ഇടുക്കി; ഭീതിയുടെ പ്രളയം നിറക്കുന്ന വാര്‍ത്തകളല്ല, വേണ്ടത് ജാഗ്രത
Environment
ഇടുക്കി; ഭീതിയുടെ പ്രളയം നിറക്കുന്ന വാര്‍ത്തകളല്ല, വേണ്ടത് ജാഗ്രത
ജിതിന്‍ ടി പി
Tuesday, 31st July 2018, 2:50 pm

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതില്‍ ജനങ്ങള്‍ പരിഭ്രാന്തരാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുകയും ഷട്ടറുകള്‍ തുറന്നുവിടേണ്ട സാഹചര്യവുമാണ് ഉണ്ടാക്കുന്നത്. എന്നാല്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചാണ് ഭരണകൂടം സ്ഥിതിയെ നേരിടുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയും ജില്ലാ ഭരണകൂടവും ആളുകള്‍ക്ക് കൃത്യമായ മുന്നറിയിപ്പുകളും നിര്‍ദ്ദേശവും നല്‍കുന്നുണ്ടെങ്കിലും ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരക്കുന്നുണ്ട്.

വരാനിരിക്കുന്നത് വന്‍ ദുരന്തമെന്നും പ്രളയമെന്നും തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ ഷട്ടര്‍ ഒറ്റയടിക്ക് തുറന്നാല്‍ മാത്രമെ ഇത്തരത്തിലുള്ള പ്രളയത്തിന് സാധ്യതയൊള്ളൂവെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു.

 

ഷട്ടര്‍ ഒറ്റയടിക്ക് തുറന്നാല്‍ ഒരുപക്ഷെ പ്രളയമുണ്ടാകും. ഒരിക്കലും ഷട്ടര്‍ ഇങ്ങനെ തുറക്കില്ല. ഘട്ടം ഘട്ടമായാണ് ഷട്ടര്‍ തുറക്കുന്നത്. ഇത് പ്രകാരം വെള്ളം ഒറ്റയടിക്ക് വരുന്ന സാഹചര്യമുണ്ടാകില്ല. ആളുകള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല.” -എം.എം മണി പറഞ്ഞു.

ALSO READ: മാതൃഭൂമിയിലെ സ്ത്രീവിരുദ്ധതയുടെ വാരിക്കുഴികള്‍

അതേസമയം കൃത്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും പറഞ്ഞു. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ” എല്ലാ സജ്ജീകരണങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഭീതി പരത്തുന്നതില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണം. സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും സഹകരിക്കാനും ജനങ്ങള്‍ തയ്യാറാകണം.”- മന്ത്രി കൂട്ടിച്ചേര്‍ത്തു.

എം.എം മണി

എന്നാല്‍ മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത ജനങ്ങളെ പരിഭ്രാന്തിയുടെ പരകോടിയിലെത്തിക്കുന്നതാണ്. “ഡാം തുറന്നാല്‍ ഒരു നിമിഷം പ്രളയം എല്ലാം വിഴുങ്ങും; ചത്തൊടുങ്ങുക നിരവധി ജീവനുകള്‍” എന്ന തലക്കെട്ടില്‍ ഇന്നലെ മനോരമ നല്‍കിയ വാര്‍ത്ത ആളുകളെ പരിഭ്രാന്തരാക്കുന്നതാണ്. ഈ വാര്‍ത്തയുടെ ചുവടുപിടിച്ച് സമൂഹമാധ്യമങ്ങളിലടക്കം ഭീതി പരത്തുന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് വന്നത്. അണക്കെട്ട് തുറന്നാല്‍ ഇടുക്കി ജില്ലയെ മാത്രമല്ല എറണാകുളം ജില്ലയേയും നെടുമ്പാശ്ശേരി വിമാനത്താവളത്തേയും സാരമായി ബാധിക്കുമെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.

ALSO READ: അഭിമന്യുമാര്‍ ഇനിയും ജീവിച്ചിരിപ്പുണ്ട്

എന്നാല്‍ ഇത്തരത്തില്‍ സംഭവിക്കണമെങ്കില്‍ ഇടുക്കി അണക്കെട്ടില്‍ നിന്ന് നിയന്ത്രണമില്ലാതെ വെള്ളം തുറന്നുവിടേണ്ടിവരും. ഇങ്ങനെയാണെങ്കിലും പുഴയിലേക്ക് ഇറക്കി നിര്‍മിച്ചതോ പുഴയോരത്തുള്ളതോ ആയ കെട്ടിടങ്ങളില്‍ മാത്രമേ വെള്ളം കയറാന്‍ എന്തെങ്കിലും സാധ്യതയുള്ളു. മാത്രമല്ല അതിനുമാത്രം വെള്ളം ഇടുക്കിയില്‍ നിന്ന് തുറന്നുവിടപ്പെടാന്‍ സാധ്യതയും കുറവാണ്.

മനോരമ ഓണ്‍ലൈനില്‍ ജൂലൈ 30 ന് വന്ന റിപ്പോര്‍ട്ട്

ഇടുക്കി ജലസംഭരണിയില്‍ നിന്ന് മൂലമറ്റം പവര്‍ ഹൗസിലേക്കുള്ള പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴി പരമാവധി വെള്ളം ഇപ്പോള്‍തന്നെ തുറന്നുവിട്ടിട്ടുണ്ടെന്നിരിക്കെ സമുദ്രനിരപ്പില്‍ നിന്ന് 2400 അടിയായി ജലനിരപ്പ് നിജപ്പെടുത്തി അതിലധികം വരുന്ന വെള്ളം മാത്രമേ തുറന്നുവിടുകയുള്ളുവെന്നാണ് വിവരം. അതും പരമാവധി വൈദ്യുതി ഉല്‍പാദിപ്പിച്ചതിനു ശേഷം.

മാത്രമല്ല കോട്ടയം, പെരിയാര്‍, കുമരകം എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന തരത്തിലും അണക്കെട്ട് തുറന്നാല്‍ മീനുകള്‍ വ്യാപകമായി ഒഴുകി വരുമെന്നുമുള്ള നിറമുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇതിനായി ആളുകള്‍ കൂട്ടത്തോടെ വരുമെന്നും അപകടമുണ്ടാകുമെന്നുമുള്ള കേവല ബോധ്യം പോലുമില്ലാതെയാണ് വാര്‍ത്തകള്‍ പടച്ചുവിടുന്നത്.

വയനാട്ടില്‍ ബാണാസുരസാഗര്‍ അണക്കെട്ടും കാരാപ്പുഴയും തുറന്നപ്പോള്‍ മീനുകളുടെ പ്രളയമായിരുന്നു. 40 കിലോയിലധികം വരുന്ന മീനുകളായിരുന്നു വെള്ളത്തോടൊപ്പം കുതിച്ചെത്തിയത്. അന്ന് വയനാട്ടുകാര്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ കോഴിക്കോടുനിന്നും കണ്ണൂരില്‍നിന്നും മലപ്പുറത്തുനിന്നുമൊക്കെ ആളുകളെത്തിയിരുന്നു. അതേ അവസ്ഥയാണ് ഇപ്പോള്‍ ഇടുക്കിയിലെ ചെറുതോണി ടൗണിലും. ഇടുക്കി അണക്കെട്ട് തുറക്കുമെന്ന് അറിഞ്ഞതു മുതല്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ മീന്‍ ചാകര പ്രതീക്ഷിച്ച് തമ്പടിച്ചിരിക്കുകയാണ്. മീന്‍ പിടിക്കാന്‍ എല്ലാവിധ സന്നാഹങ്ങളോടും കൂടിയാണ് ഇവരുടെ വരവ്.

ഇതുകൊണ്ട് തന്നെയാണ് ജനങ്ങളുടെ സഹകരണം മന്ത്രിമാരടക്കം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. ഭീതി പരത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകളിലാണ് അപകടം പതിയിരിക്കുന്നത്.

ജലസംഭരണിയുടെ മുകളിലേക്കെത്തുംതോറും വിസ്താരം വര്‍ധിക്കുന്നതിനാല്‍ തന്നെ നീരൊഴുക്ക് ക്രമാനുഗതമായി വര്‍ധിച്ചാല്‍ മാത്രമേ ജലസംഭരണിയിലെ ജലനിരപ്പും ഉയരുകയുള്ളു. ജലസംഭരണിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ ഇപ്പോഴത്തെ രീതിയില്‍ മഴ തുടരുകയും നീരൊഴുക്ക് കുറയാതിരിക്കുകയും ചെയ്താല്‍ മാത്രമേ അണക്കെട്ട് തുറന്നുവിടുന്ന സാഹചര്യം ഉണ്ടാകുകയുള്ളു.

ALSO READ: ലൈംഗികാതിക്രമം തുറന്ന് പറയാം.. അതിജീവിക്കാം.. ഇതാ വഴിയൊരുങ്ങുന്നു

ഏത് അടിയന്തര സാഹചര്യം നേരിടാനും അധിതൃതര്‍ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രതിപക്ഷവും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. അതിനിടയില്‍ ഇത്തരം വാര്‍ത്തകള്‍ ജനങ്ങളില്‍ ഭീതി വളര്‍ത്താനും മുന്നൊരുക്കങ്ങളെ തടസപ്പെടുത്താനുമേ സഹായിക്കൂവെന്നും ജനങ്ങള്‍ സഹകരിക്കണമെന്നുമാണ് റവന്യൂ മന്ത്രി പറയുന്നത്.

ചെറുതോണിയിലും പെരിയാറിന്റെ തീരത്തുള്ള കരിമണല്‍ വൈദ്യുത നിലയം വരെയുള്ള പ്രദേശത്തുമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിടുമ്പോള്‍ ഏറ്റവു കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതെന്നാണ് വിലയിരുത്തല്‍. ഷട്ടറുകള്‍ തുറന്നു വിടുമ്പോഴുള്ള നാശനഷ്ടങ്ങള്‍ നേരിടാന്‍ ജില്ലാ ഭരണകൂടം എല്ലാവിധ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞിരിക്കുകയാണ്.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമൊന്നുമല്ല. ഇതിനു മുമ്പും ഇടുക്കിയില്‍ ഡാം ഷട്ടറുകള്‍ തുറന്നുവിട്ട സാഹചര്യങ്ങളെ ജനങ്ങള്‍ പക്വതയോടെ നേരിട്ടിട്ടുണ്ട്.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.