ഇടതുപക്ഷമാണ് ബദല്‍; ജനാധിപത്യമാണ് ഭാവി, പ്രതീക്ഷ
Opinion
ഇടതുപക്ഷമാണ് ബദല്‍; ജനാധിപത്യമാണ് ഭാവി, പ്രതീക്ഷ
എന്‍.വി ബാലകൃഷ്ണന്‍
Wednesday, 29th May 2019, 9:34 am

മാര്‍ക്സിസം ഒരു വിമോചക തത്വശാസ്ത്രമാണ്. പ്രകൃതിയേയും മനുഷ്യനേയും എല്ലാവിധ ചൂഷണങ്ങളില്‍ നിന്നും വിമോചിപ്പിക്കുക എന്നതാണ് അതിന്റെ ജന്മദൗത്യം. വലതുപക്ഷ തീവ്ര ദേശീയത ആധിപത്യമുറപ്പിച്ചതാണ് വര്‍ത്തമാന ലോകം. അതു കൊണ്ടു തന്നെ, ഇടതുപക്ഷത്തിന് മാത്രമേ ലോകത്ത് പ്രതീക്ഷയുടെ ചുവപ്പു രാശികള്‍ തീര്‍ക്കാന്‍ കഴിയൂ. അപ്പോഴും ഓര്‍ത്തിരിക്കേണ്ട ഒന്നുണ്ട്. ഇടതുപക്ഷമെന്നത് ആര്‍ക്കെങ്കിലും അട്ടിപ്പേറവകാശമായി പതിച്ചു നല്‍കിയ ഒരു അടയാളമുദ്രയല്ല. അതൊരു നിലപാടാണ്.

നിരന്തരം നവീകരിച്ചു കൊണ്ടിരിക്കേണ്ട, കാലികമായി വികസിപ്പിച്ചു കൊണ്ടിരിക്കേണ്ട, നിസ്വവര്‍ഗ്ഗത്തോട് പ്രതിബദ്ധമായിരിക്കേണ്ട, ഒരു നിലപാട്. ഉള്ളതിനെ ഉള്ളത് പോലെ മനസ്സിലാക്കുകയും അതനുസരിച്ച് നിലപാടുകള്‍ നവീകരിക്കുകയും ചെയ്യുന്ന തത്വശാസ്ത്രമാണ് മാര്‍ക്സിസം. വ്യവസ്ഥാവല്‍ക്കരിക്കപ്പെട്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടികള്‍ ലോകമാകെ തിരോഭവിച്ചുകൊണ്ടിരിക്കുക തന്നെയാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ഇതിന് വേഗത കൈവന്നിട്ടുമുണ്ട്.

Related image

ലോകത്തെവിടെയായാലും ഇന്ത്യയിലും വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തകര്‍ന്നു പോയാല്‍ പിന്നെ അവയൊന്നും ഉയിര്‍ത്തെഴുന്നേറ്റതായി അനുഭവങ്ങളില്ല. ജര്‍മ്മനി, ഫ്രാന്‍സ്, പഴയ സോവിയറ്റ് യൂനിയിനിലെ വ്യത്യസ്ഥ രാജ്യങ്ങള്‍, കിഴക്കന്‍ യൂറോപ്പിലെ പഴയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒക്കെ ഉദാഹരണം. ഇന്ത്യയിലാണങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യം അധികാരത്തില്‍ വരും എന്ന് പ്രതീക്ഷിച്ച സംസ്ഥാനം ആന്ധ്രാപ്രദേശ് ആയിരുന്നു.1952 ലെ ഒന്നാം പൊതു തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ നിന്ന് മാത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 13 എം.പി.മാരെ തെരഞ്ഞെടുത്ത് പാര്‍ലമെന്റില്‍ അയച്ചു.1967 വരേയുള്ള കാലത്ത് ഹിന്ദി മേഖലയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തുടര്‍ച്ചയായി എം.പി.മാരെ തെരഞ്ഞെടുത്തയക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. 1964, 69, വര്‍ഷങ്ങളിലെ പിളര്‍പ്പിനെ തുടര്‍ന്നാണ് ഈ നിലയില്‍ മാറ്റം വന്നത്. തുടര്‍ന്നും തമിഴ്‌നാട്, ബീഹാര്‍, രാജസ്ഥാന്‍, പഞ്ചാബ്, യു.പി.ആസാം ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ തുടങ്ങി പല സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് ശക്തമായ പോക്കറ്റുകളുണ്ടായിരുന്നു. അവയൊക്കെ മെലിഞ്ഞുണങ്ങുകയോ തിരോഭവിക്കുകയോ ചെയ്യുകയായിരുന്നു’

പുതിയ കാലത്തെ മനസ്സിലാക്കുകയും പുതിയ സമരവീഥികള്‍ വെട്ടിത്തെളിക്കുകയും ചെയ്തു കൊണ്ട് മാത്രമേ എതൊരു മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തിനും ഇനിയുള്ള കാലത്ത് അതിജീവിക്കാനും നിലനില്‍ക്കാനുമാവൂ.

ബംഗാളില്‍ ഏഴ് ശതമാനമാണ് ഇപ്പോഴത്തെ സി.പി.ഐ (എം) വോട്ട് ഷെയര്‍. ഒരു കാലത്ത് 49 ശതമാനം വരെ ജനപിന്തുണയും വോട്ടു ഷെയറുമുണ്ടായിരുന്ന സംസ്ഥാനമാണിതെന്ന് മറന്നു പോകരുത്. മത്സരിച്ച 42 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തവണ കെട്ടിവെച്ച തുക തിരിച്ചുകിട്ടിയത്. കാശു പോയവരില്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളും ഉള്‍പ്പെടും. ത്രിപുരയിലും ചിത്രം വ്യത്യസ്ഥമല്ല. കോണ്‍സ്സുകാര്‍ കൂട്ടത്തോടെ ബി.ജെ.പി.യില്‍ ചേര്‍ന്നതാണ് സംസ്ഥാന ഭരണം നഷ്ടപ്പെടാന്‍ കാരണമെന്നായിരുന്നു ഇടതുപക്ഷം നേരത്തെ വിശദീകരിച്ചത്. എന്നാലിപ്പോള്‍ ബി.ജെ.പിക്ക് പിറകില്‍ രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ്സാണ്. ഇടതുപക്ഷം മൂന്നാം സ്ഥാനത്താണ്. 17 ശതമാനമാണ് വോട്ട് ഷെയര്‍. 1957ലെ രണ്ടാം ലോക്സഭയില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്ന് പ്രാതിനിധ്യമുണ്ടായിരുന്നു എന്ന കാര്യം ഇപ്പോള്‍ അധികമാരും അറിയുക പോലുമില്ല.

കേരളവും ബംഗാള്‍ തൃപുര പാതയിലാണ് ചരിക്കുന്നത് എന്നയാഥാര്‍ത്ഥ്യം മൂടി വെച്ച് കൊണ്ട് വിതണ്ഡവാദങ്ങള്‍ അവതരിപ്പിച്ച്, ഇരുട്ടു കൊണ്ട് ഓട്ടയടക്കാനുള്ള പാഴ്ശ്രമത്തിലാണ് ഇപ്പോള്‍ സി.പി.ഐ (എം) സംസ്ഥാന നേതൃത്വം ഏര്‍പ്പെട്ടിട്ടുള്ളത് എന്ന് പറയാതെ വയ്യ. ഇത് കൊണ്ട് ആര്‍ക്കാണ് പ്രയോജനം? പത്തിലധികം മണ്ഡലങ്ങളില്‍ യൂഡീഎഫിന്റെ ലീഡ് ഒരു ലക്ഷത്തില്‍ കവിഞ്ഞതാണ്. എതിര്‍ രാഷ്ടീയ പ്രസ്ഥാനങ്ങള്‍ക്ക് സംഘടനാ സംവിധാനമില്ലാത്ത ഇടതുപക്ഷ ഗ്രാമങ്ങളില്‍ (പാര്‍ട്ടി ഗ്രാമങ്ങള്‍) പോലും കൈപ്പത്തി, താമര ചിഹ്നങ്ങളില്‍ ധാരാളമായി വോട്ടു ചെയ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്ത ഇരുപത് ലക്ഷത്തോളം പേര്‍ ഇത്തവണ മാറി വോട്ടു ചെയ്തതായി ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ന്യൂനപക്ഷം പേരിനു പോലുമില്ലാത്ത പ്രദേശങ്ങളില്‍ പോലും ഭയാനകമായ തോതില്‍ ഇടതുപക്ഷത്തിന്ന് വോട്ടു കുറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ഒരു പ്രസ്ഥാനം ഇടതുപക്ഷമായി തുടരണമെങ്കില്‍ ചരിത്രത്തിന്റെ ചുമരെഴുത്ത് ഉള്‍ക്കൊണ്ടേ പറ്റൂ. ഫാസിസ്റ്റ് രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിന് ജനാധിപത്യ വിശ്വാസികളുടെ അതിവിശാലമായ ഐക്യമാണ് വേണ്ടത്. ഇന്ത്യയില്‍ അത്തരം ഒരു ഐക്യം ഊട്ടി ഉറപ്പിക്കുന്നതില്‍ ഇടത്പക്ഷത്തിന് മുന്‍കൈ ഇല്ലാതെ പോയത് എന്തുകൊണ്ടാണ്? 2004ല്‍ ബി.ജെ.പി ഫാസിസത്തെ പ്രതിരോധിക്കുന്നതിന്, ഏകീകൃത പുരോഗമന സഖ്യം (യു.പി.എ) രൂപപ്പെടുത്തിയതില്‍, ‘ സഖാവ് സുര്‍ജിത്ത് വഹിച്ച പങ്ക് ഇന്ത്യന്‍ ജനത എന്നുമോര്‍ത്തുവെയ്ക്കുക തന്നെ ചെയ്യും. സഖാവ് ജ്യോതിബാസുവിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെടുന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ ഇടതുപക്ഷത്തിന് അന്ന് കഴിഞ്ഞിരുന്നു.

മോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഫാസിസ്റ്റ് അമിതാധികാരത്തെ ചെറുക്കാന്‍ ഇടതുപക്ഷം ദേശീയ തലത്തില്‍ നിര്‍വഹിച്ച ദൗത്യമെന്താണ്? ഇന്ത്യയില്‍ ഫാസിസം വരില്ലന്നും ഫാസിസ്റ്റ് വിരുദ്ധമുന്നണിയല്ല കോണ്‍ഗ്രസ്സ് വിരുദ്ധമുന്നണിയാണ് വേണ്ടതെന്നും വാദിച്ച പ്രകാശ് കാരാട്ട് ലൈനിലായിരുന്നല്ലോ സി.പി.ഐ (എം) ലെ ഔദ്ധ്യോഗിക പക്ഷം. വിശാല ഫാസിസ്റ്റ് വിരുദ്ധ സഖ്യം എന്ന കാഴ്ചപ്പാടുയര്‍ത്തിപ്പിടിച്ച പാര്‍ടി ജനറല്‍ സെക്രട്ടറിയുടെ നിലപാടിന് പി.ബിയിലും സി.സി.യിലും ഭൂരിപക്ഷം ലഭിച്ചില്ല.ഫലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം വലിയൊരളവില്‍ മരവിപ്പിക്കപ്പെട്ടു.

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ വലിയ അനുഭവങ്ങളുള്ള ബംഗാള്‍ ഘടകം യച്ചൂരിക്കൊപ്പം നിലയുറപ്പിച്ചെങ്കിലും കേരള ഘടകത്തിന്റെ പിന്തുണയോടെ കാരാട്ട് പക്ഷം അതൊക്കെ അട്ടിമറിയ്ക്കുകയായിരുന്നു. പാര്‍ലമെന്റില്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന യച്ചൂരിയെ ബംഗാളില്‍ നിന്ന് വീണ്ടും രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുത്തയക്കാന്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സന്നദ്ധത അറിയിച്ചിട്ടും വസ്തുനിഷ്ട യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ, വരട്ടു വാദങ്ങള്‍ നിരത്തി അതിനെ തടയുകയായിരുന്നു, സി.പി.എം.കേന്ദ്രനേതൃത്വം.

Image result for bangal cpim rally

ഒരു പക്ഷേ ബംഗാളില്‍ നിന്നുള്ള പാര്‍ലമെന്റ് സാന്നിദ്ധ്യമായി യച്ചൂരിയെ നിലനിര്‍ത്താന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ തെരഞ്ഞെടുപ്പു ഫലത്തെ അല്‍പമെങ്കിലും പാര്‍ട്ടിക്കനുകൂലമായി സ്വാധീനിയ്ക്കാന്‍ അതിടയാക്കുമായിരുന്നു, എന്ന് കരുതുന്നയാളാണീ ലേഖകന്‍. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാകുന്നതില്‍ അന്നു കാണിച്ച ‘ഹിമാലയന്‍ വങ്കത്തം’ തന്നെയാണിക്കാര്യത്തിലും പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടത്. ഈ അരാഷ്ട്രീയ നയം ഇടതുപക്ഷത്തെ അഖിലേന്ത്യാതലത്തില്‍ അപ്രസക്തമാക്കിയെങ്കില്‍ അതിനുള്ള പിഴ മൂളേണ്ടത് ആരൊക്കെ ചേര്‍ന്നാണ്? അഖിലേന്ത്യാ നേതൃത്വത്തിന്റെ വലിയ ഇടപെടലൊന്നുമില്ലാതെ തന്നെ തമിഴ് നാട്ടില്‍ അത്തരത്തിലൊരു വിശാലസഖ്യം പ്രാവര്‍ത്തികമാക്കാന്‍ അവിടത്തെ ചെറിയ പാര്‍ട്ടിക്ക് കഴിഞ്ഞു. ഡി.എം.കെ, കോണ്‍ഗ്രസ്സ്, മുസ്‌ലിം ലീഗ് തുടങ്ങിയ കക്ഷികളോട് സഹകരിച്ചു കൊണ്ടാണ് അവിടെ ഇടതുപക്ഷം മത്സരിച്ചത്.

ഒറ്റെക്കെടുത്താല്‍ വലിയ വോട്ടൊന്നും നേടാന്‍ കഴിയുന്ന കക്ഷികളല്ലെങ്കിലും സി.പി.ഐ, സി.പി.ഐ(എം) കക്ഷികള്‍ക്ക് രണ്ട് സീറ്റ് വീതം ഇവിടെ നേടാനായി. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആകെയുള്ള അഞ്ചു ഇടതുപക്ഷ എം.പി.മാരില്‍ നാലുപേരും തമിഴ്നാടിന്റെ സംഭാവനയാണ്. ഇടതുപക്ഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിവസ്ത്രമാക്കപ്പെടുന്ന സങ്കടകരമായ ഒരു രാഷ്ടീയ അവസ്ഥ ഒഴിവാക്കിത്തന്നതില്‍ നാം തമിഴ് ജനതയോട് നന്ദി പറയണം. പി.ബിയില്‍ ഭൂരിപക്ഷമുള്ള കേരളാ ലൈന്‍ അംഗീകരിക്കാതെ യെച്ചൂരിയോടൊപ്പം നിലയുറപ്പിച്ചവരായത് കൊണ്ടായിരിക്കാം, കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ ആരും അവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊന്നും പോയതുമില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ചുവപ്പു രാശിയെ അടയാളപ്പെടുത്തിയ ഏക വര്‍ഗ്ഗസമരം മഹാരാഷ്ട്രയിലും മറ്റുമുണ്ടായ കര്‍ഷക മുന്നേറ്റമായിരുന്നെല്ലോ. അതിന്റെ സംഘാടകരില്‍ പ്രമുഖരായ രണ്ട് പേര്‍ മലയാളികളായിരുന്നു.

സ.വിജു കൃഷ്ണനും പി കൃഷ്ണപ്രസാദും. ഈരണ്ട് ചെറുപ്പക്കാരില്‍ ആരെയെങ്കിലുമാണ് വടകര പോലൊരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത് എങ്കില്‍ അത് അഖിലേന്ത്യാതലത്തില്‍ മഹത്തരമായ ഒരു സന്ദേശം നല്‍കുമാകുമായിരുന്നു. പി. കൃഷ്ണപ്രസാദിനെ അംഗീകരിക്കാന്‍ കേരള നേതാക്കള്‍ക്ക് ഒരു പക്ഷേ ബുദ്ധിമുട്ടായിരിക്കാം. അപ്പോഴും കണ്ണുരില്‍ നിന്ന് പോയി ദില്ലി കേ ന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന വിജു കൃഷ്ണനെയെങ്കിലും പരിഗണിക്കാമായിരുന്നെല്ലോ.

Image result for cpim kerala pinarayi vijayan

പ്രളയാനന്തര കേരളത്തില്‍ പുനര്‍നിര്‍മ്മാണത്തിന് നാം മാതൃകയാക്കേണ്ടത് ആരെയാണെന്നത് ഒരു പ്രധാന ചോദ്യം തന്നെയാണ്. എസ്.രാജേന്ദ്രനേയും പി.വി.അന്‍വറിനേയും പോലുള്ളവരേയാണോ? അതോ വി.എസ്.അച്ഛുതാനന്ദനേയോ? എന്നിട്ടും കേരളത്തിലെ ഇടതുപക്ഷ സ്റ്റാര്‍ ക്യാമ്പയിനര്‍മാരില്‍ ഒരാളായിപ്പോലും വി.എസ്സിനെ ഉള്‍പ്പെടുത്താതിരിക്കുന്നതിന്റെ ചേതോവികാരം എങ്ങിനെയായിരിക്കും ജനം മനസ്സിലാക്കിയിട്ടുണ്ടാവുക? വി.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ ഹൃദയം പറിച്ചു മാറ്റുന്ന ഭേദഗതികള്‍ പുതിയ സര്‍ക്കാര്‍ നിയമമാക്കുമ്പോള്‍, പാറ മടകളിലേയ്ക്കുള്ള ദൂരപരിധി 50 മീറ്ററാക്കി കുറയ്ക്കുമ്പോള്‍ അത് ഏത് തരം പരിസ്ഥിതി സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുക? ദേശീയപാത, ഗെയില്‍ പൈപ്പ് ലൈന്‍, പുതുവൈപ്പ്, കീഴാറ്റൂര്‍,പയ്യന്നൂര്‍ കണ്ടംകാളിവയലില്‍ ഉണ്ടാക്കുന്ന ക്രൂഡോയില്‍ സംഭരണകേന്ദ്രം, കൊയിലാണ്ടിയിലെ ബദല്‍ ദേശീയപാത, ശാന്തിവനം തുടങ്ങിയ പ്രശ്നങ്ങളില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ടു പോകുന്നതിന് പകരം ഭരണകൂട ഭീകരത സൃഷ്ടിച്ച് ‘വികസനം’ നടപ്പിലാക്കുന്ന രീതി ഇടതുപക്ഷ നിലപാടുമായി ഒത്തു പോകുന്നതാണോ? ജനകീയ സമരങ്ങളില്‍ പോലീസിനെ ഇടപെടാന്‍ അനുവദിയ്ക്കില്ല എന്ന പഴയ ഇടതുപക്ഷ ലൈന്‍ ഇപ്പോള്‍ കലഹരണം വന്ന കാഴ്ചപ്പാടായി മാറിയോ? നക്സല്‍ ബാരിയിലെ സായുധകലാപ കാലത്ത് ‘കര്‍ഷകകലാപം പോലീസിനെ വിട്ട് അടിച്ചമര്‍ത്തില്ല’ എന്ന കടുത്ത നിലപാടെടുത്ത ആഭ്യന്തര മന്ത്രി ജ്യോതിബാസു സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗമായിരുന്നു എന്ന വാസ്തവം മറക്കാന്‍ മാത്രം കാലമായോ? നാല് സീറ്റ് നേടിയെടുത്ത് രാജ്യമാകെ ഇടതുപക്ഷത്തിന് അഭിമാനമായ തമിഴ്നാട്ടില്‍ കര്‍ഷകരുടെ ഭൂമിയിലൂടെ റോഡ് നിര്‍മ്മിക്കുന്നതിനെതിരെ സി.പി.ഐ (എം) ബഹുജനസമരത്തിലാണ് എന്നതും നാം ഇപ്പോള്‍ വിസ്മരിക്കാന്‍ പാടില്ലാത്തതാണ്. 2004 ല്‍ പടിഞ്ഞാറന്‍ ബംഗാളില്‍ ഇടതുപക്ഷം കൗണ്ട് ഡൗണ്‍ തുടങ്ങുന്നത് നന്തീഗ്രാമിലേയും സിംഗൂരിലേയും ഭൂമിയേറ്റെടുക്കലിനെ തുടര്‍ന്നായിരുന്നു എന്നതും ഇപ്പോള്‍ ഓര്‍ക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്.

ബദല്‍ രാഷ്ടീയവും നിലപാടും മുന്നോട്ടുവെയ്ക്കേണ്ട ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജപ്പാന്‍ കാറ്റ് ഫെയിം പി.വി.അന്‍വര്‍, അമ്മ പ്രസിഡണ്ട് ഇന്നസെന്റ്, ഇടുക്കി കയ്യേറ്റങ്ങളില്‍ സംശയത്തിന്റെ കരിനിഴലിലുള്ള ജോയ്സ് ജോര്‍ജ് എന്നിവരെയൊക്കെ സ്ഥാനാര്‍ത്ഥികളാക്കുക വഴി ജനങ്ങള്‍ക്ക് ഇടതുപക്ഷം നല്‍കുന്ന സന്ദേശമെന്താണ്? ശബരിമല പ്രശ്നത്തില്‍ സ്ത്രീസമത്വം വനിതാമുന്നേറ്റം, നവോത്ഥാനം എന്നൊക്കെ വിളിച്ചു കൂവുമ്പോഴും അത്തരം മുന്നേറ്റങ്ങളുടെ പ്രതിനിധികളെയൊന്നും സ്ഥാനാര്‍ത്ഥികളാക്കാന്‍ ഇടതുപക്ഷത്തിന് കഴിയുന്നുമില്ല.

 

വര്‍ത്തമാനകാല കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ മുന്നേറ്റങ്ങളാണ് മൂന്നാറിലെ ‘പെമ്പിളൈ ഒരുമെയ്, നേഴ്സ്മാരുടെ സമരം, ഇരിപ്പ് സമരം, സിനിമയിലെ പുരുഷാധിപത്യ, താരാധിപത്യ സ്ത്രീവിരുദ്ധ കോര്‍പ്പറേറ്റ് ശക്തികള്‍ക്കെതിരായ നടിമാരുടെ സമരമുന്നേറ്റം, ലോക ചരിത്രത്തിലാദ്യമായി കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകള്‍ സമരവുമായി തെരുവിലിറങ്ങിയതൊക്കെ. ഇവയോടൊക്കെ കേരളത്തിലെ ഇടതുപക്ഷം സ്വീകരിച്ച നിലപാടെന്തായിരുന്നു? ചെങ്ങന്നൂരില്‍ ജാതിമതില്‍ പണിയാന്‍ എന്‍.എസ്സ്.എസ്സ് പോലുള്ള സവര്‍ണ്ണ സംഘടനകള്‍ക്ക് ധൈര്യമുണ്ടാകുന്നത്, ദുരഭിമാനക്കൊലകള്‍, കര്‍ഷക ആത്മഹത്യകള്‍, അട്ടപ്പാടിയിലെ പോഷകാഹാര പ്രശ്നങ്ങള്‍, ആദിവാസി മധുവിന്റെ കൊല, അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരായ ആക്രമണങ്ങള്‍, വര്‍ഗ്ഗീയഹര്‍ത്താലുകള്‍, എന്നിവയെ സൂചകങ്ങളായി എടുത്താല്‍ കേരളം സഞ്ചരിക്കുന്നത് ഇടത്തോട്ടാണോ അതോ വലത്തോട്ടോ? തെരഞ്ഞെടുപ്പില്‍ വോട്ട് പ്രതീക്ഷിക്കുന്ന, ക്ഷേമരാഷ്ട്രീയം കൈകാര്യം ചെയ്യുന്ന എല്ലാ പാര്‍ട്ടികളും(Welfare Political Parties) ജനങ്ങള്‍ക്കായി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. അത് നല്ലതു തന്നെ. (തമിഴ് നാട്ടില്‍ ജയലളിത, കര്‍ണ്ണാടകത്തില്‍ കുമാരസ്വാമി, ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ്, ബി.ജെ.പി.തുടങ്ങി മിക്കവാറും സര്‍ക്കാരുകള്‍) പക്ഷേ അത് കൊണ്ട് അവയൊന്നും ഇടതുപക്ഷ പാര്‍ട്ടികളാവുന്നില്ല.

ഇടതുപക്ഷം ബദല്‍ വികസന നയം, ജനപക്ഷ ബദല്‍ രാഷ്ട്രീയം, ബദല്‍ ജീവിതസംസ്‌കാരം എന്നിവ മുന്നോട്ടു വെയ്ക്കുന്ന പാര്‍ട്ടികളാണ്. ജന വിരുദ്ധ നയങ്ങളെ, ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുന്നതാണ് അതിന്റെ രീതിശാസ്ത്രം. ഇത് ഗീതാ ഗോപിനാഥ്മാരേയും രമണ്‍ ശ്രീവാസ്തവമാരേയും മുന്‍നിര്‍ത്തി ചെയ്യാവുന്ന ഒന്നല്ല. ഇടതുപക്ഷം കൃത്യമായ ബദല്‍ രാഷ്ട്രീയം പ്രയോഗത്തില്‍ വരുത്തുമ്പോഴാണ്, അതോടൊപ്പം ജനകീയ ബദല്‍ പടുത്തുയര്‍ത്തുമ്പോഴാണ് അതൊരു ഇടതു പക്ഷ സാന്നിദ്ധ്യമായി ജനങ്ങള്‍ക്കനുഭവപ്പെടുക. അത് നയങ്ങള്‍കൊണ്ടേ സാദ്ധ്യമാകൂ. ചുവന്ന കൊടിതോരണങ്ങള്‍ കൊണ്ടോ തെര്‍മോക്കോള്‍ ശില്പങ്ങള്‍ കൊണ്ടോ സാദ്ധ്യമാകില്ല. വര്‍ഗ്ഗ പരമായി(തൊഴിലാളി, കര്‍ഷക സമര ഐക്യം) കെട്ടിപ്പടുക്കുന്ന അത്തരം ഒരു പ്രസ്ഥാനം തരംഗങ്ങളില്‍ മണല്‍ചിറ പോലെ ഒലിച്ചുപോകില്ല. ന്യൂനപക്ഷ കേന്ദ്രീകരണം, ശബരിമല ഫാക്ടര്‍ എന്നൊന്നും വിലപിക്കേണ്ടിയും വരില്ല.

ഒരു ഫാസിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനത്തെ ചെറുക്കാന്‍ ജനാധിപത്യ ബോധമുള്ള ജനതയാകെ ഒന്നിക്കുന്നത് സ്വാഭാവികമാണ്. അതിനെയാണ് ദിമിത്രോവ് പണ്ട് ഫാസിസ്റ്റ് വിരുദ്ധ ഐക്യമുന്നണി എന്ന് വിശേഷിപ്പിച്ചത്. അതില്‍ സ്വാഭാവികമായും ന്യൂനപക്ഷങ്ങളും അണിനിരക്കും. ഇതിനെ അരുതാത്തെതെന്തോ സംഭവിച്ചതായി, മൃദുവര്‍ഗ്ഗീയ നിറം നല്‍കി വ്യാഖ്യാനിക്കുന്നിടത്ത് ഇടതുപക്ഷത്തിന് വീണ്ടും തെറ്റുകയാണ് ചെയ്യുന്നത്.

2004 ലെപ്പോലെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ടീയത്തിന്റെ തലപ്പത്ത്, പതാക വാഹകരാകാന്‍ ഇടതുപക്ഷത്തിന് സാധിച്ച കാലത്ത്, ന്യൂനപക്ഷം ഉള്‍പ്പെടെ, മതനിരപേക്ഷ നിലപാടുകളോടും ജനാധിപത്യത്തോടും പ്രതിജ്ഞാബദ്ധമായ എല്ലാ ജനവിഭാഗങ്ങളും ഇടതുപക്ഷത്തിന് വോട്ടു ചെയ്തിരുന്നു. അന്ന് മിക്കവാറും സീറ്റില്‍ ഇടതുപക്ഷം വിജയിക്കുകയും ചെയ്തു. അത്തരം ഒരു ശരിയായ രാഷ്ട്രീയനയം കൈക്കൊള്ളുന്നതിന് പകരം, കേരളത്തെ മാത്രം രാജ്യമായി കണ്ട്, സംസ്ഥാന ഭരണം ആത്യന്തിക ലക്ഷ്യമായി കണക്കാക്കി, അങ്ങേയറ്റം വിഭാഗീയമായ നിലപാടാണ് കേരളത്തില്‍ സി.പി.ഐ (എം) കൈക്കൊള്ളുന്നത്.

ഇത്തരം ഒരു വികലമായയ നിലപാടിന്റെ പ്രത്യാഘാതമാണ് തങ്ങള്‍ക്ക് ഇപ്പോള്‍ എറ്റു വാങ്ങേണ്ടി വന്ന ഭയാനകമായ പരാജയം, എന്ന് ശരിയായി വിലയിരുത്തി തിരുത്താന്‍ തയാറാവുന്നില്ലങ്കില്‍ വരാനിരിക്കുന്ന ഭവിഷ്യത്തുക്കള്‍ ഗുരുതരമായിരിക്കും. തങ്ങള്‍ കാലാകാലമായി തുടര്‍ന്നു പോരുന്ന കോണ്‍ഗ്രസ്സ് വിരുദ്ധ രാഷ്ട്രീയം വീണ്ടും വീണ്ടും ശക്തമായി ഉയര്‍ത്തിപ്പിടിക്കുക വഴി, കരഗതമായ സംസ്ഥാന രാഷ്ടീയ അധികാരം എല്ലാ കാലത്തേക്കും കൈവശം വെക്കാനാവും എന്നാണവര്‍ കരുതുന്നത്. അല്ലങ്കില്‍ ഭാവി എന്തു തന്നെയായാലും സാദ്ധ്യമാകുന്നിടത്തോളം ഈ അടവു ലൈന്‍ തുടരാനാണവര്‍ ആഗ്രഹിക്കുന്നത് എന്ന് കരുതേണ്ടി വരും.

പ്രസിഡന്‍ഷ്യല്‍ രീതിയിലേയ്ക്ക് ക്രമാനുഗതമായി മാറാനും അതുവഴി കോര്‍പ്പറററ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു സവര്‍ണ്ണ ഹിന്ദു രാജ്യമാക്കി ഇന്ത്യയെ മാറ്റാനുള്ള എല്ലാ പശ്ചാത്തല സംവിധാനങ്ങളും ഇതിനകം രാജ്യത്ത് ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യം ചുരുങ്ങിയത് കേരള നേതാക്കളെങ്കിലും ഇപ്പോഴും അംഗീകരിച്ചിട്ടില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഉല്‍പ്പതിഷ്ണു വിഭാഗത്തിന്റെയും യുവത്വത്തിന്റെയും പ്രതീകമായ കനയ്യ കുമാര്‍, ഒരിടതുമണ്ഡലമായിരുന്ന ബീഹാറിലെ ബഗുസരായിയില്‍, ഒരു ഹിന്ദു തീവ്രവാദിയോട് നാല് ലക്ഷം വോട്ടിന് തോല്‍ക്കുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥമെന്താണ്? മലേഗാവ് മുതല്‍ മക്കാ മസ്ജിദ് വരെയുള്ള സ്പോടനക്കേസ്സുകളില്‍ പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി. ധൈര്യം കാണിക്കുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥമെന്താണ്? ഇന്ത്യാ രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ പോലീസുദ്ധ്യോഗസ്ഥന്‍ ഹേമന്ത് കാക്കറെ കൊല്ലപ്പെട്ടത്, തന്റെ ശാപം കൊണ്ടാണന്നും മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥൂറാം ഗോഡ്സെ രാജ്യസ്നേഹിയാണന്നും ഇവര്‍ തെരഞ്ഞെടുപ്പകാലത്ത് പരസ്യമായി പ്രഖ്യാപിക്കുന്നു. പശുവിന്റെ ചാണകത്തില്‍ പ്ളൂട്ടോണിയമുണ്ടെന്ന് ലജ്ജയോ ഉളുപ്പോ ഇല്ലാതെ പറയുന്നു. എന്നിട്ടും ഇവര്‍ ബോപ്പാലില്‍ നിന്ന് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നു. ഒരു പക്ഷേ ലോകത്തിന്റെ മുമ്പില്‍ ഇന്ത്യ ഒരു അപരിഷ്‌കൃത രാജ്യമാണന്നുറപ്പിക്കാനും ആത്മാഭിമാനമുള്ള ഇന്ത്യക്കാര്‍ അപമാനഭാരം കൊണ്ട് തല കുനിയ്ക്കാനും ഇതൊക്കെ ഇടയാകുന്നു. അത്രയേറെ സങ്കുചിതമായ മതബോധത്തിന്റെ ചളിക്കുണ്ടിലേയ്ക്ക്, ഇന്ത്യ താണുപോകുകയാണ് എന്ന് വ്യക്തമാണല്ലോ. ഇത്രയും സങ്കീര്‍ണ്ണമായ ഒരു രാഷ്ട്രീയ സഹചര്യത്തെ ശരിയായി മനസ്സിലാക്കാനും അതനുസരിച്ച ശരിയായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാനും ഇടതുപക്ഷത്തിന് കഴിയുന്നില്ലങ്കില്‍ മറ്റാര്‍ക്കാണത് കഴിയുക? ഒളിവില്‍ക്കഴിയുന്ന കാലത്ത്, മുനിഞ്ഞു കത്തുന്ന ഒരു മണ്ണെണ്ണ വിളക്കിന് മുമ്പിലിരുന്ന് പാര്‍ട്ടിരേഖകള്‍ തയാറാക്കുമ്പോള്‍ പാമ്പുകടിയേല്‍ക്കുകയും ഒളിവിലായതിനാല്‍ ചികിത്സ തേടാനാവാതെ മരണപ്പെടുകയും ചെയ്ത പി.കൃഷ്ണപ്പിള്ളയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ്. ചെത്തുതൊഴിലാളിയുടെ മാടത്തിനകത്ത് ഉണക്കമീനും കരിക്കാടിയും കുടിച്ച് ഒളിവില്‍ക്കഴിഞ്ഞ നമ്പൂതിരി യുവാവ്, ഇ.എം.എസ്സ് ഈ പാര്‍ട്ടിയുടെ നേതാവായിരുന്നു.

Image result for akg statue

ജയില്‍ ചാടി വേശ്യാ തെരുവുകളില്‍ ഒളിവില്‍ക്കഴിഞ്ഞ എ.കെ.ജി നമുക്ക് പാവങ്ങളുടെ പടത്തലവനായിരുന്നു. മഹാത്യാഗികളുടേയും പോരാളികളുടേയും അറ്റമില്ലാത്ത ഒരു നീണ്ട നിര ഈ പ്രസ്ഥാനത്തിന് വേണ്ടി എല്ലാം സമര്‍പ്പിച്ചവരായുണ്ട്. ചടയന്‍ ഗോവിന്ദനെപ്പോലൊരാള്‍ ഈ പാര്‍ടിയുടെ സെക്രട്ടറിയായിരുന്നത് അനന്തഭൂതകാലത്തിലൊന്നുമല്ല. ഇന്ന് അത്തരം ത്യാഗങ്ങളൊന്നും ജനങ്ങള്‍ നേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. എങ്കിലും അവര്‍ തങ്ങളുടെ നേതാക്കളാണന്ന് അഭിമാനത്തോടെ പറയാന്‍ കഴിയണമെന്ന് സ്വാഭാവികമായും അവര്‍ ആഗ്രഹിക്കും. അതിലവരെ തെറ്റുപറയാനുമാവില്ല. ജീവിതത്തില്‍ മിനിമം ലാളിത്യം, വിനയം, നല്ല പെരുമാറ്റം, ഭാഷ ഒക്കെ അവര്‍ നേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കും. ആരുടേയും പെരുമാറ്റവും രീതികളും ശൈലിയും ഒന്നും എല്ലാ കാലത്തേക്കുമായി രൂപപ്പെട്ട് കട്ടപിടിച്ച് നില്‍ക്കുന്ന തൊന്നുമല്ല. ജനിതകമായ സവിശേഷതകളും സാമൂഹ്യമായ സഹചര്യങ്ങളും ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസവുമൊക്കെ അതിനെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കും. ഈ പുതുക്കലിന് നിരന്തരം വിധേയമായിക്കൊണ്ടാണ് ഓരോ മനുഷ്യനും (നേതാവും) വളര്‍ന്ന് വികസിക്കുന്നത്. തനിക്കെന്തെങ്കിലും പോരായ്മയുണ്ട് എന്നാരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അതുള്‍ക്കൊള്ളാന്‍ കഴിയുന്നിടത്തും ആവശ്യമാണങ്കില്‍, (ആവശ്യമാണങ്കില്‍ മാത്രം) വേണ്ട തിരുത്തലുകള്‍ വരുത്തുന്നിടത്തുമാണ് ഒരാള്‍ മഹത്വമുള്ളവനാ(ളാ)യിത്തീരുക.

സ്റ്റാലിനേയും ക്രൂഷ്ചേവിനേയും ബന്ധപ്പെട്ടുത്തി ലോകമാകെ പ്രചരിച്ച ഒരു രാഷ്ട്രീയ ഫലിതമുണ്ട്. (നോമന്‍ കാര്‍ത്തൂര). അതിങ്ങനെയാണ്. സ്റ്റാലിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ ഏകാധിപത്യ നടപടികളേയും അതിന്റെ ഭാഗമായുണ്ടായ ദുരന്തങ്ങളേയും കുറിച്ച് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (CPSU) ഒരു തെറ്റുതിരുത്തല്‍ രേഖ അംഗീകരിക്കുകയുണ്ടായല്ലോ. ആ രേഖ പാര്‍ടി അംഗങ്ങള്‍ക്കിടയില്‍ വിശദീകരിക്കുകയായിരുന്നു സഖാവ് ക്രൂഷ്ചേവ്, സഖാവ് സ്റ്റാലിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ എണ്ണിയെണ്ണി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ രോഷാകുലനായ ഒരു സഖാവ് ഇരുന്നിടത്ത് നിന്ന് തന്നെ ഉറക്കെ ചോദിച്ചു. ‘സ്റ്റാലിന്റെ കമ്മററിയില്‍ സഖാവുമുണ്ടായിരുന്നല്ലോ അന്നെന്തുകൊണ്ട് സഖാവ് ഇതൊന്നും നേരിട്ട് ചോദ്യം ചെയ്തില്ല?’ ചോദ്യം കേട്ട പാടെ ക്രൂഷ്ചേവ് അല്പം ശബ്ദമുയര്‍ത്തി ചോദിച്ചു. ‘ ആരാണീ ചോദ്യം ഉന്നയിച്ചത്?’ സദസ്സില്‍ നിന്ന് ആരും എഴുന്നേറ്റ് നിന്നില്ല. ആരും സംസാരിച്ചുമില്ല. ഒരിക്കല്‍ കൂടി അല്പം കൂടി ശബ്ദമുയര്‍ത്തി ക്രൂഷ്ചേവ് ചോദിച്ചു. ‘ആര്‍ക്കാണ് സംശയം? സംശയമുള്ള സഖാവ് എഴുന്നേറ്റ് നില്‍കൂ’ പക്ഷേ സദസ്സില്‍ നിന്ന് ആരും മിണ്ടിയില്ല എഴുന്നേറ്റുമില്ല.

Image result for stalin communist

അപ്പോള്‍ ആത്മഗതമെന്നോണം സഖാവ് ക്രൂഷ്ചേവ് പറഞ്ഞു. ‘ഇത് തന്നെയാണ് അന്നും സംഭവിച്ചത്. ചോദ്യം ചെയ്യാന്‍ എല്ലാവര്‍ക്കും ഭയമായിരുന്നു.’ കേന്ദ്രീകൃത ചട്ടക്കൂടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ക്കകത്ത് നേതൃത്വത്തെ ചോദ്യം ചെയ്യല്‍ പ്രയാസകരമാണ്. അതിന് മുതിരുന്ന സഖാക്കള്‍ പുറത്ത് പോകേണ്ടി വരികയാ ഒതുക്കപ്പെടുകയോ ചെയ്യും. എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും ഇത്തരം ധാരാളം സംഭവങ്ങള്‍ കണ്ടെത്താനാകും. സമൂഹവും പാര്‍ട്ടിയും വ്യക്തികളുമൊക്കെ പ്രവര്‍ത്തിക്കുന്നത് പല പല സാമൂഹ്യ വിഭാഗങ്ങള്‍ക്കകത്താണ് (Communtiy) അധികാരം കയ്യാളുന്ന നേതാക്കളുടെ കമ്മ്യൂണിറ്റി, നേതാക്കളുടെ കമ്മ്യൂണിറ്റി, കേഡര്‍മാരുടെ കമ്മ്യൂണിറ്റി, അംഗങ്ങളുടെ കമ്മ്യൂണിറ്റി, അനുഭാവികളുടെ കമ്യൂണിറ്റി, സാധാരണ ജനങ്ങളുടെ കമ്മ്യൂണിറ്റി, എതിരാളികളുടെ കമ്മ്യൂണിറ്റി എന്നിങ്ങനെ പലതരം സാമൂഹ്യ വിഭാഗങ്ങളുണ്ട്.

ഇതില്‍ ഓരോന്നിലുമുള്ള ആളുകള്‍ ഒരേ കാര്യം മനസ്സിലാക്കുന്നത് വ്യത്യസ്ഥ നിലകളിലായിരിക്കും. ജനങ്ങളില്‍ നിന്നോ, അനുഭാവികളില്‍ നിന്നോ കേഡര്‍മാരില്‍ നിന്നോ സാധാരണ നേതാക്കളില്‍ നിന്ന് പോലുമോ ഉള്ള ഫീഡ്ബാക്കുകള്‍ അധികാരം കയ്യാളുന്ന നേതാക്കള്‍ക്ക് ലഭിക്കണമെന്നില്ല. അത് കൊണ്ട് അവര്‍ക്ക് തിരുത്തലുകള്‍ സാദ്ധ്യമായീ എന്നു വരില്ല. അവര്‍ കേട്ടുകൊണ്ടിരിക്കുന്നത് ബോധപൂര്‍വം സൃഷ്ടിക്കുന്ന വാഴ്ത്തുപാട്ടുകളായിരിക്കും. പെട്ടിതാങ്ങികളും,വാഴ്ത്തുപാട്ടുകാരും, ഫാന്‍സ് അസോസിയേഷന്‍കാരും ന്യായീകരണ തൊഴിലാളികളുമൊക്കെ ഇവരെ പൊതിഞ്ഞ് (Insulate) നില്‍ക്കും.

ഇത് ഒരു പ്രസ്ഥാനവും നേതാവും ദുഷിക്കാനിടവരുത്തുകയാണ് ചെയ്യുക. ആഭ്യന്തര ജനാധിപത്യം ശക്തിപ്പെടുത്തുകയും വിമര്‍ശകര്‍ക്ക് ചെവികൊടുക്കുകയും ചെയ്യുമ്പോഴാണ് ഒരു പ്രസ്ഥാനത്തിനകത്ത് ദുഷിപ്പുകള്‍ അടരരൊയി ഈട്ടം കൂടാതിരിക്കുക. എം.സുകുമാരെന്റെ ‘ശേഷക്രിയ’ മുതലുള്ള കൃതികള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ അതൊരു തിരുത്തല്‍ ശക്തിയായി കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ക്കകത്ത് പ്രവര്‍ത്തിക്കുമായിരുന്നു എന്ന് പറയുന്നത് ഇതുകൊണ്ടാണ്.

പക്ഷേ പാര്‍ട്ടിക്കെതിരെ സൃഷ്ടിപരമായ വിമര്‍ശനങ്ങളുന്നയുക്കുന്നവരെപ്പോലും പാര്‍ട്ടി വിരുദ്ധന്മാരോ പാര്‍ട്ടി ശത്രുക്കളോ ആയിക്കാണുന്ന രീതിയാണിന്ന് ശക്തിപ്പെടുന്നത്. വലിയ തോതില്‍ ധനം, അധികാരം തുടങ്ങിയവ വിനിമയം ചെയ്യുന്ന പാര്‍ട്ടി യന്ത്രത്തില്‍ ഇത്തിക്കണ്ണികളായി പററി നിന്ന് ജീവിക്കുന്ന പരാദങ്ങളേയാണ്(Parasite) ജനങ്ങള്‍ പലപ്പോഴും പാര്‍ട്ടി വക്താക്കളായി കാണുന്നത്. പാര്‍ട്ടി തകര്‍ച്ച നേരിടുമ്പോള്‍ ഈ പെട്ടി താങ്ങികളും,വാഴ്ത്തുപാട്ടുകാരും ഫാന്‍സ് അസോസിയേഷന്‍കാരും ന്യായീകരണ തൊഴിലാളികളും പരാദങ്ങളുമൊക്കെ, കണ്ണു ചിമ്മിത്തുറക്കുന്നതിനകം മറുകണ്ടം ചാടുന്നത് ബംഗാളില്‍ നാം കണ്ടതുമാണ്. നൂറു കണക്കിന് പാര്‍ട്ടി ഓഫീസുകകളാണ് ഒറ്റ രാത്രി കൊണ്ട് ബോര്‍ഡും കൊടിയും മാറ്റി ബി.ജെ.പി ഓഫീസായി രൂപം മാറിയത്.

Image result for cpim instagram

‘വധശിക്ഷ പ്രാകൃതമാണ്. അത് ഇന്ത്യയുടെ ശിക്ഷാവിധികളില്‍ നിന്ന് ഒഴിവാക്കണം’ എന്ന ശരിയായ നിലപാട് മുന്നോട്ടുവെച്ച രാഷ്ട്രീയ പാര്‍ട്ടികളാണ് ഇടതുപക്ഷത്തുള്ളത്. അപ്പോഴും കേരളത്തില്‍, വിശേഷിച്ച് വടക്കേമലബാറില്‍ ഗോത്രപ്പകയെ അനുസ്മരിപ്പിക്കും വിധം രാഷ്ട്രീയ കൊലകള്‍, ബോംബു രാഷ്ടീയം, അക്രമപ്രകടനങ്ങള്‍ എന്നിവ അവിരാമം തുടരുന്നുണ്ട്. എതിരാളികളുടെ ആക്രമണങ്ങളുടേയും രാഷ്ടീയ കൊലകളുടേയും സ്‌കോര്‍ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച് ഈ ഹീനവൃത്തികള്‍ക്ക് സാധൂകരണം കണ്ടെത്തുന്നത് എത്രമാത്രം അപരിഷ്‌കൃതമാണ്? ആധുനിക രാഷ്ട്രീയ നിലപാടുകളേയും ജനാധിപത്യ മൂല്ല്യങ്ങളേയും ഗോത്ര മൂല്യങ്ങള്‍ കൊണ്ടും അരാഷ്ട്രീയത കൊണ്ടും പകരം വെയ്ക്കുമ്പോള്‍ ആധുനിക സമൂഹത്തിന് അതുള്‍ക്കൊള്ളാനായി എന്നു വരില്ല. ആധുനിക പൗരബോധത്തേയും നീതിന്യായ വ്യവസ്ഥയേയും സ്വന്തം നീതിശാസ്ത്രങ്ങള്‍ കൊണ്ടു പകരം വെയ്ക്കാനുള്ള നീക്കം ഒരു ജനാധിപത്യ സമൂഹവും അംഗീകരിക്കില്ല. ഒരു പക്ഷേ മലബാറിലെ തെരഞ്ഞെടുപ്പു പോരാട്ടങ്ങള്‍ ഇത്തരം ചിന്തകളെ അബോധത്തിലെങ്കിലും പിന്തുടരുന്നുണ്ട്.

സംഘടനാപരവും രാഷ്ട്രീയവുമായ പരിമിതികള്‍ ഏറെയുണ്ടങ്കിലും നിസ്വവര്‍ഗ്ഗത്തോട് പക്ഷം ചേരാനും ഫാസിസത്തിനെതിരെ ജനകീയ ഐക്യം കെട്ടിപ്പടുക്കാനും ലോകത്തും ഇന്ത്യയിലും കേരളത്തിലും ആശ്രയിക്കാവുന്ന പ്രസ്ഥാനം ഇന്നും ഇടതുപക്ഷം തന്നെയാണ്. ആത്മവിമര്‍ശനങ്ങളിലൂടെ സ്വയം നവീകരിച്ചു കൊണ്ടേ ഇടതുപക്ഷത്തിന് ഇത്തരം ചുമതലകള്‍ നിര്‍വഹിക്കാനാവൂ. പ്രതിസന്ധികളെ മറികടക്കാനാകൂ. കേരളത്തെ പ്രത്യേകമായി പരിഗണിച്ചാല്‍, കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരണം മുതല്‍ എട്ട് പ്രതിറ്റാണ്ടുകാലം ഇടതുപക്ഷം ജനങ്ങള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിച്ച ഒരു ജനപഥമാണ് മലയാളികള്‍. ഇടതുപക്ഷം തകര്‍ക്കപ്പെട്ടാല്‍ അത്തരം ഗുണതകള്‍ ഒന്നടങ്കം ഇല്ലാതാവുകയാണ് ചെയ്യുക. ഫാസിസ്റ്റ് മതാത്മകത, കേരളത്തെ ഒന്നിച്ച് വിഴുങ്ങും എന്ന കാര്യത്തില്‍ സംശയമേതുമില്ല. അതിനെ പ്രതിരോധിക്കേണ്ടത് ഓരോ മലയാളിയുടേയും ഉത്തരവാദിത്തമാണ്. ഓരോ മലയാളിയുടേയും വിശ്വാസം വീണ്ടെടുക്കുകയാണ് ഇടതുപക്ഷത്തിന്റെ അടിയന്തിര കടമ. അതിന് എല്ലാ ഇടതുപക്ഷ ശക്തികളേയും (ഇടതു പാര്‍ടികള്‍, സമാന്തര ഗ്രൂപ്പുകള്‍, വ്യക്തികള്‍) പ്രത്യയശാസ്ത്ര നിലപാടുകളില്‍ ഏകീകരിക്കാനാവണം. അതിനോടൊപ്പം ഫാസിസ്റ്റ് വിരുദ്ധ രാഷ്ടീയത്തില്‍ അണിനിരക്കാവുന്ന എല്ലാ ജനാധിപത്യ ശക്തികളയും (ന്യൂനപക്ഷങ്ങള്‍, ജാതി നിര്‍മൂലന ശക്തികള്‍, മനുവാദ വിരുദ്ധ പ്രസ്ഥാനങ്ങള്‍, മറ്റെല്ലാ ജനാധിപത്യ വിഭാഗങ്ങളും) ഒന്നിച്ചണിനിരത്താനാകണം. അതിന് കഴിയുമോ എന്നിടത്താണ് ഇടതുപക്ഷത്തിന്റേയും കേരളത്തിന്റേയും ഭാവി.

 

 

എന്‍.വി ബാലകൃഷ്ണന്‍
രാഷ്ട്രീയ നിരീക്ഷകന്‍