ന്യൂദല്‍ഹി: വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കണ്ടെന്ന് നിയമമന്ത്രി കിരണ്‍ റിജിജു.
കൃത്യമായ പ്രക്രിയയിലൂടെയാണ് വിക്ടോറിയ ഗൗരിയെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും അതിന് പരിഹാരങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ വിക്ടോറിയ ഗൗരിയെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത് ശരിയായ രീതിയാണോ എന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ജവഹര്‍ സിര്‍ക്കാറിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറും കോടതിയും തമ്മില്‍ ഈ കാര്യത്തില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. സിര്‍ക്കാറിന്റെ ചോദ്യങ്ങള്‍ക്ക് മുന്‍ ബ്യൂറോക്രാറ്റിനോട് നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് പറയേണ്ട ആവശ്യമില്ലെന്ന് കിരണ്‍ റിജിജു പറഞ്ഞു.
‘ജനാധിപത്യത്തില്‍ വിരുദ്ധാഭിപ്രായങ്ങള്‍ക്ക് സ്ഥാനമുണ്ട്. കുടുംബത്തിനുള്ളിലും പാര്‍ട്ടിക്കുള്ളിലുമൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികം. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും അത് പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ ചോദ്യം എന്തെങ്കിലും കണക്കുകളോ തെളിവുകളോ അടിസ്ഥാനമാക്കിയുള്ളതായിരുന്നില്ല.
നിലവില്‍ വ്യത്യസ്ത കോടതികളിലായി 210 ഒഴിവുകളാണുള്ളത്. ഈ ഒഴിവുകളെ കുറിച്ചുള്ള നിര്‍ദ്ദേശം നമുക്ക് ലഭിച്ചിട്ടില്ല. ജഡ്ജി നിയമനത്തില്‍ മൂന്ന് അംഗ കൊളീജിയം ജഡ്ജിമാരുടെ പേരുകള്‍ ശുപാര്‍ശ ചെയ്താല്‍ അത് വ്യവസ്ഥാപിത നടപടിക്രമങ്ങള്‍ അനുസരിച്ച് പാലിക്കപ്പെടും,’ അദ്ദേഹം പറഞ്ഞു.
സിര്‍ക്കാറിന്റെ ചോദ്യങ്ങള്‍ക്ക് സഭാ നേതാവ് പിയൂഷ് ഗോയലും മറുപടി നല്‍കി. ഓരോന്നിനും ഓരോ രീതിയുണ്ട്. ബഹുമാനപ്പെട്ട ജഡ്ജി നിയമിതയായത് കൃത്യമായ പ്രക്രിയയിലൂടെയാണ്. ഈയൊരു വിഷയത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഈ രീതിയില്‍ പെരുമാറരുതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
ഒരു സംസ്ഥാനത്തിന്റെ മൂന്ന് തൂണുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പരസ്പര ബഹുമാനമുണ്ടായിരിക്കണമെന്നും രാജ്യസഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറും കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ പരമോന്നത സുപ്രീം കോടതി ഇടപ്പെട്ടിരുന്നെന്നും ഇത് ഇനി ചര്‍ച്ച ചെയ്യേണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു. സഭയില്‍ നിലവിലില്ലാത്തൊരാളെ കുറിച്ചാണ് താങ്കള്‍ സംസാരിക്കുന്നതെന്നും ടി.എം.സി നേതാവിനെ ധന്‍കര്‍ കുറ്റപ്പെടുത്തി.
മഹിളാ മോര്‍ച്ച മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ വിക്ടോറിയ ഗൗരിയെ അഡീഷണല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിക്ടോറിയ ഗൗരി വിദ്വേഷപ്രചാരണം നടത്തിയിരുന്നു. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഒരു പോലെ അപകടകാരികളാണെന്നും അതില്‍ കൂടുതല്‍ അപകടകാരികള്‍ ക്രിസ്ത്യന്‍ വിഭാഗമാണെന്നും വിക്ടോറിയ ഗൗരി പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങളൊക്കെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് മദ്രാസ് ഹൈക്കോടതി അഭിഭാഷകര്‍ നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിക്കവേയായിരുന്നു വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത്.
content highlight: No one should criticize Victoria Gowrie’s appointment’; Law Minister in Lok Sabha