Advertisement
Kerala News
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതില്‍ അഭിഭാഷകര്‍ക്ക് നോട്ടീസ്; നടപടി അതിജീവിതയുടെ പരാതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 09, 08:59 am
Saturday, 9th April 2022, 2:29 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതില്‍ അഭിഭാഷകര്‍ക്ക് നോട്ടീസ്. സാക്ഷികളെ മൊഴിമാറ്റാനായി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് ദിലീപിന്റെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കിയത്.

ബി. രാമന്‍ പിള്ള, സുജേഷ് മേനോന്‍, ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. രണ്ടാഴ്ചക്കകം നോട്ടീസ് നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പ്രതികളുമായി ചേര്‍ന്ന് 20ലേറെ സാക്ഷികളെ അഭിഭാഷകന്‍ കൂറുമാറ്റിയെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയത്. സീനിയര്‍ അഭിഭാഷകനായ ബി. രാമന്‍പിള്ള, ഫിലിപ് ടി. വര്‍ഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത പരാതിയില്‍ പറയുന്നു.

കേസിലെ സാക്ഷിയായ ജിന്‍സനെ സ്വാധീനിക്കാന്‍ ക്രിമിനല്‍ കേസിലെ പ്രതിയുടെ സഹായത്തോടെ രാമന്‍ പിള്ള 25 ലക്ഷം രൂപയും 5 സെന്റ് ഭൂമി വാഗ്ദാനം ചെയ്തു. ഇതില്‍ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിട്ടും ഹാജരായിട്ടില്ല.

അതേസമയം, നടിയെ ആക്രമിച്ച കേസിലേക്ക് കാവ്യ മാധവനെ വലിച്ചിഴക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. കേസിന്റെ ഫോക്കസ് ദിലീപില്‍ നിന്ന് കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പുറത്തുവന്ന ശബ്ദരേഖ ഇതിന്റെ ഭാഗമായുള്ളതാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം പറയുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

അക്രമത്തിനിരയായ നടിയും കാവ്യ മാധവനും തമ്മിലുള്ള പ്രശ്നങ്ങളാണ് കേസിന് വഴിയൊരുക്കിയതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സുരാജും ശരത്തും തമ്മിലുള്ള ശബ്ദരേഖയില്‍ പറയുന്നത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടെടുത്തത്.

Content Highlights: Notice to lawyers for trying to influence lawyers in the case of the attack on the actress