കൊച്ചി: മഹേഷ് നാരായണന്‍ ചിത്രം മാലികിലെ നിമിഷ സജയന്‍ അവതരിപ്പിച്ച റോസ്‌ലിന്‍ എന്ന കഥാപാത്രത്തെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
മലയാളത്തില്‍ നിമിഷയുടെ ഗ്രാഫ് ഒന്നുകൂടി ഉയര്‍ത്തിയ ചിത്രമാണ് മാലിക് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആദ്യം ചിത്രം മുതല്‍ അഭിനയത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത നടിയാണ് നിമിഷയെന്ന് പലരും അഭിപ്രായപ്പെട്ടു.
ഈ സാഹചര്യത്തില്‍ ആദ്യ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെ അഭിനയ അനുഭവത്തെപ്പറ്റി പറയുന്ന നിമിഷയുടെ വീഡിയോ ആരാധകര്‍ക്കിടയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.
മികച്ച പുതുമുഖ നടിയ്ക്കുള്ള വനിതാ പുരസ്‌കാര വേദിയില്‍ വെച്ചുള്ള നിമിഷയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയിലേയും നാടന്‍ പെണ്‍കുട്ടിയുടെ വേഷം നിമിഷയ്ക്ക് അനുയോജ്യമാകുമെന്ന് ദിലീഷ് പോത്തന്‍ എങ്ങനെ കണ്ടെത്തിയെന്ന് തോന്നുന്നു എന്ന ചോദ്യത്തിന് നിമിഷ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
‘ദിലീഷേട്ടന് എങ്ങനെ അങ്ങനെ തോന്നിയെന്ന് ഞാനും ആലോചിച്ചിട്ടുണ്ട്. ഷൂട്ടിന്റെ ആദ്യ ദിവസം ദിലീഷേട്ടന്‍ എന്നോട് നടന്നുവരാന്‍ പറഞ്ഞു.
ചെക്കന്‍മാരുടെ പോലെയായിരുന്നു ഞാന്‍ നടന്നുവന്നത്. അപ്പോള്‍ പോത്തേട്ടന്‍ പറഞ്ഞു മോളേ പെണ്ണുങ്ങള്‍ നടക്കുന്ന പോലെ നടക്കുവോ എന്ന്. അങ്ങനെ പോത്തേട്ടന്‍ പറഞ്ഞ് പറഞ്ഞ് മാറ്റിയതാ,’ നിമിഷ സജയന്‍ പറഞ്ഞു.