'വെള്ളിയാഴ്ച പൊതുപരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല'; മാധ്യമങ്ങളിലെ വാർത്ത തെറ്റെന്ന് സത്താർ പന്തല്ലൂർ
തിരുവനന്തപുരം: വെള്ളിയാഴ്ചകളിൽ പൊതുപരീക്ഷ ഒഴിവാക്കണമെന്ന ആവശ്യം മുസ്‌ലിം സംഘടനകൾ ഉന്നയിച്ചു എന്ന 24ന്യൂസ് വാർത്ത തെറ്റാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ.
വെള്ളിയാഴ്ച ദിവസങ്ങളിൽ പരീക്ഷ മാറ്റിവെക്കണമെന്ന് ഇതുവരെ ഒരു മുസ്‌ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ലെന്നും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് തടസമാകാത്ത രീതിയിൽ സമയം ക്രമീകരിക്കണമെന്ന് മാത്രമാണ് പൊതുവെ ആവശ്യപ്പെടാറുള്ളത് എന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.
‘മുസ്‌ലിം സമുദായത്തിൻ്റെ ആവശ്യങ്ങൾ സമുദായം പോലും ചിന്തിക്കുന്നതിന് മുമ്പ് പൊതുജനമധ്യേ അവതരിപ്പിക്കാൻ 24 ചാനൽ കാണിക്കുന്ന ഉത്സാഹം അഭിനന്ദിക്കാതെ വയ്യ.
പക്ഷെ ഇത്രക്ക് വേണ്ടായിരുന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ പരീക്ഷ മാറ്റിവെക്കണമെന്ന് ഇന്ന് വരെ ഒരു മുസ്‌ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് തടസ്സമുണ്ടാവുന്ന രീതിയിൽ പരീക്ഷ വന്നാൽ അതിൻ്റെ സമയം ക്രമീകരിക്കണമെന്ന് ആവശ്യപ്പെടാറുണ്ടന്ന് മാത്രം,’ അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച സ്കൂൾ കായിക മേള നടത്തരുതെന്ന് തലശ്ശേരി അതിരൂപത കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിന് തൂക്കമൊപ്പിക്കാൻ മാധ്യമങ്ങൾ ഇങ്ങനെ ചെയ്യുന്നത് മോശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘കഴിഞ്ഞ ദിവസം വന്ന തലശ്ശേരി അതിരൂപതയുടെ പ്രസ്താവനക്ക് തൂക്കമൊപ്പിക്കാൻ ഇത്തരം വൃത്തികേടുകളുമായി പത്രപ്രവർത്തകർ തന്നെ വരുന്നത് മോശമാണ്. മുസ്‌ലിം സംഘടനകൾ അവരുടെ ആവശ്യങ്ങൾ പറയുമ്പോൾ വളച്ചു കെട്ടില്ലാതെ കൊടുത്താൽ മതി. വെറുതെ മുറത്തിൽ കേറി കൊത്താൻ വരരുത്,’ അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച സർക്കാർ വിളിച്ചുചേർത്ത ന്യൂനപക്ഷ സംഘടനകളുടെ യോഗത്തിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ പരീക്ഷ മാറ്റിവെക്കണമെന്ന് മുസ്‌ലിം സംഘടനകൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടർ ചാനൽ, 24 ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlight: Never asked to postpone exams on Fridays, says Sathar Panthalloor