ഇസ്രഈല്‍ സേന എങ്ങനെ പ്രവർത്തിക്കണമെന്നുള്ളത് ഞങ്ങളുടെ തീരുമാനം; സൈനിക നടപടികളില്‍ യു.എസ് സ്വാധീനമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നെതന്യാഹു
World News
ഇസ്രഈല്‍ സേന എങ്ങനെ പ്രവർത്തിക്കണമെന്നുള്ളത് ഞങ്ങളുടെ തീരുമാനം; സൈനിക നടപടികളില്‍ യു.എസ് സ്വാധീനമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th December 2023, 5:38 pm

ടെല്‍ അവീവ്: ഗസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് പിന്മാറാന്‍ അമേരിക്ക ഇസ്രഈലി സര്‍ക്കാരിന് മേല്‍ സ്വാധീനം ചെലുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രതിവാര ക്യാബിനറ്റ് യോഗത്തില്‍ ഇസ്രഈല്‍ ഗസക്കെതിരെയുള്ള സൈനിക പ്രവര്‍ത്തനം വിപുലീകരിക്കരുതെന്ന് വാഷിങ്ടണ്‍ സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

‘ഗസയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇസ്രഈലിനെ യു.എസ് തടസപ്പെടുത്തിയെന്നും തടയുമെന്നും അവകാശപ്പെടുന്ന തെറ്റായ വാര്‍ത്തകള്‍ ഞാന്‍ കണ്ടു, അവയൊന്നും ശരിയല്ല. ഇസ്രഈല്‍ ഒരു പരമാധികാര രാഷ്ട്രമാണ്. യുദ്ധവുമായി സംബന്ധിച്ച തീരുമാനങ്ങള്‍ രാജ്യത്തിന്റെ താത്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അവ എന്തൊക്കെയാണെന്ന് ഞാന്‍ വിശദീകരിക്കില്ല,’ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്രഈലിന്റെ പ്രവര്‍ത്തനങ്ങള്‍ ബാഹ്യ സമ്മര്‍ദങ്ങളാല്‍ നിര്‍ണയിക്കപെട്ടതല്ലെന്ന് നെതന്യാഹു കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ സേനയെ എങ്ങനെ ഉപയോഗിക്കണമെന്നുള്ളത് ഐ.ഡി.എഫിന്റെ സ്വതന്ത്ര തീരുമാനമാണെന്നും മറ്റാരുടേതല്ലെന്നും നെതന്യാഹു പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് സമാനമായി ലെബനനിലെ ഹിസ്ബുള്ളയെ ആക്രമിക്കരുതെന്ന് നെതന്യാഹുവിനെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രേരിപ്പിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫലസ്തീന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് ഗസയില്‍ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയ ഫലസ്തീനികളുടെ ആകെ എണ്ണം 20,258 ആയി വര്‍ധിച്ചുവെന്നും പരിക്കേറ്റവരുടെ എണ്ണം 53,688 ആയെന്നുമാണ് വ്യക്തമാവുന്നത്.

Content Highlight: Netanyahu denies reports of US influence in military operations