അന്താരാഷ്ട്ര ടി-20യിലെ വേഗമേറിയ സെഞ്ച്വറി നേട്ടത്തിന് ഉടമയായി നമീബിയയുടെ നിക്കോള്‍ ലോഫ്റ്റി-ഈറ്റണ്‍. ട്രൈ നേഷന്‍ സീരീസില്‍ നേപ്പാളിനെതിരായ മത്സരത്തിലാണ് നമീബിയയുടെ അഞ്ചാം നമ്പര്‍ ബാറ്റര്‍ ഐതിഹാസിക നേട്ടം സ്വന്തമാക്കിയത്.
നേരിട്ട 33ാം പന്തിലാണ് നിക്കോള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 11 ബൗണ്ടറിയും എട്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്‍രെ ഇന്നിങ്‌സ്.
മുമ്പ് ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള നേപ്പാളിന്റെ കുശാല്‍ മല്ലയെ സാക്ഷിയാക്കിക്കൊണ്ടാണ് ഈറ്റണ്‍റെക്കോഡ് തന്റെ പേരിലെഴുതിച്ചത്. 34 പന്തില്‍ സെഞ്ച്വറി നേടിയ മല്ലയുടെ പേരിലായിരുന്നു ഇതിന് മുമ്പ് ഈ നേട്ടമുണ്ടായിരുന്നത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നമീബിയ നിക്കോളിന്റെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി. 48 പന്ത് നേരിട്ട് പുറത്താകാതെ 59 റണ്‍സ് നേടിയ ഓപ്പണര്‍ മലന്‍ ക്രൂഗറാണ് നമീബിയന്‍ സ്‌കോറിങ്ങില്‍ നിര്‍മായകമായത്.
നേപ്പാളിനായി ക്യാപ്റ്റന്‍ രോഹിത് പൗഡല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കരണ്‍ കെ.സിയും അഭിനാഷ് ബോഹറയും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് ആദ്യ പന്തില്‍ തന്നെ കുശാല്‍ ഭര്‍ട്ടലിനെ നഷ്ടമായി. ആറ് പന്തില്‍ ആറ് റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്ഖും പെട്ടെന്ന് കൂടാരം കയറി.
ഇവര്‍ക്ക് പിന്നാലെയെത്തിയവരില്‍ മറ്റാര്‍ക്കും തന്നെ ചെറുത്ത് നില്‍ക്കാന്‍ സാധിച്ചില്ല. ഒമ്പാതാം നമ്പറിലിറങ്ങി 11 പന്തില്‍ 26 റണ്‍സ് നേടിയ സോംപാല്‍ കാമിയുടെ പോരാട്ടവും പാഴായി.
ഒടുവില്‍ 18.5 ഓവറില്‍ 186ന് ടീം ഓള്‍ ഔട്ടായി.
നേപ്പാളിനായി റൂബന്‍ ട്രംപല്‍മാന്‍ നാല് വിക്കറ്റ് നേടി കരുത്ത് കാട്ടി. ജാന്‍ ഫ്രൈലിങ്ക്, നിക്കോള്‍ ലോഫ്റ്റി ഈറ്റണ്‍, ബെര്‍ണാര്‍ഡ് ഷോള്‍ട്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി നേപ്പാളിന്റെ തോല്‍വി ഉറപ്പാക്കുകയായിരുന്നു.
Content highlight: Nicol Loftie-Eaton smashes fastest century in T20I