ഭുവനേശ്വര്‍: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്ക് നേരെ നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ ഓഫ് ഇന്ത്യ(NSUI) പ്രവര്‍ത്തകര്‍ ചീമുട്ട എറിഞ്ഞു പ്രതിഷേധിച്ചു. ലഖിംപൂര്‍ ഖേരി കൊലപാതകത്തില്‍ മന്ത്രിക്കും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞത്.
ഭുവനേശ്വറിലെ ബിജു പട്നായിക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്‌ക്വയറിന് സമീപമാണ് കരിങ്കൊടി കാണിച്ച് മുട്ടയെറിഞ്ഞത്. ആഴ്ചകള്‍ക്ക് മുന്‍പ് കര്‍ഷക സമരത്തിനിടയിലേക്ക് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ 8 പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തില്‍ അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാകുന്നതിനിടെയാണ് മന്ത്രി പ്രതിഷേധമുണ്ടായത്. കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തില്‍ മകന് പങ്കുള്ളതിനാല്‍ കേന്ദ്രമന്ത്രി രാജിവെക്കണമെന്നാണ് എന്‍.എസ്.ഐ.യുവിന്റെ ആവശ്യം.
കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു.