പട്ന: ബീഹാറിലെ ഹില്‍സ നിയമസഭാ സീറ്റില്‍ ജെ.ഡി.യു സ്ഥാനാര്‍ത്ഥിയുടെ വിജയം വെറും 12 വോട്ടുകള്‍ക്ക്.
ജെ.ഡി.യുവിന്റെ കൃഷ്ണമുരാരി ശരണ്‍ 61,848 വോട്ടുകള്‍ നേടിയപ്പോള്‍ ആര്‍.ജെ.ഡിയുടെ ശക്തി സിങ് യാദവിന് 61,836 വോട്ടുകളാണ് ലഭിച്ചത്. വെറും 12 വോട്ടുകളുടെ അപ്രതീക്ഷിത ജയമാണ് ഇവിടെ ജെ.ഡി.യു നേടിയെടുത്തത്.
വോട്ടെണ്ണല്‍ അനന്തമായി നീണ്ടതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആര്‍.ജെ.ഡി രംഗത്തെത്തിയിരുന്നു. മാത്രമല്ല തങ്ങള്‍ വിജയിച്ച മണ്ഡലം പിന്നീട് ചില കളികള്‍ നടത്തി ജെ.ഡി.യുവിന് അനുകൂലമാക്കിയെന്ന ആരോപണവും ആര്‍.ജെ.ഡി നടത്തിയിരുന്നു.
‘ഹില്‍സ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി ശക്തി സിങ് 547 വോട്ടുകള്‍ക്ക് വിജയിച്ചതായി റിട്ടേണിംഗ് ഓഫീസര്‍ പ്രഖ്യാപിച്ചിരുന്നു. വിജയിയായി പ്രഖ്യാപിച്ച ശേഷം സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാത്തിരിക്കാനും അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ റിട്ടേണിംഗ് ഓഫീസര്‍ക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് ഒരു കോള്‍ ലഭിച്ചു,
പോസ്റ്റല്‍ ബാലറ്റുകള്‍ റദ്ദാക്കിയതോടെ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിക്ക് 13 വോട്ടുകള്‍ നഷ്ടപ്പെട്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച അറിയിപ്പ്” ആര്‍.ജെ.ഡി ട്വീറ്റില്‍ ആരോപിച്ചു.
എന്നാല്‍ ഇതിന് പിന്നാലെ ഈ വാദം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. ആരുടേയും സമ്മര്‍ദത്തിലല്ല വിജയിയെ പ്രഖ്യാപിച്ചത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
വോട്ടെടുപ്പ് പാനല്‍ കണക്കനുസരിച്ച് ജെ.ഡി.യുവിന്റെ കൃഷ്ണമുരാരി ശരണിന് 232 പോസ്റ്റല്‍ വോട്ടുകളും ആര്‍.ജെ.ഡിയുടെ ശക്തി സിംഗ് യാദവിന് 233 വോട്ടുകളുമാണ് ലഭിച്ചത്.
2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തി സിങ് യാദവ് 26076 വോട്ടിന്റെ മാര്‍ജിനില്‍ ഇവിടെ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ 12 വോട്ടുകളുടെ വ്യത്യാസത്തില്‍ മണ്ഡലം നഷ്ടപ്പെടുകയായിരുന്നു ആര്‍.ജെ.ഡിക്ക്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക