സിംഹാസനത്തില്‍ നിന്നും സഞ്ജുവിനെ പടിയിറക്കി വിട്ട് അസോസിയേറ്റ് താരങ്ങള്‍; പുത്തന്‍ റെക്കോഡ്
Sports News
സിംഹാസനത്തില്‍ നിന്നും സഞ്ജുവിനെ പടിയിറക്കി വിട്ട് അസോസിയേറ്റ് താരങ്ങള്‍; പുത്തന്‍ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 26th July 2023, 12:31 pm

ടി-20 ഫോര്‍മാറ്റില്‍ പുതിയ റെക്കോഡിട്ട് സ്‌കോട്‌ലാന്‍ഡ് താരങ്ങള്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.സി ടി-20 ലോകകപ്പിനുള്ള യൂറോപ്യന്‍ ക്വാളിഫയറിലാണ് സ്‌കോട്‌ലാന്‍ഡ് പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്.

രണ്ടാം വിക്കറ്റില്‍ ഏറ്റവുമുയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയതിന്റെ റെക്കോഡാണ് സ്‌കോട്ടിഷ് താരങ്ങള്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ താരങ്ങളായ സഞ്ജു സാംസണെയും ദീപക് ഹൂഡയെയും രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടാണ് സ്‌കോട്‌ലാന്‍ഡ് ബാറ്റര്‍മാരായ ഒലി ഹാരിസും ബ്രാന്‍ഡന്‍ മാക്മുള്ളനും റെക്കോഡിലേക്ക് നടന്നുകയറിയത്.

 

ജൂലൈ 24ന് ദി ഗ്രേന്‍ജ് ക്ലബ്ബില്‍ നടന്ന സ്‌കോട്‌ലാന്‍ഡ് – ഇറ്റലി മത്സരത്തിലാണ് ടി-20യിലെ ഈ തകര്‍പ്പന്‍ റെക്കോഡ് പിറന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്‌ലാന്‍ഡ് ആദ്യ വിക്കറ്റില്‍ 55 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 14 പന്തില്‍ നിന്നും 12 റണ്‍സ് നേടിയ ജോര്‍ജ് മന്‍സിയുടെ വിക്കറ്റാണ് സ്‌കോട്ടിഷ് പടയ്ക്ക് നഷ്ടമായത്. ഇതിന് ശേഷമാണ് മക്മുള്ളന്‍ ക്രീസിലെത്തുന്നത്.

55ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 238ാം റണ്‍സിലാണ്. 50 പന്തില്‍ നിന്നും 96 റണ്‍സ് നേടിയ മക്മുള്ളനെ പുറത്താക്കി ഹാരി ജോണ്‍ മനേന്റിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 183 റണ്‍സാണ് ഇരുവരും രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

ടി-20 ഫോര്‍മാറ്റിലെ ഏറ്റവും വലിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുകള്‍

(താരങ്ങള്‍ – രാജ്യം – എതിരാളികള്‍ – റണ്‍സ് എന്നീ ക്രമത്തില്‍)

 

1. ഒലി ഹാരിസ് & ബാന്‍ഡന്‍ മാക്മുള്ളന്‍ – സ്‌കോട്‌ലാന്‍ഡ് – ഇറ്റലി – 183

 

2. സഞ്ജു സാംസണ്‍ & ദീപക് ഹൂഡ – ഇന്ത്യ – അയര്‍ലന്‍ഡ് – 176

 

3. ക്വിന്റണ്‍ ഡി കോക്ക് & റിലി റൂസോ – സൗത്ത് ആഫ്രിക്ക – ബംഗ്ലാദേശ് – 168

അതേസമയം, ഹാരിസിന്റെയും മക്മുള്ളന്റെയും പ്രകടനത്തിന്റെ ബലത്തില്‍ സ്‌കോട്‌ലാന്‍ഡ് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇറ്റലി 90 റണ്‍സിന് ഓള്‍ ഔട്ടാവുകയും ചെയ്തു. ഇതോടെ 155 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് സ്‌കോട്‌ലാന്‍ഡ് സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം ഓസ്ട്രിയക്കെതിരായ മത്സരത്തിലും സ്‌കോട്ടിഷ് പട ഈ ഡോമിനന്‍സ് ആവര്‍ത്തിച്ചിരുന്നു. 166 റണ്‍സിനാണ് റിച്ചി ബെറിങ്ടണും സംഘവും ഓസ്ട്രിയയെ തകര്‍ത്തുവിട്ടത്.

ജൂലൈ 27നാണ് സ്‌കോട്‌ലാന്‍ഡിന്റെ അടുത്ത മത്സരം. ഡെന്‍മാര്‍ക്കാണ് എതിരാളികള്‍.

 

Content Highlight: Ollie Harris and Brandon McMullen set a new T20I record