ഇരുപത് രൂപയുടെ പുതിയ നോട്ടുകൾ റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കും
national news
ഇരുപത് രൂപയുടെ പുതിയ നോട്ടുകൾ റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th April 2019, 5:29 pm

ന്യൂദൽഹി: വൻ മാറ്റങ്ങളോടെ പുതിയ ഇരുപത് രൂപ നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്നു. പുതിയ ഫീച്ചറുകയോടെയാണ് പുതിയ നോട്ട് പുറത്തിറക്കുകയെന്നും പുതിയ ആർ.ബി.ഐ. ഗവർണറായ ശക്തികാന്ത ദാസിന്റെ ഒപ്പാകും നോട്ടുകളിൽ ഉണ്ടാവുകയെന്നും റിസർവ് ബാങ്ക് പറയുന്നു. പുതിയ 20 രൂപ നോട്ടിന് പച്ചകലർന്ന മഞ്ഞ നിറമായിരിക്കും.നോട്ടിന്റെ പുറകിൽ എല്ലോറ ഗുഹകളുടെ ചിത്രവും അച്ചടിക്കും.

ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെ കണക്കിലെടുത്താണ് ഈ ചിത്രം നൽകുന്നതെന്നും ആർ.ബി.ഐ. പറയുന്നു. പഴയ 20 രൂപ നോട്ടുകൾ തുടർന്നും ഉപയോഗിക്കാനാവുമെന്നും റിസർവ് ബാങ്ക് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ‘പച്ച കലർന്ന മഞ്ഞ നിറത്തിലാകും പുതിയ നോട്ടുകൾ പുറത്തിറങ്ങുക. പിറകിലും മുൻവശത്തുമായി വ്യത്യസ്ത ഡിസൈനുകളും നോട്ടിന്റെ നിറവുമായി ചേരുന്ന തരത്തിലുള്ള ചിത്രങ്ങളും ഉണ്ടാകും.

നോട്ടിൽ ഗാന്ധിജിയുടെ ചിത്രം നടുക്കായിട്ടായിരിക്കും ഉണ്ടാവുക. അതിന്റെ അടുത്ത തന്നെയായി അശോക മുദ്രയും ഉണ്ടാകും. പുതിയ നോട്ടിലെ സെക്യൂരിറ്റി ത്രെഡിൽ ലോഹം അടങ്ങിയിട്ടില്ല.’ ആർ.ബി.ഐ. പറഞ്ഞു. 2016 നവംബർ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് ശേഷം, പല ഡിനോമിനേഷനുകളിലായി നിരവധി നോട്ടുകൾ പുറത്തിറങ്ങുകയുണ്ടായി. പുതിയ 500, 2000 നോട്ടുകൾക്ക് പുറമെ ആയിരുന്നു ഇത്. 10, 50,100,200, 500 എന്നീ നോട്ടുകളുടെ പുതിയ പതിപ്പുകൾ പിന്നീടാണ് പുറത്തിറങ്ങുന്നത്.

2016 നവംബറിന് ‘മഹാത്മാ സീരിസി’ന്റെ ഭാഗമായാണ് ആർ.ബി.ഐ. ഈ പുതിയ നോട്ടുകൾ പുറത്തിറക്കി തുടങ്ങുന്നത്. മാർച്ച് 2018 മുതലുള്ള കണക്കനുസരിച്ച് സർക്കുലേഷനിലുള്ള നോട്ടുകളുടെ 9.8 ശതമാനമാണ് 20 രൂപ നോട്ടുകൾ. 2016ലെ കണക്കനുസരിച്ച്‌ സർക്യൂലേഷനിൽ ഉണ്ടായിരുന്ന നോട്ടുകളുടെ എണ്ണം 4.92 ബില്ല്യൺ ആയിരുന്നു. മാർച്ച് 2018ഓടെ ഇത് 10 ബില്ല്യൺ ആയി വർധിച്ചു.