‍ വിവിധ ദര്‍ശനങ്ങളുടെ സത്യസന്ധതയുണ്ടായിരുന്നു. അതിലൂടെ, സ്വച്ഛവും സൗമ്യവും ദീപ്തവുമായ പ്രകൃതത്തില്‍ അദ്ദേഹം മന്ദഹസിച്ചു. മാര്‍ക്‌സും, ഗാന്ധിയും, ദാദാ ലേഖ്‌രാജും, ജിദ്ദു കൃഷ്ണമൂര്‍ത്തിയുമൊക്കെ അദ്ദേഹത്തില്‍ ഉണര്‍ന്നിരുന്നു. ചില നിഷേധങ്ങളില്‍പ്പോലും പുതിയ മാനവികത വളര്‍ന്നു. ദര്‍ശനങ്ങള്‍ മനുഷ്യനെ സര്‍ഗാത്മകമാക്കുന്നതിന്റെ മറ്റൊരു രൂപം കൂടി, മാഷിലൂടെ തെളിയുകയായിരുന്നു. എഴുത്തിന്റെ ദിവ്യത കൊണ്ട് അലങ്കാര രഹിതമായി തീര്‍ന്നു അദ്ദേഹത്തിന്റെ ഭാഷ. ആശയങ്ങള്‍ മാത്രം പെറുക്കിയെടുക്കാവുന്ന ശുദ്ധത അവയ്ക്ക് കൈവന്നു. എത്ര വായിച്ചാലും വിരസമാകാതെ തൊടുകയും തലോടുകയും ചെയ്യുന്നു അവ. ആരും അത്തരത്തില്‍ എഴുതാനും പറയാനും ആഗ്രഹിച്ചു പോകും.

ഇഷ്ടപ്പെട്ട കവിയെ കാണാന്‍ ഒരിക്കല്‍ എന്നേയും കെ.ജി.എസ്സിന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി. കാവ്യഭാഷ കൊണ്ട് ഗദ്യമെഴുതുന്ന കവിയെ ആദ്യമായി പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. കെ.ജി..എസ്സിന്റെ ബിംബങ്ങള്‍ ഭാഷയുടെ വേരുകളാണ്. അദ്ദേഹം മാഷിന് എഴുതിയ കത്തുകള്‍ അത്തരത്തില്‍ മികച്ചതും. ഞാനും പ്രിയ സുഹൃത്ത് സുബൈറും അവ പല തവണ വായിക്കാനിടവന്നിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഒരു പ്രസാധകന്‍ അവ കൊണ്ടുപോയി നഷ്ടപ്പെടുത്തി.

കെ.ജി.എസ്

പത്രപ്രവര്‍ത്തന രംഗത്ത് ഞങ്ങളില്‍ പലരുടെയും തുടക്കം മാഷില്‍ നിന്നാണ്. മലയാള പത്രമാധ്യമ ചരിത്രത്തില്‍ വൈദ്യശസ്ത്രം അടയാളപ്പെടുത്തുന്നത് സ്വതന്ത്രമായൊരു പത്രധര്‍മ്മമാണ്. ഒരുപക്ഷെ, മറ്റൊരാള്‍ക്കും പറയാനാവാത്ത ധീരത, എഴുത്തിന്റെ ഭൂമികയില്‍ നിന്ന് (വൈദ്യശസ്ത്രം എഡിറ്റോറിയല്‍ കുറിപ്പ് ദീപാങ്കുരന്‍ )മാഷിന് പറയാന്‍ കഴിഞ്ഞു. പോസിറ്റീവ് ജേര്‍ണലിസത്തിന്റെ സാധ്യതകള്‍ എന്താണെന്നറിയാത്ത കാലത്താണ് ഞങ്ങളത് വായിച്ചത്. അക്കാലത്ത് മാഷെഴുതുന്ന കുറിപ്പുകള്‍ പകര്‍ത്തിയെഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രൂഫ് റീഡിങ്ങും പകര്‍ത്തിയെഴുത്തും അങ്ങനെ പതിവായി. ഭാഷയ്ക്ക് ഇത്ര ശക്തിയുണ്ടെന്നറിയുന്നത് ഇക്കാലത്താണ്.

മനുഷ്യ സ്പര്‍ശമില്ലാത്ത ഒരു വാക്കുപോലും അദ്ദേഹത്തിനുപയോഗിക്കാനറിയില്ല. വളരെ നാളത്തെ ഒരാഗ്രഹം ഒരിക്കല്‍ അദ്ദേഹത്തോട് തുറന്ന് പറയുകയുണ്ടായി: ‘മാഷ് ഒരു ‘ഫിക്ഷന്‍’ എഴുതണം. ഒരു ജീവചരിത്ര കുറിപ്പ് പോലെ അവ വന്നാല്‍ നന്നായിരുന്നു’. പക്ഷെ വളരെ നിര്‍ബന്ധിച്ചിട്ടും നോക്കാമെന്ന് പറയുകയല്ലാതെ അതിലൊന്നും മാഷ്് ശ്രദ്ധകൊടുത്തില്ല. ഡി. വിനയചന്ദ്രന്റെ ലിറിക് നോവല്‍ ”പൊടിച്ചി” എഡിറ്റ് ചെയ്ത മാഷിന്റെ പ്രതിഭയില്‍ നിന്ന് ഗംഭീരമായൊരു രചന പ്രതീക്ഷിച്ചു. ലോകോത്തര രചനകള്‍ മിക്കതും പരിചിതമായ മാഷിനെ സംബന്ധിച്ച് ആ കാര്യം വളരെ എളുപ്പമായിരുന്നു. പിന്നീട് പലകുറി നിര്‍ബന്ധിച്ചിട്ടും അതിനൊരു നിശബ്ദചിരി മാത്രമായിരുന്നു ഉത്തരം.

ഒടുവില്‍ കുറേകൂടി മുതിര്‍ന്നപ്പോള്‍ ഒരു കാര്യം ബോധ്യമായി; ഭാവനയ്ക്കപ്പുറം തനിക്ക് ചുറ്റുമുളള മനുഷ്യരോടും ജീവിതങ്ങളോടും മാത്രമെ മാഷിന് അടുപ്പമുണ്ടായിരുന്നുളളൂ. അത് പറയാനും അവരെ കേള്‍ക്കാനും സമയം കണ്ടെത്തുക മാത്രമായിരുന്നു ഇഷ്ടം. അത് മാഷെ തന്നെ മറന്നു കൊണ്ടായിരുന്നു എന്നത് മറ്റൊരു സത്യം.

വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ ചെറുപ്പത്തില്‍ എലത്തൂര്‍ അങ്ങാടിയിലൂടെ അദ്ദേഹം നടന്ന് പോകുന്നത് ഓര്‍ത്തു പോകുന്നു. ഇലയോടും മുളളിനോടും ചിരിച്ചുകൊണ്ടുളള യാത്ര. റോഡിന്റെ ഇരു വശങ്ങളിലുമുളള കടകളിലെ പരിചിതരോ അപരിചിതരോ ആയവരെ അദ്ദേഹം കാണും. അവരറിയാതെ അദ്ദേഹം നടക്കുന്നില്ലെന്ന് വരും. ഇത്ര ശ്രദ്ധാലുവായി ഒരാള്‍ക്ക് എങ്ങിനെയാണ് ജീവിക്കാനാവുക? നിശബ്ദതയാണ് സഞ്ചാരത്തിന്റെ ഭാഷ. സമയത്തിനെ സ്‌ക്കൂളിലെത്തു. കാര്യമാത്രപ്രസക്തമായ സംഭവങ്ങളിലെ ഇടപെടു.

ഒന്നിനും നിര്‍ബന്ധബുദ്ധിയില്ലാഞ്ഞിട്ടുപോലും മാഷെ, ഞങ്ങളനുസരിച്ചു. ഒരിക്കലും അദ്ദേഹം ഒരു ഗുരുവായി അഭിനയിച്ചിട്ടില്ല. അധ്യാപകരുടെ ദുശാഠ്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് എക്കാലവും അദ്ദേഹം സുഹൃത്തായി. അദ്ദേഹത്തോട് പറയാന്‍ പാടില്ലാത്ത എന്തെങ്കിലും ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. പ്രണയ കാലത്ത് കസാന്റ് സാക്കിസിന്റെ ‘സെയ്റ്റ് ഫ്രാന്‍സിസി’നെ വായിക്കാന്‍ തന്നു. ഫ്രാന്‍സിസിനെ വായിച്ചാല്‍ പ്രണയം വിവേകമുള്ളതാകുമെന്നു മാഷിന് അറിയാമായിരുന്നു.

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ഇതെഴുതുന്ന ആള്‍ മസ്‌കറ്റിലെ സലാലയില്‍ താമസ്സിക്കുന്ന കാലം. മാഷിന്റെ ഒരു കത്ത് പോസ്റ്റലില്‍ വന്നു. എങ്ങിനെയെങ്കിലും ഒന്ന് നാട്ടിലെത്തിയാല്‍ മതിയെന്ന്, കരുതിയിരിക്കുകയായിരുന്നു. കത്ത് ആര്‍ത്തിയോടെ വായിച്ചു. കൃത്യമായ ജോലിയോ സൗകര്യമോ ഒന്നുമില്ലാതെ ദുരിതകാലം നടന്നു തീര്‍ക്കുന്ന സമയത്ത് മാഷിനെ കൂടുതല്‍ വായിക്കുമായിരുന്നു. അത് ആവശ്യവുമായിരുന്നു. നാട്ടില്‍ നിന്ന് തിരിക്കുമ്പോള്‍ കൊണ്ടുപോയ വൈദ്യശസ്ത്രത്തിന്റെ പല പതിപ്പുകളും അക്കാലത്ത് എനിക്കു പിന്‍ബലമായി.. സെന്നും സൂഫിയും എഴുത്തുന്റെ സംഗീതമായി മാറുന്നത് ആ രചനകളില്‍ കണ്ടുമുട്ടി. ‘ബുദ്ധന്‍ കത്തിയെരിയുന്നതും’ ‘വിശന്ന നായയും’ ചെറുവാക്യങ്ങളില്‍ വലിയ ചിന്തകളേകി. ‘മനുഷ്യനൊരോര്‍മക്കുറിപ്പ്’ പലതവണ വായിച്ചു. ഒടുവില്‍ പതിനെട്ട് മാസം പിന്നിട്ട് തിരിച്ചുപോരുമ്പോള്‍ കേടു കൂടാതെ സൂക്ഷിച്ചു വെച്ച സ്ലാറ്റ ഫിലിപ്പോവിന്റെ ‘നിമ്മി’യോടൊപ്പം വൈദ്യശസ്ത്രത്തിന്റെ കോപ്പികളും തിരിച്ചുകൊണ്ടുവന്നു.

പി.എന്‍ ദാസ് കെ. സച്ചിദാനന്ദനോടൊപ്പം

1988 സെപ്റ്റംബറില്‍ ഇറങ്ങിയ ആദ്യ ലക്കം മുതല്‍ 2008 ആഗസ്റ്റില്‍ പുറത്ത് വന്ന അവസാന ലക്കം വരെ ഒരു നിധി പോലെ സൂക്ഷിച്ചുവെക്കുന്ന സുഹൃത്തുക്കളും എഴുത്തുകാരും കേരളത്തിലുണ്ടെന്ന് മനസ്സിലാക്കുന്നു. ഒരു ലിറ്റില്‍ മാഗസിന്‍ സൃഷ്ടിച്ച ചരിത്രം ഒരു വലിയ മനുഷ്യന്റെ ഹൃദയ വിശാലതയുടെ ചരിത്രം കൂടിയാണ്.

പകരം വെക്കാനാവാത്ത ജീവിതാനുഭവങ്ങള്‍ കൊണ്ട് നമ്മെ ആന്തരികമായി സ്പര്‍ശിക്കുന്ന പിതൃതുല്യനാണ് പി.എന്‍ ദാസ്. കേരളം മുഴുവന്‍ കേള്‍ക്കുന്ന ഈ വിശുദ്ധ മനുഷ്യന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ മിഴി നനയ്ക്കാനെ ആവൂ. എത്രപറഞ്ഞാലും അദ്ദേഹത്തെ പറഞ്ഞു തീര്‍ക്കാനാവില്ലെന്ന സത്യത്തിനു മുമ്പില്‍ നമിക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക