സോള്‍: ജപ്പാന് ഭീഷണിയുയര്‍ത്തി വീണ്ടും ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണം. ആണവായുധ പരീക്ഷണങ്ങളെ തുടര്‍ന്ന് യൂ.എന്‍ രക്ഷാ സമതി ഉത്തരകൊറിയക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ തന്നെയാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം.
ഏത് തരത്തിലുള്ള മിസൈലാണ് പരീക്ഷച്ചതെന്ന് ഉത്തരകൊറിയ പുറത്ത് വിട്ടിട്ടില്ല. ജപ്പാന്റെ കിഴക്കന്‍ മേഖലയിലേക്കായിരുന്നു മിസൈല്‍ പരീക്ഷണം. പരീക്ഷണം നടത്തിയ വിവരം ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് പുറത്ത് വിട്ടത്.
വടക്കന്‍ ജപ്പാനിലെ ഹൊക്കൈദോയ്ക്ക് മുകളിലൂടെ പറന്ന മിസൈല്‍ പസഫിക് സമുദ്രത്തിലാണ് പതിച്ചത്. 3700 കിലോമീറ്റര്‍ സഞ്ചരിച്ച മിസൈല്‍ 770 കിലോമീറ്റര്‍ ഉയരത്തില്‍ വരെ എത്തിയതായി സോളിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലിന്റെ സാന്നിദ്ധ്യം മനസിലാക്കിയ ജപ്പാന്റെ മുന്നറിയിപ്പ് സംവിധാനങ്ങള്‍ അപായശബ്ദവും പുറപ്പെടുവിച്ചു.
തങ്ങളുടെ ആണവായുധങ്ങള്‍ ഉപയോഗിച്ച് ജപ്പാനെ കടലില്‍ മുക്കുകയും അമേരിക്കയെ ചാരമാക്കി ഇരുട്ടിലാക്കുകയും ചെയ്യുമെന്ന് നോര്‍ത്ത് കൊറിയന്‍ സ്റ്റേറ്റ് ഏജന്‍സി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉത്തര കൊറിയയുടെ വിദേശബന്ധങ്ങളുടെ ചുമതലയുള്ള കൊറിയ-ഏഷ്യ -പസിഫിക് പീസ് കമ്മിറ്റിയാണ് കടുത്ത നിലപാടുകളുമായി രംഗത്തെത്തിയിരുന്നത്.
യു.എന്‍ ഉപരോധത്തെ “ആപത്കാലത്തിന്റെ ഉപകരണം” എന്ന് വിശേഷിപ്പിച്ച പീസ് കമ്മിറ്റി യു.എസിന്റെ അച്ചാരം പറ്റുന്ന രാജ്യങ്ങളാണ് തങ്ങള്‍ക്കെതിരെ അണിനിരക്കുന്നതെന്നും ആരോപിച്ചിരുന്നു.